ന്യൂഡൽഹി: മാർച്ച് 16 ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതോടെ രാജ്യസഭയിൽ എൻഡിഎക്ക് വമ്പൻ മേൽക്കൈ. തിരഞ്ഞെടുപ്പിന് ശേഷം രാജ്യസഭയിൽ എന്‍ഡിഎയുടെ (NDA) അംഗബലം 141 ആയി ഉയർന്നു. ഇതോടെ സഭയിൽ എൻഡിഎ വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കി.
ഇപ്പോഴത്തെ തെരെഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ ആകെയുള്ള 37 സീറ്റുകളിൽ 22 എണ്ണത്തിലും വിജയം നേടി. മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, ബീഹാർ, ഛത്തീസ്‌ഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, തെലങ്കാന എന്നിവയുൾപ്പെടെ 10 സംസ്ഥാനങ്ങളിലായി തെരഞ്ഞെടുപ്പുകൾക്ക് ഇടയാക്കിയത് സിറ്റിംഗ് അംഗങ്ങളുടെ വിരമിക്കലാണ്. ബീഹാറിൽ 5, ഒഡീഷയിൽ 4, ഹരിയാനയിൽ 2 എന്നിങ്ങനെ.
ബീഹാറിലെ 5 സീറ്റുകളും എൻഡിഎ തൂത്തുവാരി, ഒഡീഷയിൽ ബിജെപി 2 സീറ്റും ബിജു ജനതാദൾ (ബിജെഡി) 1 സീറ്റും ബിജെപി പിന്തുണയുള്ള ഒരു സ്വതന്ത്രൻ 1 സീറ്റും നേടി. ഹരിയാനയിൽ ബിജെപിയും കോൺഗ്രസും ഓരോ സീറ്റ് വീതം നേടി. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട 26 സീറ്റുകളിൽ എൻഡിഎ 13 സീറ്റുകൾ നേടി, ബിജെപിക്ക് ഒറ്റയ്‌ക്ക് 7 സീറ്റുകിട്ടി. ശേഷിക്കുന്ന സീറ്റുകൾ ശിവസേന, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അതാവാലെ), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം, പാട്ടാളി മക്കൾ കച്ചി, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ എന്നിവയുൾപ്പെടെയുള്ള സഖ്യകക്ഷികൾക്കാണ് ലഭിച്ചത്.
നിലവിൽ ബിജെപിക്ക് ഒറ്റയ്ക്ക് 106 സീറ്റുകളുണ്ട് (തെരഞ്ഞെടുക്കപ്പെട്ട 101 അംഗങ്ങളും പാർട്ടിയിൽ ചേർന്ന 5 നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും ഉൾപ്പെടെ). എഐഎഡിഎംകെ (5), ജെഡിയു (4), എൻസിപി (4), ടിഡിപി (2), ശിവസേന (2) എന്നിവരാണ് എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷികൾ. പ്രതിപക്ഷമായ ഇൻഡി (INDIA) സഖ്യത്തിന് 75 സീറ്റുകളാണുള്ളത്. മറ്റ് പാർട്ടികൾക്കും സ്വതന്ത്രർക്കുമായി ബാക്കി സീറ്റുകൾ (27) ലഭിച്ചു.
സഭയുടെ അംഗബലം 245 ആണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന 233 അംഗങ്ങൾ. കൂടാതെ കല, സാഹിത്യം, ശാസ്ത്രം, സാമൂഹ്യസേവനം എന്നീ മേഖലകളിൽ പ്രഗത്ഭരായ 12 പേരെ രാഷ്ട്രപതി നേരിട്ട് നാമനിർദ്ദേശം ചെയ്യുന്നു.


