Mantis Partners Sydney
Mantis Partners Sydney
Home » കെ.പി.എ.സി. ലളിത: ഓർമ്മദിനം
കെ.പി.എ.സി. ലളിത: ഓർമ്മദിനം

കെ.പി.എ.സി. ലളിത: ഓർമ്മദിനം

by Editor
Send your news and Advertisements

കലാമണ്ഡലം, ആർ.എൽ.വി, മാർഗ്ഗി തുടങ്ങിയ പ്രസ്ഥാനങ്ങൾ പേരിനോട് ചേർത്തുപറയുന്ന കലാകാരന്മാർ/കലാകാരികൾ ധാരാളം. അതു പോലെ KPAC യെ പേരിനോട് കൂട്ടി ചേർത്തവരും നിരവധി പേർ. പേരിനോട് KPAC കൂട്ടിച്ചേർത്തവരിൽ ഏറ്റവുമധികം അറിയപ്പെട്ട, മഹേശ്വരി അമ്മ എന്ന KPAC ലളിത ഓർമ്മയായിട്ട് ഇന്ന് 4 വർഷം (2022 ഫെബ്രുവരി 22-ന് കൊച്ചിയിലെ തൃപ്പൂണിത്തുറയിൽ വെച്ച് അന്തരിച്ചു).

തിക്കുറിശ്ശി സുകുമാരൻ നായർ ധാരാളം നടീനടന്മാർക്ക് പേരിട്ടതുപോലെ മഹേശ്വരി അമ്മയെ KPAC ലളിതയാക്കിയത് തോപ്പിൽ ഭാസിയാണ്. തോപ്പിൽ ഭാസിയുടെ തിരക്കഥയിൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് 1969 നവംബർ 28 ന് പുറത്തുവന്ന കൂട്ടുകുടുംബം എന്ന ആദ്യ ചിത്രത്തിലൂടെ ആ പേരുകാരിയായി. തുടർന്ന് അഞ്ഞൂറിൽപ്പരം ചിത്രങ്ങളിലൂടെ എത്രയെത്ര കഥാപാത്രങ്ങൾ!

സഹോദരി, അമ്മ, അസൂയാലുവായ അയൽക്കാരി, ഏഷണിക്കാരി, അങ്ങനെ തമാശ നിറഞ്ഞതും ഗൗരവമേറിയതുമായ, നാം ഇഷ്ടപ്പെടുന്ന നിരവധി നിരവധി വേഷങ്ങൾ! എന്നാൽ ഈ അഭിനേത്രി ഒരിയ്ക്കൽ പറഞ്ഞതിങ്ങനെ “ഞാൻ അഭിനയിച്ചതിൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമുണ്ട്. ചക്രവാകത്തിലെ ഭ്രാന്തിപ്പാറു എന്ന കഥാപാത്രം”. 1974 ഓഗസ്റ്റ് 3 ന് പുറത്തു വന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കരുനാഗപ്പള്ളിയ്ക്ക് പടിഞ്ഞാറ് ആലുംകടവ് എന്ന സ്ഥലത്ത് നടക്കുമ്പോൾ അത് കാണാൻ പോയത് ഞാൻ ഓർക്കുന്നു. കരുനാഗപ്പള്ളി സ്കൂളിൽ പഠിയ്ക്കുമ്പോൾ: അന്ന് പ്രേം നസീറിനെ അടുത്തു കാണാനുള്ള ഭാഗ്യവുമുണ്ടായി.

ചക്രവാകത്തെക്കുറിച്ചു പറഞ്ഞ ലളിത ശാന്തം എന്ന ചിത്രത്തിലെ അഭിനയവും ഒരിക്കലും മറക്കാൻ പറ്റാത്തതാണെന്നും അഭിപ്രായപ്പെട്ടിരുന്നു.

സന്മനസ്സുള്ളവർക്ക് സമാധാനം, പൊന്മുട്ടയിടുന്ന താറാവ്, വിയറ്റ്നാം കോളനി, വടക്കുനോക്കിയന്ത്രം, സ്ഫടികം, തേന്മാവിൻ കൊമ്പത്ത്’….. അങ്ങനെ പറയാൻ തടങ്ങിയാൽ ഒത്തിരി ഒത്തിരി. ശബ്ദംകൊണ്ടുമാത്രം സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച മതിലുകളിലെ നാരായണിയെ മലയാളിക്ക് മറക്കാനാവില്ല. ഹാസ്യ വേഷങ്ങളിലും സ്വഭാവ നടിയായും ഒരുപോലെ തിളങ്ങിയ അവർ മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത സാന്നിധ്യമായി മാറി.

മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ട് തവണ നേടി (ചിത്രങ്ങൾ: അമരം (1990), ശാന്തം (2000)). കൂടാതെ നിരവധി തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നീലപ്പൊന്മാൻ (1975), ആരവം (1978), അമരം (1990), കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം തുടങ്ങിയ സിനിമകൾ കെ.പി.എ.സി ലളിതയെ അനശ്വരയാക്കി.

പ്രശസ്ത സംവിധായകൻ പരേതനായ ഭരതനായിരുന്നു ഭർത്താവ്. നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ, ശ്രീക്കുട്ടി എന്നിവർ മക്കളാണ്.

ആ തികഞ്ഞ കലാകാരിയുടെ ഓർമ്മകൾക്ക് പ്രണാമം…!

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

You may also like

error: Content is protected !!