മുംബൈ: 60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു . ദമ്പതികൾ പതിവായി അന്താരാഷ്ട്ര യാത്രകൾ നടത്തുന്നതിനാലാണ് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഈ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട് ദമ്പതികൾ വ്യവസായി ദീപക് കോത്താരിയിൽ നിന്ന് 60 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.
വായ്പയും നിക്ഷേപ ഇടപാടും നടത്തി ഏകദേശം 60 കോടി രൂപയുടെ വഞ്ചന നടത്തിയതിന് ഓഗസ്റ്റ് 14-ന് ജുഹു പോലീസ് സ്റ്റേഷനിൽ നടിക്കും ഭർത്താവിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2015-നും 2023-നും ഇടയിൽ ബിസിനസ് വികസിപ്പിക്കാനെന്ന വ്യാജേന ദമ്പതികൾ തൻ്റെ കയ്യിൽ നിന്ന് 60 കോടി രൂപ വാങ്ങി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെലവഴിച്ചെന്നാണു വ്യവസായി ദീപക് കോത്താരിയുടെ ആരോപണം. തുടക്കത്തിൽ, ഈ തുക വായ്പയായി എടുക്കുകയാണെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു, എന്നാൽ പിന്നീട് നികുതി ലാഭിക്കാനുള്ള നിക്ഷേപമായി ഇത് കാണിച്ചു. ഈ തുകയ്ക്ക് 12 ശതമാനം വാർഷിക പലിശയും വാഗ്ദാനം ചെയ്തതായി കോത്താരി പറഞ്ഞു. ശിൽപ ഷെട്ടി തനിക്ക് രേഖാമൂലം ഗ്യാരണ്ടി നൽകിയിരുന്നതായും എന്നാൽ പിന്നീട് ശിൽപ കമ്പനിയുടെ ഡയറക്ടർ സ്ഥാനത്ത് നിന്ന് രാജിവച്ചതായും ദീപക് കോത്താരി പറഞ്ഞു. കമ്പനിക്കെതിരെ 1.28 കോടി രൂപയുടെ പാപ്പരത്ത കേസ് നടക്കുന്നുണ്ടെന്ന് വളരെ വൈകിയാണ് താൻ അറിഞ്ഞതെന്ന് കോത്താരി പറഞ്ഞു.
എന്നാൽ, ഈ ആരോപണങ്ങളെല്ലാം ശിൽപയും രാജും നിഷേധിച്ചു. തങ്ങളെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളാണിവയെന്ന് അവർ പറഞ്ഞു.