ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധ വിമാനങ്ങൾ കൂടി വാങ്ങുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിൻ്റെ ഇന്ത്യാ സന്ദർശന വേളയിൽ അടുത്ത മാസം കരാർ ഒപ്പുവെയ്ക്കും. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കരാറിൽ ഇടനിലക്കാർ ഉണ്ടാകില്ല. 3.25 ലക്ഷം കോടി രൂപയുടെ കരാർ ആണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇരുരാജ്യങ്ങളും തമ്മിലാണ് കരാറിൽ ഒപ്പ് വെയ്ക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫെൻസ് പ്രൊക്യുയർമെൻ്റ് ബോർഡ് ശുപാർശക്ക് അംഗീകാരം നൽകി. 114 ജെറ്റുകളിൽ ചുരുക്കം ചിലത് ഒഴികെ ബാക്കിയെല്ലാം ഫ്രഞ്ച് പ്രതിരോധ നിർമ്മാണ കമ്പനിയും ഇന്ത്യയും സംയുക്തമായി ഇന്ത്യയിൽ നിർമ്മിക്കുമെന്നുമാണ് സൂചന. ഇന്ത്യക്ക് സാങ്കേതികവിദ്യ കൈമാറുമെന്നും റിപ്പോട്ടുകൾ പറയുന്നു.
നിലവിൽ വ്യോമ സേനയ്ക്ക് 36 റഫാൽ യുദ്ധ വിമാനങ്ങളാണ് ഉള്ളത്. 114 റഫാൽ യുദ്ധ വിമാനങ്ങൾ കൂടി വാങ്ങാനുള്ള ശുപാർശ കഴിഞ്ഞ വർഷമാണ് വ്യോമസേന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയത്.



