ന്യൂ ഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ പേർഷ്യൻ ഗൾഫിലെ ഇന്ത്യൻ ചരക്ക് കപ്പലുകൾക്ക് സുരക്ഷയൊരുക്കി ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകൾ. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണം തടസ്സപ്പെടാതിരിക്കാനും ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുന്നത് ഒഴിവാക്കാനുമാണ് ഈ നടപടി. നിലവിൽ മൂന്ന് യുദ്ധക്കപ്പലുകൾ ഒമാൻ ഉൾക്കടലിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ ഇവ സജ്ജമാണെന്നുമാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ പതാക വഹിച്ചുള്ള ‘ശിവാലിക്’, ‘നന്ദാദേവി’ എന്നീ എൽ.പി.ജി ചരക്ക് കപ്പലുകൾ കഴിഞ്ഞ ദിവസം നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് പിന്നിട്ടിരുന്നു. ഖത്തറിൽ നിന്ന് ഏകദേശം 92,700 മെട്രിക് ടൺ എൽ പി ജിയുമായി വരികയായിരുന്ന ഈ കപ്പലുകൾ വരും ദിവസങ്ങളിൽ ഗുജറാത്തിലെ മുന്ദ്ര, കണ്ട്ല തുറമുഖങ്ങളിൽ എത്തും. ഫെബ്രുവരി 28-ന് സംഘർഷം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇന്ത്യൻ കപ്പലുകൾ നാവികസേനയുടെ നേരിട്ടുള്ള സുരക്ഷയിൽ ഈ കടൽപ്പാതയിലൂടെ യാത്ര ചെയ്യുന്നത്.
കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇറാനിയൻ അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണ്. കൂടുതൽ ടാങ്കറുകൾക്ക് അനുമതി കിട്ടാനായി ഇറാനുമായി ചർച്ച തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇറാൻ പ്രസിഡന്‍റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ എൽ പി ജി ടാങ്കറുകൾക്ക് കഴിഞ്ഞതെന്നും കേന്ദ്രം വിവരിച്ചു. പേർഷ്യൻ ഗൾഫ് മേഖലയിൽ ഏകദേശം 23,000 ഇന്ത്യൻ നാവികർ വിവിധ കപ്പലുകളിലായി ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ ഇന്ത്യൻ കപ്പലുകൾക്ക് ‘ഓപ്പറേഷൻ സങ്കൽപ്പിന്റെ‘ ഭാഗമായി തുടർന്നും നാവികസേനയുടെ അകമ്പടി നൽകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
അതേസമയം ഗാർഹിക ആവശ്യത്തിനുള്ള എൽ പി ജിയിൽ തല്ക്കാലം ക്ഷാമം ഇല്ല എന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഒരു ദിവസം അമ്പത് ലക്ഷം വരെ ബുക്കിംഗ് സ്വീകരിക്കാനുള്ള ശേഷിയാണ് 25000 വരുന്ന ഗ്യാസ് ഏജൻസികൾക്കുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ഇത് 87 ലക്ഷം ആയി ഉയർന്നെന്നും ഇതാണ് പരിഭ്രാന്തി ഉണ്ടാക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. പെട്രോളിനും ഡീസലിനും ഒരു കുറവുമില്ലെന്നും ഇത് കണ്ടയിനറുകളിൽ ശേഖരിക്കരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. വാണിജ്യ സിലിണ്ടറുകളുടെ മുൻഗണന അടിസ്ഥാനത്തിലുള്ള വിതരണം സംസ്ഥാന സർക്കാരുകൾ തുടങ്ങിയതായും കേന്ദ്രം അറിയിച്ചു. ജനങ്ങളുടെ ദുരിതം പരമാവധി കുറയ്ക്കാനാണ് സർക്കാർ നോക്കുന്നതെന്നും ഇതിനോട് സഹകരിക്കാതെ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും ബി ജെ പി ആരോപിച്ചു.


