കോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി (FCRA) ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെച്ചല്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പ്രസ്താവിച്ചു. വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിക്കെതിരെ യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണമെന്നും കിരൺ റിജിജു ആവശ്യപ്പെട്ടു. വിദേശ ഫണ്ടുകൾ മറ്റൊന്നിനും ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് നിയമം. നിയമവിരുദ്ധ നടപടികൾ തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കിരൺ റിജിജു പറഞ്ഞു.
ക്രിസ്‌ത്യൻ സ്ഥാപനങ്ങളെ നിയന്ത്രിക്കാനാണ് നിയമമെന്നത് ശുദ്ധ അസംബന്ധമാണ്. നിയമവിരുദ്ധ ഫണ്ടിംഗ് തടയുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് ഫണ്ടുകൾ ഉപയോഗിച്ചുവെന്ന പരാതികൾ ഉയർന്നിട്ടുണ്ട്. ഇതുകൊണ്ട് മാത്രമാണ് ചില നടപടികൾ എടുക്കുന്നതെന്നും ഒരു മത വിഭാഗത്തിനും എതിരല്ലെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.
പുതിയ ഭേദഗതിപ്രകാരം വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി നിശ്ചിത സമയപരിധിക്കുള്ളിൽ പുതുക്കാൻ കഴിയാതിരുന്നാലോ അപേക്ഷ നിരസിക്കപ്പെട്ടാലോ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെട്ടതായി കണക്കാക്കും. ഈ സാഹചര്യത്തിൽ വിദേശസ്ഥാപനങ്ങൾക്ക് ലഭിക്കുന്ന വിദേശ സംഭാവനകൾ കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന ഒരു അതോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് മാറ്റപ്പെടുമെന്നാണ് ആശങ്ക. നിർദ്ദിഷ്ട ഭേദഗതി രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും വിവിധ മതവിഭാഗങ്ങൾ നടത്തുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
എന്തെങ്കിലും തിരിമറികൾ നടത്തുന്ന സ്ഥാപനങ്ങൾക്കും അക്കൗണ്ടുകൾക്കും മാത്രമേ ആശങ്കപ്പെടെണ്ട കാര്യമുള്ളൂ എന്ന് അഡ്വ: ഷോൺ ജോർജ്.
FCRA നിയമ ഭേദഗതി എൻജിഒകൾക്ക് വരുന്ന വിദേശ നിക്ഷേപം നിയന്ത്രിക്കാൻ ഉദേശിച്ചുള്ളതാണ് എന്നും അതിൽ ക്രൈസ്‌തവ സഭകൾക്ക് യാതൊരു ആകുലതയും ആശങ്കയും ആവശ്യമില്ലന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. ഷോൺ ജോർജ്. ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളുമെല്ലാം കൃത്യമാണ്. എന്തെങ്കിലും വിധത്തിലുള്ള തിരിമറികൾ നടത്തുന്ന സ്ഥാപനങ്ങൾക്കും അക്കൗണ്ടുകൾക്കും മാത്രമേ ആശങ്കപ്പെടെണ്ട കാര്യമുള്ളൂ.
ചില എൻജിഒകൾ വഴി നമ്മുടെ നാട്ടിലേക്ക് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പണം എത്തുന്നുണ്ട്. അത്തരം സംഘടനകളെ നിയന്ത്രിക്കാൻ നിയമം വരുമ്പോൾ അത് ക്രൈസ്തവ സഭാ സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് എന്ന പ്രചാരണം നടത്തുന്നത് കോൺഗ്രസും ഇടതുപക്ഷവുമാണ്. നിയമം സംബന്ധിച്ച് ന്യൂനപക്ഷങ്ങൾക്കിടയിൽ അനാവശ്യ ഭീതി പടർത്തി തെറ്റിദ്ധാരണ പടർത്താനാണ് ഇവരുടെ ശ്രമം. നേരത്തെ പൗരത്വ ഭേദഗതി നിയമവും, വഖഫ് ഭേദഗതി നിയമവും വന്ന സമയത്തും ഇത്തരത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെട്ട ഇൻഡി മുന്നണി അനാവശ്യ ഭീതി പടർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഈ നിയമങ്ങളൊന്നും ഒരു ന്യൂനപക്ഷത്തിന് നേരേയുമുളള കടന്ന് കയറ്റമല്ലാ എന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുപോലെ തന്നെയാണ് എഫ്‌സിആർഎ ഭേദഗതി നിയമവും എന്ന് ഷോൺ പറഞ്ഞു.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിദേശ പണം സ്വീകരിക്കുന്ന ഏജൻസികളെ നിയന്ത്രിക്കേണ്ടതായിട്ടുണ്ട്. അതിനപ്പുറം ഇപ്പോൾ മാന്യമായി മുന്നോട്ട് പോകുന്ന സ്ഥാപനങ്ങളെയും അക്കൗണ്ടുകളെയും നിയന്ത്രിക്കാനുള്ളതല്ലാ ഈ നിയമമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിട്ടുണ്ട് എന്നും ഷോൺ ജോർജ് പറഞ്ഞു. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും താത്പര്യം സംരക്ഷിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ഉന്നത നേതൃത്വവുമായി സംസാരിച്ചു. രാജീവ് ചന്ദ്രശേഖർ വിഷയത്തിൽ ബിജെപി കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തി. ഏതെങ്കിലും വിധത്തിലുള്ള ആശങ്കകൾ ഉണ്ടെങ്കിൽ അത് പൂർണ്ണമായും പരിഹരിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു എന്നും അഡ്വ. ഷോൺ ജോർജ് പറഞ്ഞു.

