ന്യൂഡൽഹി: കെപിസിസി പുനസംഘടന പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. 13 വൈസ് പ്രസിഡന്റുമാർ, 59 ജനറൽ സെക്രട്ടറിമാർ എന്നിവരടങ്ങുന്നതാണ് പട്ടിക. വി.എ നാരായണൻ ആണ് ട്രഷറർ. നീണ്ടുനിന്ന ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് രാഷ്ട്രീയകാര്യ സമിതി അടക്കം വിപുലീകരിച്ചുകൊണ്ടുള്ള പട്ടിക എഐസിസി നേതൃത്വം പ്രസിദ്ധീകരിച്ചത്. പാർട്ടിയുടെ ഉന്നത സമിതികളിൽ തങ്ങൾ ഇല്ലെന്ന ജനപ്രതിനിധികളുടെ പരിഭവം തീർക്കാൻ ‘ഒരാൾക്ക് ഒരു പദവി’ വ്യവസ്ഥ വേണ്ടെന്ന് തീരുമാനിച്ചാണ് കെപിസിസിയുടെ ജംബോ പട്ടിക പുറത്തിറക്കിയത്.
എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ് എന്നിവരെ രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തി. മറ്റൊരു എംപിയായ ഹൈബി ഈഡൻ വൈസ് പ്രസിഡന്റായപ്പോൾ എംഎൽഎമാരായ എം.വിൻസെന്റ്, മാത്യു കുഴൽനാടൻ എന്നിവർ വൈസ് പ്രസിഡന്റുമാരായി. പരമാവധി ഗ്രൂപ്പ് താൽപര്യം സംരക്ഷിച്ചാണ് പട്ടിക പുറത്തിറക്കിയത്. ആര്യാടൻ ഷൗക്കത്താണ് ജനപ്രതിനിധി ആയ ഏക ജനറൽ സെക്രട്ടറി.
സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ലിജുവിനെ മാറ്റി വൈസ് പ്രസിഡന്റാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പലോട് രവിയെ കെപിസിസി വൈസ് പ്രസിഡന്റ്റായും നിയമിച്ചു. വി.എ നാരായണനാണ് കെപിസിസി ട്രഷറർ. പന്തളം സുധാകരൻ, സി.പി മുഹമ്മദ്, എ.കെ മണി എന്നിവരും പുതിയ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളാണ്. ടി.ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി ബൽറാം, വി.പി സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി. സുഗതൻ, രമ്യ ഹരിദാസ്, എം. ലിജു, എ.എ ഷുക്കൂർ, എം. വിൻസൻ്റ്, റോയ് കെ. പൗലോസ്, ജയ്സൺ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
പട്ടികയിൽ ഇടംപിടിച്ച ഭൂരിപക്ഷം പേരും 40 വയസ്സിനു മുകളിലുള്ളവരാണ്. ലാലി വിൻസന്റ്റിനും പദ്‌മജ വേണുഗോപാലിനും ശേഷം വൈസ് പ്രസിഡൻ്റാകുന്ന വനിതയാണ് രമ്യ ഹരിദാസ്. ഷാനിമോൾ ഉസ്‌മാൻ, ബിന്ദു കൃഷ്‌ണ എന്നിവരെ മറികടന്നാണ് രമ്യയ്ക്ക് വൈസ് പ്രസിഡൻ്റ് സഥാനം ലഭിക്കുന്നത്. ഷാനിമോളും ബിന്ദുകൃഷ്ണയും രാഷ്ട്രീയകാര്യ സമിതിയിൽ അംഗങ്ങളാണ്. രമ്യയെ കൂടാതെ 8 സ്ത്രീകൾക്ക് കൂടി ഭാരവാഹി പട്ടികയിൽ അവസരം ലഭിച്ചു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയർ ജനറൽ സെക്രട്ടറിയായി പട്ടികയിൽ ഇടംപിടിച്ചു. കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിക്കാതെയാണ് ഭാരവാഹി പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കിയിരിക്കുന്നത്. തൊണ്ണൂറോളം സെക്രട്ടറിമാരുടെ പ്രഖ്യാപനം തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് ഉണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്.