Thursday, November 13, 2025
Mantis Partners Sydney
Home » അവാർഡിന്റെ അതിർവരമ്പുകൾ…
അവാർഡിന്റെ അതിർവരമ്പുകൾ...

അവാർഡിന്റെ അതിർവരമ്പുകൾ…

by Editor

ഒരു സമൂഹത്തെ പുനരുദ്ധരിക്കേണ്ട സാമൂഹ്യ കലാ സാംസ്‌കാരിക രംഗത്തുള്ളവരുടെ മനഃ സാക്ഷി റബർ പന്തുപോലെ ഉരുളുകയാണ്. അധികാരമേധാവിത്വം ശക്തമായാൽ അത് ദേശീയ സാംസ്കാ രിക ബോധത്തെ അശക്തമാക്കും, അസ്ഥിരപ്പെടുത്തും. പതിറ്റാണ്ടുകളായി കേരളത്തിലെ നവോദ്ധാന നായകർ പടുത്തുയർത്തിയ സാമൂഹ്യ സാംസ്‌കാരിക പരിഷ്ക്കാരങ്ങളുടെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്നതിന്റെ അനുരണനങ്ങളാണ് വേടൻ എന്ന ഹിരൻ ദാസ് മുരളിക്ക് മികച്ച ഗാന രചനയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്ക്‌കാരം കൊടുത്തതിലൂടെ കണ്ടത്. അക്കാദമി അവാർഡുകൾ കരുത്തറ്റ ആത്മാവ് കുടികൊള്ളുന്ന കൃതികൾക്കാണോ കൊടുക്കുന്നതെന്ന ചോദ്യം എന്നും ഉയരുന്നുണ്ട്. വേടന് അവാർഡ് കൊടുത്തതിൽ സിനിമ വനിതാസംഘടന പ്രവർത്തകയായ ദീദി ദാമോദരൻ വുമൺ ഇൻ സിനിമ കോളേ ക്റ്റീവ് (wcc) ആവശ്യപ്പെട്ടത് ഫിലിം ജൂറി പെൺ കേരളത്തോട് മാപ്പ് പറയണമെന്നാണ്. ജൂറി മാത്രം മാപ്പ് പറഞ്ഞാൽ മതിയോ? കാവ്യവ്യവഹാരം വഴിമാറി സഞ്ചരിക്കുന്നത് കാലത്തിൻ്റെ മാറ്റമാണ്. എഴുതുന്നത് കാവ്യാത്മക സൗന്ദര്യ ശൈലിയിലല്ലെങ്കിലും അവർ സമൂഹത്തിന് ഒരു സന്ദേശം നൽകുന്നുണ്ട്. വേടൻ ആശയങ്ങളെ അലങ്കരിക്കുന്നത് നാടൻ ശബ്ദ പ്രയോഗങ്ങളുടെ അസാധാരണത്വം കൊണ്ടാണ്. അൻപൊടു കൊടുത്തു് അമൃത് വാങ്ങുന്ന പ്രയോജന വാദികളുടെ കലയിലെ വേഷങ്ങൾ സഹതാപത്തോടെ കണ്ടിരിക്കാം അല്ലെങ്കിൽ ഉപാസകരായി തുടരാം

