തിരുവനന്തപുരം: 1,31,000 കടന്ന് സ്വർണവില. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. ഒരു ഗ്രാമിന്റെ വില 16,395 രൂപയുമാണ്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ ചരിത്രത്തിലാദ്യമായി ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,31,160 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,60,000 രൂപയ്ക്ക് മുകളിൽ നൽകണം.
മുമ്പൊരിക്കലും ഇല്ലാത്തവിധം സ്വർണവിലയിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ സാധാരണക്കാരുടെ ബജറ്റിനെ താളം തെറ്റിക്കുന്നതിനൊപ്പം നിക്ഷേപകർക്ക് വൻ നേട്ടവുമാണ് നൽകുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധികളും യുദ്ധ സാഹചര്യങ്ങളുമാണ് സ്വർണത്തെ വീണ്ടും സുരക്ഷിത നിക്ഷേപമായി മാറ്റുന്നതും വില വർദ്ധനവിന് കാരണമാകുന്നതും. അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്.
2009 മാർച്ചിൽ ഒരു പവൻ സ്വർണത്തിന് 11,077 രൂപയായിരുന്ന വില, വെറും മൂന്ന് വർഷത്തിനുള്ളിൽ അതായത് 2012-ൽ 20,880 രൂപയായി ഉയർന്ന് ഇരട്ടിയോളം വർദ്ധനവ് രേഖപ്പെടുത്തി. 2013-ൽ വില 22,240 രൂപ എന്ന നിരക്കിൽ എത്തിയെങ്കിലും, തുടർന്നുള്ള വർഷങ്ങളിൽ വിപണിയിൽ നേരിയ ഇടിവ് പ്രകടമായിരുന്നു. 2014-ൽ 21,480 രൂപയായും 2015 മാർച്ചിൽ 19,760 രൂപയായും സ്വർണവില താഴ്ന്നു. എന്നാൽ അവിടെ നിന്നുള്ള സ്വർണത്തിന്റെ കുതിപ്പ് ഇന്ന് ഒരു ലക്ഷം രൂപയും പിന്നിട്ട് റെക്കോർഡുകൾ ഭേദിച്ചിരിക്കുകയാണ്.
2016 മുതൽ (മാർച്ച് 31 അടിസ്ഥാനമാക്കി) ഈ വർഷം വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ, 21360 രൂപയായിരുന്നു 2016-ലെ വില. 2017-ൽ വെറും 21,800 രൂപയായിരുന്ന ഒരു പവൻ സ്വർണത്തിന്റെ വില, എട്ട് വർഷങ്ങൾകഴിഞ്ഞ് 2025-ൽ ആയപ്പോൾ 67,400 രൂപയായി. അതായത് ഈ കാലയളവിൽ സ്വർണവിലയിൽ മൂന്നിരട്ടിയോളം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019 വരെ സ്വർണവിലയിൽ ചെറിയ രീതിയിലുള്ള വർദ്ധനവ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ 2020-ഓടെയാണ് വിപണിയിൽ വലിയ കുതിപ്പ് പ്രകടമായത്. 2020 മാർച്ചിൽ 30,000 കടന്ന വില പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. 2024-ൽ 50,000 രൂപ എന്ന നാഴികക്കല്ല് പിന്നിട്ട സ്വർണം, വെറും ഒരു വർഷം കൊണ്ട് 17,200 രൂപയുടെ വർദ്ധനവോടെ 2025 മാർച്ചിൽ 67,400 രൂപയിലെത്തി. നിലവിൽ 2026-ന്റെ തുടക്കത്തിൽ വില വീണ്ടും കുതിച്ചുയർന്ന് ഒരു ലക്ഷം രൂപയും പിന്നിട്ടിരിക്കുകയാണ്.
18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഇന്നലെ ആദ്യമായി 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ കടന്നിരുന്നു. 13,465 രൂപയാണ് 18 കാരറ്റ് ഒരു ഗ്രാമിന്റെ ഇന്നത്തെ വില. പവന് 1,07,720 രൂപയും. വെള്ളിയുടെ വിലയും കുതിക്കുകയാണ്. ഇന്നലെ ഒരു ഗ്രാം വെളളിക്ക് 380 രൂപയായിരുന്നെങ്കില്‍ ഇന്ന് അത് 410 രൂപയായി ഉയര്‍ന്നിട്ടുണ്ട്. 10 ഗ്രാം വെള്ളിക്ക് 4,100 രൂപയാണ് ഇന്നത്തെ വിപണിവില.



