ഗാസ: ഹമാസ് സമാധാന കരാർ ലംഘിച്ചു എന്ന് ആരോപിച്ചു ഗാസയിൽ വീണ്ടും ആക്രമണം നടത്താൻ ഉത്തരവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഉത്തരവിട്ടതിനു പിന്നാലെ ഗാസയിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തി. പത്തുപേർ കൊല്ലപ്പെട്ടതായാണ് വിവരം. ഹമാസ്, ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കമാണ് വീണ്ടും ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഹമാസ് സമാധാനകരാർ ലംഘിച്ചെന്ന് ഇസ്രയേൽ പ്രതിരോധസേനയും അറിയിച്ചു. തെക്കൻ ഗാസയിൽ ഇസ്രയേൽ സൈന്യത്തിന് നേരെ ഹമാസ് വെടിയുതിർത്തതായി ഐഡിഎഫ് ആരോപിച്ചു.
ഗാസയിൽ ബന്ദികളാക്കപ്പെട്ട 13 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരികെ ലഭിച്ചിട്ടില്ലത്തതിൽ തർക്കം തുടരുന്നതിനിടെയാണ് ആക്രമണം നടന്നത്. മൃതദേഹം എന്ന് കാട്ടി ഇന്നലെ ഹമാസ് കൈമാറിയത് 2 വർഷം മുൻപ് കൈമാറിയ ബന്ദിയുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗമാണെന്ന് ഇസ്രായേൽ ആരോപിച്ചു. അതേസമയം, ഇസ്രായേലിൻ്റെ ആരോപണങ്ങൾ ഹമാസ് നിഷേധിച്ചു. ഇസ്രായേൽ ബോബിങ് മൃതദേഹങ്ങൾ തെരഞ്ഞെടുക്കുന്നതിനെ ദുർഘടമാക്കിയെന്നും ഇസ്രയേലാണ് വെടിനിർത്തൽ ധാരണകൾ ലംഘിച്ചതെന്നുമാണ് ഹമാസ് വാദം.
28 ബന്ദികളുടെ മൃതദേഹങ്ങളിൽ പതിനാറാമത്തെ മൃതദേഹം എന്ന് കാട്ടി ഹമാസ് കഴിഞ്ഞ ദിവസം ഒരു മൃതദേഹം കൈമാറി. എന്നാലിത്, 2 വർഷം മുൻപ് ഹമാസ് ഇസ്രയേലിന് കൈമാറിയ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളാണെന്ന് പരിശോധനയ്ക്ക് ശേഷം ഇസ്രയേൽ അറിയിച്ചു. പിന്നാലെ ഇത് വെടിനിർത്തൽ കരാർ ലംഘനമെന്ന് കാട്ടി തുടർനടപടികളാലോചിക്കാൻ പ്രധാനമന്ത്രി ബഞ്ചമിൻ നതന്യാഹു സുരക്ഷാ തലവന്മാരുമായി ചർച്ചയും നടത്തിയിരുന്നു.
ഒക്ടോബർ പത്തിനാണ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മദ്ധ്യസ്ഥയിൽ നടന്ന ചർച്ചയിലാണ് ഇസ്രയേലും ഹമാസും സമാധാന കരാർ അംഗീകരിച്ചത്.
 