വേടൻറെ ഒരു വരി ഗാനം ദീദി എഴുതിയത് ‘വിയർപ്പ് തുന്നിയിട്ട കുപ്പായം. ഇരുളിൻ്റെ മറവിൽ പരാ തിക്കാർക്കേറ്റ മുറിവിൽ നിന്നൊഴുകിയ ചോരയിൽ ആ പുരസ്‌കാരം ഒരന്യായമാണ്. ഒരു വാഴ്ത്തുപാട്ടുക ൾക്കും ആ പാതകം മായ്ക്കാൻ സാധിക്കില്ല’. വിശുദ്ധ വസ്ത്രധാരികളായവർ മറ്റുള്ളവരുടെ വിയർപ്പിൽ വിശക്കാതിരിക്കാനല്ലേ ദീദി ഈ വരം കൊടുക്കുന്നത്. വിയർത്തവൻ്റെ വിശപ്പിനല്ലേ രുചിയുള്ളത് വിയർത്തു പണിചെയ്യണമെന്ന് വിശുദ്ധവർഗ്ഗത്തിനറിയില്ല. ഇങ്ങനെ മതത്തിലും വരം, ശാപമോഷം തരുന്ന വിശുദ്ധരുണ്ട്. ഇരുളിൻ്റെ മറവിൽ ചോര വാർന്നത് ആരുടെ കുഴപ്പമാണ്? വില്ലിൻ്റെ ബലംപോലെയല്ലേ അമ്പിന്റെ പാച്ചിൽ. അത് തുളച്ചിറങ്ങിയാൽ ചോരയൊഴുകില്ലേ? ഈ കക്ഷി കഞ്ചാവ് കേസിലും പ്രതിയാണ്. കഞ്ചാവ് അടിച്ചു നടക്കുന്നവനെ വീട്ടിൽ വിളിച്ചു വരുത്തിയ വിധി താനെ വന്നതല്ല. ഇങ്ങനെ ഹൃദയത്തിൽ നൊമ്പരമായി വക്രതയുടെ സൗന്ദര്യാനുഭൂതിയിൽപ്പെട്ടുഴലുന്ന വിഡ്ഢികളായ വനിതാ സൗന്ദര്യാരാധകർ ധാരാളമുണ്ട്. ഈ കഞ്ചാവ് റാപ്പർ തേച്ചിട്ട് പോയതിന് എഴുതിയ ഗാനം എന്ത് പിഴച്ചു? എഴുത്തിലെ ദുഃഖസാന്ദ്രമായ നിഗുഢ ശോഭയോ, അധികാരികളുടെ അനുഗ്രഹ വരമോ, ജൂറിയുടെ നിശ്ശബ്ദ നിഗുഢഭാവമോ ഒന്നുമറിയില്ലെങ്കിലും എഴുത്തുകാരനെക്കാൾ എഴുത്തിനല്ലേ പ്രാധാന്യം കൊടുക്കേണ്ടത്?

ഈ അവസരം ഓർക്കുന്നത് ഖലീൽ ജിബ്രാൻ്റെ ചില വരികളാണ് ‘പ്രിയപ്പെട്ട എമിലി, ഞാൻ ചുംബിക്കുമ്പോൾ നിന്റെ അധരം എന്നോട് നിശ്ശബ്ദനാകാൻ പറയുന്നു. ഈ രാവ് കഴിയുംവരെ നിന്റെ ഗാനാലാപനം എത്ര ഹൃദ്യമാണ്’. ഈ രാവ് (ഭരണകാലം) കഴിയുംവരെ അനുസരിക്കാത്തവർക്കായി വീരാപദാനങ്ങൾ ആരും മുഴക്കില്ല. ഹേമ കമ്മീഷൺ കണ്ടെത്തലുകൾ പുറത്തുവിടണമെന്ന് WCC വാളെടുത്തതാണല്ലോ. വാളെടുത്തവർ വാളാൽ നശിക്കുംപോലെയായോ? എന്തുകൊണ്ടാണ് അതിലെ സ്ത്രീപീഡകരെ പുറത്തുപറയാൻ ഭയക്കുന്നത്? അതിനെതിരെ എന്തെങ്കിലും നടപടികൾ സിനിമ വനിതകൾ സ്വീകരിച്ചോ? ഇതെല്ലാം നമ്മെ പഠിപ്പിക്കുന്നത് വാഴുന്നവർക്ക് വഴിപ്പെടുകയല്ലേ? അതിനേക്കാൾ വലുതല്ല വേടന്റെ പുരസ്‌കാര വിഭ്രാന്തി. കലാസാഹിത്യരംഗത്തുള്ള നല്ലൊരു പറ്റം സ്ത്രീപുരുഷന്മാർ കുണ്‌ഠിതരും നിരാശരുമെന്ന് ആർക്കാണ് അറിയാത്തത്? ഇത്ര പരിതാപകരമായൊരവസ്ഥയിൽ മലയാള സിനിമയെ കൊണ്ടെത്തിച്ചത് ആരൊക്കെയാണ്?

