Saturday, March 28, 2026
Home » യു.എസ് സൈനികർ താമസിക്കുന്ന ഗൾഫിലെ ഹോട്ടലുകൾ ആക്രമിക്കുമെന്ന് ഇറാൻ; ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം
Iran Israel

യു.എസ് സൈനികർ താമസിക്കുന്ന ഗൾഫിലെ ഹോട്ടലുകൾ ആക്രമിക്കുമെന്ന് ഇറാൻ; ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം

by Editor
Send your news and Advertisements

ടെഹ്റാൻ: യു.എസ് സൈനികർക്ക് താമസസൗകര്യം നൽകുന്ന ഗൾഫ് രാജ്യങ്ങളിലെ ഹോട്ടലുകൾ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് മാറി താമസിക്കേണ്ടി വന്ന യു.എസ് സൈനികർക്ക് അഭയം നൽകുന്ന ഗൾഫിലെ ഹോട്ടലുകൾ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്. പ്രത്യേകിച്ചും ബഹ്റിനിലെയും യുഎഇയിലെയും ഹോട്ടൽ ഉടമകൾക്കാണ് ഇറാന്റെ അന്ത്യശാസനം. ‘സൈനികർ ഉൾപ്പെടെയുള്ള അമേരിക്കക്കാർ ഒരു ഹോട്ടലിൽ കയറുമ്പോൾ, ഞങ്ങളുടെ കാഴ്‌ചപ്പാടിൽ ആ ഹോട്ടൽ അമേരിക്കൻ ആയി മാറുന്നു’- ഇറാൻ്റെ സൈനിക വക്താവ് അബോൾഫാസൽ ഷെകാർച്ചി സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിലെ ഹോട്ടലുകൾ അമേരിക്കൻ സൈനികർക്ക് ആതിഥേയമരുളുന്നതിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇറാൻ സൈന്യത്തിന്റെ ഭീഷണി. യു.എസ് സൈനികർ ഗൾഫ് രാജ്യങ്ങളിലെ സാധാരണക്കാരെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്ന് അരാഗ്‌ചി കുറ്റപ്പെടുത്തി. അതിനിടെ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥർ താമസിക്കുന്ന സ്ഥലങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇറാന്റെ സൈനിക വിഭാഗമായ ഐആർജിസി ഗൾഫിലെ സിവിലിയന്മാരോട് ആവശ്യപ്പെട്ടു. സൈനിക സ്ഥലങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ മെസേജിങ് പ്ലാറ്റ്ഫോമുകൾ വഴി രഹസ്യമായി പങ്കിടാനാണ് ഐആർജിസിയുടെ ആഹ്വാനം.

ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വൻ മിസൈൽ ആക്രമണം. ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഇസ്രായേൽ ഈ നീക്കം നടത്തിയത്. മധ്യ ഇറാനിലെ യാസ്ദ് (Yazd) പ്രവിശ്യയിലുള്ള അർദാകാനിലെ യുറേനിയം സംസ്കരണ ശാലയ്ക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഈ കേന്ദ്രം ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങളിൽ പ്രധാനപ്പെട്ടതാണെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. റേഡിയേഷൻ ചോർച്ചയോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് ഇറാൻ അറിയിച്ചു.

അതുകൂടാതെ വ്യവസായ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും ഇസ്രായേൽ ആക്രമണം നടത്തി. ഇസ്ഫഹാനിലെ മൊബാറകെ സ്റ്റീൽ കോംപ്ലക്സ് (Mobarakeh Steel Complex) ഉൾപ്പെടെയുള്ള വലിയ സ്റ്റീൽ ഫാക്ടറികൾക്കും ഒരു പവർ പ്ലാന്റിനും നേരെ ഇസ്രായേൽ ആക്രമണം നടത്തി. ഇസ്ഫഹാനിലെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ലെബനനിലും ബെയ്‌റൂട്ടിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു.

ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ഏപ്രിൽ ആറ് വരെ നീട്ടിവെക്കുമെന്ന് ട്രംപ് ഉറപ്പുനൽകിയിരുന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നു എന്ന് ട്രംപ് അവകാശപ്പെടുമ്പോഴാണ് ഇസ്രായേൽ ഈ ആക്രമണം നടത്തിയത്. തങ്ങളുടെ വ്യവസായ-ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിന് കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി മുന്നറിയിപ്പ് നൽകി. കൂടാതെ, യു.എസ് ഓഹരി പങ്കാളിത്തമുള്ള ഗൾഫിലെ കമ്പനികളിൽ ജോലി ചെയ്യുന്നവർ ഉടൻ അവിടം വിടണമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) ആവശ്യപ്പെട്ടു.

യുദ്ധം ആരംഭിച്ച ശേഷം ഇറാനിൽ മാത്രം ഇതുവരെ 1,900-ലധികം ആളുകൾ കൊല്ലപ്പെട്ടതായും 20,000-ത്തോളം പേർക്ക് പരിക്കേറ്റതായും റെഡ് ക്രോസ് (IFRC) റിപ്പോർട്ട് ചെയ്തു.

ഇറാന് പുതിയ താക്കീതുമായി ട്രംപ്; ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണമെന്ന് റഷ്യ

You may also like

error: Content is protected !!