ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. വിവിധ മേഖലകളിൽ പരസ്‌പര സഹകരണം ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. നിരവധി സുപ്രധാന കരാറുകളിൽ ഇന്ത്യയും സിംഗപ്പൂരും ഒപ്പുവെച്ചു. മലാക്ക കടലിടുക്ക് നിരീക്ഷിക്കാൻ ഇനി ഇന്ത്യയും പങ്കാളിയാകും. ഇത് സംബന്ധിച്ച സുപ്രധാന കരാറുകൾ ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലും ദക്ഷിണ ചൈനാ കടലിലും തന്ത്രപരമായ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ഈ സംയുക്ത കരാറുകൾ സഹായകരമാകുന്നതാണ്.
ഇന്തോ-പസഫിക് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കടൽ പാതകളിലൊന്നാണ് മലാക്ക കടലിടുക്ക്. ഏകദേശം 800 കിലോമീറ്റർ നീളമുള്ള ഈ ഇടുങ്ങിയ കടൽ പാത ഇന്ത്യൻ മഹാസമുദ്രത്തെ ദക്ഷിണ ചൈനാ കടലുമായും പസഫിക് സമുദ്രവുമായും ബന്ധിപ്പിക്കുന്നു. ലോകത്തിലെ മൊത്തം സമുദ്ര വ്യാപാരത്തിൻ്റെ മൂന്നിലൊന്ന് ഭാഗവും ഈ പാതയിലൂടെയാണ് നടക്കുന്നത്. ഇന്ത്യ, ചൈന, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ ഊർജ്ജ വിതരണവും വ്യാപാരവും ഈ പാതയെ ആശ്രയിച്ചിരിക്കുന്നു. ചൈനയും തങ്ങളുടെ ആഗോള വ്യാപാരത്തിന് മലാക്ക കടലിടുക്കിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
പ്രതിരോധ-സുരക്ഷാ കരാറുകളുടെ ഭാഗമായിട്ടാണ് ഏറെ പ്രാധാന്യമുള്ള മലാക്ക കടലിടുക്കിൽ ഇനി ഇന്ത്യയുടെ നിരീക്ഷണവും ഉണ്ടാകുക. ഇന്ത്യയുടെ അസംസ്‌കൃത എണ്ണ, വാതക ഇറക്കുമതിയുടെ വലിയൊരു ഭാഗം ഈ പാതയിലൂടെയാണ്. അതിനാൽ തന്നെ ഈ പാതയുടെ സുരക്ഷ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് ഇന്ത്യയ്ക്ക് ഈ വഴി നിരീക്ഷിക്കാൻ കഴിയും എന്നുള്ളത് ഇന്ത്യയ്ക്ക് ലഭിക്കുന്ന ഒരു സുപ്രധാന നേട്ടമാണ്.