മനുഷ്യരെ അറിവിൻ്റെ കലവറയിലേക്ക്, അന്ധവിശ്വാസങ്ങളുടെ വേലിക്കെട്ടുകളെ പൊളിച്ചുമാറ്റിയ സാമൂഹ്യ സാംസ്‌കാരിക നായകന്മാരുടെ മണ്ണിൽ അധികാരത്തിൻ്റെ പ്രകടിത ഗുരുതരാവസ്ഥ കഴിഞ്ഞ കാൽനൂറ്റാണ്ടിലധികമായി കേരളം നേരിടുന്നുണ്ട്. ബുദ്ധിജീവികളായി മേനിനടിക്കുന്നവർ ഇത് അപഗ്രഥനം ചെയ്യുന്നില്ല. അവരാകട്ടെ കൊട്ടിനിണങ്ങിയ പാട്ടുപോലെ അധികാരത്തിലുള്ളവരെ പാട്ടിലും റോഡിലും അരങ്ങിലും പാടിപുകഴ്ത്തുന്നു. ദീദി പറഞ്ഞതുപോലെ കൊട്ടുന്ന താളത്തിന് തുള്ളുന്ന ഈ കൂട്ടർക്ക് വരംപോലെ കിട്ടുന്ന പുരസ്‌കാരം, പദവി എന്തിന് തള്ളിക്കളയണം? പൂവൻപഴത്തിൻ്റെ പുഴുക്കുത്തു ആരും നോക്കാറില്ല. മനുഷ്യർ വിളക്ക് കണ്ട പാറ്റയെപോലെ ഇവരുടെ പിറകെ ഓടികൂടുകയല്ലേ? കലാ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ഒരു പറ്റം പ്രതിഭകൾ വാഴ്ത്തുപാട്ടുകാരല്ല മറിച്ചു് നിശ്ശബ്ദരാണ്. കാലവും കഴിഞ്ഞു കോഴികൂവിയാലും അവർ ഉണരില്ല. അവർക്കറിയാം ഉള്ളത് പറഞ്ഞാൽ ഊരിന് വിരോധിയാകും. കിട്ടാനുള്ളത് കിട്ടില്ല. ഇങ്ങനെ കലാസാഹിത്യ രംഗത്തെ പല ആദർശവാദികളും വിഷാദ രോഗികളായി കഴിയുന്നുണ്ട്.

സിനിമ നടൻ ജോയി മാത്യു വളരെ രൂക്ഷ ഭാഷയിൽ വിമർശനം നടത്തി പറഞ്ഞത് വേടനെതിരെ സ്ത്രീപീഡന കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന പുരസ്‌കാരം കൊടുത്തത് നിയമത്തെ പരിഹസിക്കലാണ്. പുരസ്‌കാരം ഒരുക്കികൊടുക്കൽ അവരുടെ ജോലിയല്ല. ഒരാളുടെ സാമൂഹിക പ്രാധാന്യമോ, വ്യക്തിപരമായ കേസുകൾ, കോടതി വിധികൾ നോക്കിയല്ല പുരസ്‌കാര നിർണ്ണയങ്ങൾ നടത്തേണ്ടത് മറിച്ചു് കലാസാഹിത്യ സംഭാവനകളെ മാനിച്ചാകണം. അതിലെ യോഗ്യതയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. നിലവാരമില്ലാത്ത എത്രയോ കൃതികൾക്ക് പുരസ്‌കാരങ്ങൾ ലഭിച്ചിരിക്കുന്നു. മനുഷ്യരുടെ കുടിലവീക്ഷണങ്ങൾക്ക് ഒറ്റ ഉത്തരമേയുള്ളൂ. അവാർഡ് ജൂറി തീരുമാനിച്ചു. കുറ്റം ചെയ്‌തവനെ ശിക്ഷിക്കാനുള്ള ചുമതല കോടതികൾക്കാണ് അല്ലാതെ കലാ സാഹിത്യ മത്സര വിധിനിർണ്ണയം നടത്തുന്നവർക്കല്ല. തെരഞ്ഞെടുപ്പുകളിൽ സ്ത്രീപീഡകർ മത്സരിച്ചു് ജയിക്കുന്നില്ലേ? അതിനേക്കാൾ വലിയ പാതകം ജനാധിപത്യത്തിലുണ്ടോ? അവരെ ജയിപ്പിച്ചുവിടുന്ന പ്രബുദ്ധ കേരളം ദൈവത്തിൻ്റെ നാടിനെപ്പറ്റി എന്താണ് അഭിപ്രായം? അധികാര മണ്ഡലങ്ങളിൽ ഇരിക്കുന്ന പലരും സ്ത്രീ പീഡകരും കൊടും വഞ്ചകരും കേസിൽ പ്രതികളുമല്ലേ? വേടനിലേക്ക് വിരൽ ചൂണ്ടുന്നവർ ഈ കൂട്ടരിലേക്ക് എന്താണ് വിരൽ ചൂണ്ടാത്തത്? പൂരാടം പിറന്ന പുരുഷനും മകം പിറന്ന മങ്കയും ആയതുകൊണ്ടാണോ?

