ന്യൂഡൽഹി: ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് രാവിലെ 8:55 നാണ് ദൗത്യം പറന്നുയർന്നത്. യുഎസിന്റെ പുതുതലമുറ വാർത്താവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് 2 എന്ന ഉപഗ്രഹത്തെയാണ് ഇന്ത്യയുടെ റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിച്ചത്.
ബാഹുബലി എന്ന് വിശേഷണമുള്ള എൽവിഎമ്മിന്റെ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ദൗത്യമാണിത്. അമേരിക്കൻ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക്-2 എന്ന ഉപഗ്രഹമാണ് ഭ്രമണപഥത്തിലെത്തിയത്. എൽവിഎം 3 റോക്കറ്റിന്റെ വിക്ഷേപണ ചരിത്രത്തിൽ താഴ്ന്ന ഭൂ ഭ്രമണപഥത്തിൽ (എൽഇഒ) സ്‌ഥാപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് 6,100 കിലോഗ്രാം ഭാരമുള്ള ബ്ലൂബേർഡ്. 4,400 കിലോഗ്രാം ഭാരമുള്ള എൽവിഎം 3-എം5 കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് 03 ആയിരുന്നു ഇതിനു മുൻപുള്ള ഏറ്റവും ഭാരമേറിയ ഉപഗ്രഹം.
ഇസ്രോയും യുഎസ് ആസ്ഥാനമായുള്ള എഎസ്‌ടി സ്‌പേസ് മൊബൈലും തമ്മിൽ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായായിരുന്നു ദൗത്യം. സ്മാർട്ട് ഫോണുകളിലേക്കു ടവറിന്റെ സഹായമില്ലാതെ നേരിട്ട് അതിവേഗ സെല്ലുലാർ സിഗ്നലുകൾ നൽകാൻ രൂപകൽപ്പന ചെയ്ത ഉപഗ്രഹമാണു ബ്ലൂബേർഡ്. ഭൂമിയിലെ ഏറ്റവും വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും തടസ്സമില്ലാത്ത വീഡിയോ കോളുകളും വെബ് ബ്രൗസിംഗും ഇതോടെ സാധ്യമാകും.



