Wednesday, November 5, 2025
Mantis Partners Sydney
Home » സുഡാനിൽ ആഭ്യന്തര യുദ്ധം രൂക്ഷം; അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ജർമ്മനിയും ജോർദാനും ബ്രിട്ടനും.
സുഡാനിൽ വംശഹത്യ.

സുഡാനിൽ ആഭ്യന്തര യുദ്ധം രൂക്ഷം; അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ജർമ്മനിയും ജോർദാനും ബ്രിട്ടനും.

by Editor

ഖാർത്തൂം: ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊടുംക്രൂരതകൾ അരങ്ങേറുന്ന വടക്കേ ആഫ്രിക്കൻ രാജ്യമായ സുഡാൻ ആഭ്യന്തര യുദ്ധത്തിൽ വലയുകയാണ്. അൽ ഫാഷിർ നഗരത്തിൽ മാത്രം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 1500 ൽ കൂടുതൽ ആളുകളാണ്. സുഡാൻ ആംഡ് ഫോഴ്സിൽ നിന്ന് വിഘടിച്ച വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) അൽ ഫാഷിർ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെയാണ് നഗരം കുരുതിക്കളമായത്. 33,000 ആളുകളാണ് ഇവിടെ നിന്ന് മരുഭൂമിയിലേക്ക് പലായനം ചെയ്തത്.

സുഡാനിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ജർമ്മനിയും ജോർദാനും ബ്രിട്ടനും. ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം, ജോർദാൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ സംയുക്തമായാണ് വെടിനിർത്തലിന് ആഹ്വാനം ചെയ്തതു. രാജ്യത്തെ സ്ഥിതി വളരെ ഭയാനകമാണെന്ന് അവർ പ്രസ്താവിച്ചു. സുഡാനിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിൽ അന്താരാഷ്ട്ര ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് പറഞ്ഞ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ ഡാർഫറിലെ “ഭയാനകമായ അതിക്രമങ്ങളെ” അപലപിച്ചു. ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫൂളും ജോർദാനിലെ അയ്മാൻ സഫാദിയും സുഡാന്റെ സാഹചര്യത്തെ “അപോകാലിപ്റ്റിക്” എന്ന് വിശേഷിപ്പിക്കുകയും ദുരിതങ്ങൾ അവസാനിപ്പിക്കാൻ ആഗോള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.

അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ദർഫാർ പ്രദേശം പിടിച്ചെടുത്തതിനെ തുടർന്ന് എൽ ഫാഷറിൽ ഒരു ആശുപത്രിയിൽ 450 പേരെ കൊലപ്പെടുത്തിയിരുന്നു. വംശീയ കൂട്ടക്കൊലകളും ലൈംഗിക അതിക്രമങ്ങളും നടന്നതായി റിപ്പോർട്ടുകളുണ്ട്. സുഡാനിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും , സുഡാൻ ആംഡ് ഫോഴ്‌സസും തമ്മിലുള്ള പോരാട്ടത്തിൽ ഇതുവരെ നാൽപതിനായിരത്തിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ. സുഡാനിലേത് അതിഭീകര സാഹചര്യമെന്ന് യു എൻ പറഞ്ഞു.

ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ വംശഹത്യയാണ് ഇപ്പോൾ സുഡാനിൽ നടന്നുകൊണ്ടിരിക്കുന്നത്. അൽ ഫാഷിറിൽ ആയിരക്കണക്കിന് ആളുകളെ വരിനിർത്തി വെടിവെച്ചുകൊല്ലുന്ന ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. സുഡാന്റെ ഔദ്യോഗിക സൈനിക തലവനായ അബ്ദേൽ ