ന്യൂയോർക്ക്: വെസ്റ്റ് വെർജീനിയയിലെ ആത്മീയ കേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ കാണാതായ ന്യൂയോർക്കിൽ നിന്നുള്ള ഇന്ത്യൻ വംശജരെ വാഹനപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഷോർ ദിവാൻ (89), ആശാ ദിവാൻ (85), ശൈലേഷ് ദിവാൻ (86), ഗീത ദിവാൻ (84) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ അംഗങ്ങളാണിവർ. ന്യൂയോർക്കിൽ നിന്നും വെസ്റ്റ് വിർജീനിയയിലെ ഇസ്കോൺ ക്ഷേത്രമായ ഭുപാദ പാലസ് ഓഫ് ഗോൾഡിലേക്ക് പോയതായിരുന്നു നാല് പേരും. എന്നാൽ ഇവർ ഇവിടെ എത്തിച്ചേർന്നിരുന്നില്ല. ഇതേ തുടർന്ന് ബന്ധുക്കൾ പൊലീസിന് പരാതി നൽകി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മാർഷൽ കൗണ്ടിയിൽ വച്ച് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. ടൊയോട്ട കാറിലായിരുന്നു യാത്ര. ജൂലൈ 29 ന് പെൻസിൽവാനിയയിലെ ഒരു ബർഗർ കിങ് ഔട്ട്ലറ്റ്ലെറ്റിൽ ഇവർ എത്തിയതിൻറെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. അവസാനമായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിരിക്കുന്നതും ഇവിടെ വച്ചാണ്. ശനിയാഴ്ച പ്രാദേശിക സമയം രാത്രി 9.30 ഓടെ ബിഗ് വീലിങ് ക്രീക്ക് റോഡിലെ കുത്തനെയുള്ള ഒരു പാറക്കെട്ടിൽ നിന്ന് അപകടത്തിൽപ്പെട്ട വാഹനവും മൃതദേഹങ്ങളും കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.