ജനീവ: ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ച ഇന്ന് സ്വിറ്റ്‌സർലണ്ടിലെ ജനീവയിൽ നടക്കും. ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ഈ ചർച്ചയിൽ ഇരു രാജ്യങ്ങളിലെയും ഉന്നത പ്രതിനിധികൾ പങ്കെടുക്കുന്നു. മൂന്നാം ഘട്ട ചർച്ച പരാജയപ്പെടുന്നപക്ഷം ഇറാനെതിരെ അമേരിക്ക ആക്രമണം ആരംഭിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇന്നത്തെ ചർച്ച നടക്കുന്നത്.
ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി (Abbas Araghchi) ചർച്ചകൾക്കായി ജനീവയിലെത്തിയിട്ടുണ്ട്. അമേരിക്കയെ പ്രതിനിധീകരിച്ച് സ്റ്റീവ് വിറ്റ്‌കോഫ് (Steve Witkoff), ജാറെഡ് കുഷ്നർ (Jared Kushner) എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഇറാന്റെ ആണവ പരിപാടിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുക, ഉപരോധങ്ങൾ നീക്കം ചെയ്യുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സമാധാന നീക്കം നടക്കുന്നത്. ആണവ വിഷയത്തിൽ പരമാവധി വിട്ടുവീഴ്ച ചെയ്ത് യുദ്ധം ഒഴിവാക്കണമെന്ന നിർദേശം ഒമാൻ ഉൾപ്പടെ മധ്യസ്ഥ രാജ്യങ്ങൾ ഇറാന് മുമ്പാകെ സമർപ്പിച്ചതായാണ് വിവരം.
യുദ്ധത്തിനും സമാധാനത്തിനും രാജ്യം ഒരുക്കമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു . അതേ സമയം പരസ്‌പര ബഹുമാനം നിലനിർത്തുന്ന ചർച്ചക്കും കരാറിനും അമേരിക്ക തയാറാവുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. . ഇറാൻ ആണവായുധം സ്വന്തമാക്കില്ലെന്ന് ഉറപ്പാക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടി ആസന്നമാണെന്നാണ് യുഎസ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്ക പുതുതായി 12 എഫ് 22 പോർവിമാനങ്ങൾ ഇന്നലെ ഇസ്രയേൽ വ്യോമതാവളത്തിൽ എത്തിച്ചു. ഏതു സാഹചര്യം നേരിടാനും സജ്ജമെന്ന് അമേരിക്കയും ഇറാനും വ്യക്തമാക്കി. ഇന്ത്യ ഉൾപ്പെടെ 8 രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരോട് ഇറാൻ വിടാൻ ആവശ്യപ്പെട്ടു. ഇസ്രായേലിലേക്കുള്ള മുഴുവൻ വിമാന സർവീസും നിർത്തി വെച്ചതായി ഡച്ച് എയർലൈൻസ് അറിയിച്ചു.


