തിരുവനന്തപുരം: നവകേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിനെതിരായ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്തു കേരള സർക്കാർ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസമാണ് നവകേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം തടഞ്ഞുകൊണ്ടുള്ള ഉത്തരവിട്ടത്. രാഷ്ട്രീയ ക്യാംപയിനുകളുടെ മറവിൽ സർവേ പാടില്ലെന്ന് വ്യക്തമാക്കിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ക്യാംപയിൻ ഹൈക്കോടതി റദ്ദാക്കിയത്.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൽഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ പണം ചെലവഴിക്കുന്നുവെന്നാരോപിച്ചുള്ള ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. പാർട്ടി കേഡർമാരെ ഉപയോഗിച്ചുള്ള സർവ്വേയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ മുബാസ് ഓടക്കാലി എന്നിവർ നൽകിയ ഹർജിയിലായിരുന്നു നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ക്യാംപയിൻ സാമ്പത്തിക നിയമത്തിൻ്റെ വ്യതിചലനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒക്ടോബർ 29-ലെ മന്ത്രിസഭാ യോഗമാണ് നവകേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം എന്ന പേരിൽ സർവ്വേ നടത്താൻ തീരുമാനമെടുത്തത്. പരിശീലനം നേടിയ അയ്യായിരത്തോളം വൊളന്റിയർമാരിലൂടെ ഗൃഹസന്ദർശനം നടത്തി വിവരങ്ങൾ ശേഖരിക്കുന്ന പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ നവകേരള സർവേ. സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾക്ക് പറയാനുള്ളതു കേൾക്കാനുള്ള പദ്ധതി എന്ന നിലയ്ക്കായിരുന്നു നവകേരള സർവ്വേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.


