ലണ്ടൻ: യുകെയിലെ റോഥർഹാമിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ഞാറയിൽകോണം സ്വദേശി വൈഷ്ണവ് വേണുഗോപാൽ (26) ആണ് മരിച്ചത്. കെയർ ഹോം ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോഴാണ് വൈഷ്‌ണവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്‌ച വൈകിട്ട് സൗത്ത് യോർക്ഷെയറിലെ റോഥർഹാമിന് സമീപമുള്ള മെക്സ്ബറോയിലാണ് സംഭവം നടന്നത്.
ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മെക്‌സ്ബറോ പൊലീസ് ഉടൻ തന്നെ സ്‌ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിനാൽ ആത്മഹത്യയാകാം എന്നാണ് പ്രാഥമിക നിഗമനം. 2021 ഭാര്യ അഷ്‌ടമി സതീഷ് വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയതിനെ തുടർന്നാണ് വൈഷ്‌ണവും യുകെയിൽ എത്തുന്നത്. തുടർന്ന് രണ്ട് വർഷം മുൻപാണ് കെയർഹോമിൽ ഹെൽത്ത് കെയർ അസിസ്‌റ്റൻ്റ് വീസ ലഭിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് വൈഷ്‌ണവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി മെക്‌സ്ബറോ പൊലീസ് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുന്നത്.
ബന്ധുക്കൾ യുകെയിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടതോടെയാണ് യു.കെയിലെ മലയാളി സമൂഹം സംഭവം അറിയുന്നത്. വൈഷ്ണവിന്റെ ഭാര്യ അഷ്‌ടമി നിലവിൽ അവധിക്കായി നാട്ടിലാണ്. മൃതദേഹം ഡോൺകാസ്റ്റർ എൻഎച്ച്എസ് ഹോസ്‌പിറ്റലിൻ്റെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്‌ച പോസ്റ്റ്മോർട്ടം നടക്കുമെന്ന് പൊലീസ് അറിയിച്ചു. ചിറയിൻകീഴ് ഞാറയിൽകോണം കുടവൂർ വടക്കേവീട്ടിൽ വേണുഗോപാൽ-ബേബി ദമ്പതികളുടെ മകനാണ് വൈഷ്‌ണവ്. വിഷ്‌ണുവാണ് ഏക സഹോദരൻ.