ചിലരുടെ സങ്കടം വേടന് നികുതിദായകരുടെ പണമെടുത്തു് കൊടുക്കാൻ പാടില്ലെന്നാണ്. അങ്ങനെയെങ്കിൽ മലയാള സിനിമയിലെ ഒരു പ്രമുഖ നടന് ഇന്ത്യയിലെ ഒരു പ്രമുഖ സിനിമ അവാർഡ് കിട്ടിയപ്പോൾ പാവങ്ങളുടെ കോടികൾ ചിലവഴിച്ചു ആകർഷകമായ അരങ്ങേറ്റം നടത്തി കയ്യടി വാങ്ങിയത് എന്തിനാണ്? കലാ സാംസ്‌കാരിക പൈതൃകങ്ങളുടെ വാഴ്ത്തപാട്ടുകൾ നടത്തേണ്ടത് പാവങ്ങളുടെ നികുതിപ്പണത്തിൽ നിന്നാകരുത്. ഈ നടന് കിട്ടിയ പണം കയ്യടിക്ക് ചിലവാക്കാമായിരിന്നു. നമ്മുടെ സാംസ്കാരിക രംഗത്തെ കരിമ്പടങ്ങൾ ഇങ്ങനെ ഓരോന്നായി അഴിഞ്ഞുവീഴുകയാണ്. ഇനിയും ജ്ഞാനപീഠം കിട്ടുന്നവർക്കും ഇത് പ്രതീക്ഷിക്കാം. അത് പാവങ്ങളുടെ നികുതിപണമെടുത്തു് ധൂർത്തടിക്കരുത്. അവരുടെ പണം അവരുടെ പുരോഗതിക്കായി വിനിയോഗിക്കുക. മുൻകാലങ്ങളിൽ പൈങ്കിളി നോവലുകളിൽ ഹാസ്യത്തിൻ്റെ മസാല പുരട്ടി സിനിമകൾ ഇറക്കുന്നതുപോലെയാണ് ഇന്ന് കലകളിൽ രാഷ്ട്രീയം പുരട്ടി വോട്ടിന്റെ നീരുറവകൾ കണ്ടെത്തുന്നത്. ഈ കൂട്ടരിൽ ത്യാഗവും സമർപ്പണ മനോഭാവവുമുണ്ടായിരുന്നെങ്കിൽ ജാതി മത കലാ സാംസ്ക്കാരിക പ്രകടനപത്രികകളായി മാറില്ലായിരുന്നു.

സാംസ്കാരിക രംഗത്ത് മുൻപ് ജാതിമത ഉച്ചനീചത്വമായിരുന്നെങ്കിൽ ഇന്ന് നടക്കുന്നത് രാഷ്ട്രീയ ഉച്ചനീചത്വമാണ്. കലാസാംസ്‌കാരിക രംഗം അധികാരികൾക്കും സ്വാർത്ഥ താല്‌പര്യക്കാർക്കും അടിമപ്പണി ചെയ്യാനുള്ളതല്ല. മാതൃഭാഷയിൽ രാഷ്ട്രീയ നിറം നോക്കാത്ത, രാഷ്ട്രത്തെ സ്നേഹിക്കുന്ന ഒരു സ്വതന്ത്ര ഉന്നത പണ്ഡിത സമിതിക്ക് സാംസ്‌കാരിക രംഗം വിട്ടുകൊടുക്കുകയാണ് വേണ്ടത്. ഇല്ലെങ്കിൽ ശബരിമല സ്വർണ്ണ കൊള്ളപോലെ കലകളിലും കൊള്ള തുടരും. അധികാരികളുടെ അനുഗ്രഹവരമില്ലാത്തവർ അയോഗ്യരായി മാറും. നമ്മുടെ സാംസ്‌കാരിക രംഗം നേരിടുന്ന അപമാനം മണ്ണിനോ കനകത്തിനോ കാമിനിക്കോ വേണ്ടിയുള്ളതല്ല. ആരൊക്കെ അധികാരത്തിൽ വന്നാലും അവരൊക്കെ നടത്തുന്ന കൊടുക്കൽ വാങ്ങൽ സാംസ്കാരിക ശൂന്യതയ്ക്ക് നേരെയുള്ള കലഹമാണ്. അതാണ് ഓരോ അവാർഡ് മാമാങ്കത്തിലും കാണുന്നത്. സാംസ്‌കാരിക മേഖല മത രാഷ്ട്രീയ മാധ്യമ ഭക്തരുടെ ആരാധനാകേന്ദ്രങ്ങളാക്കരുത്. ആ അതിർ വരമ്പുകളാണ് ഈ കൂട്ടർ ലംഘിച്ചുകൊണ്ടിരിക്കുന്നത്.

കാരൂർ സോമൻ, (ചാരുംമൂടൻ)

Send your news and Advertisements

You may also like

error: Content is protected !!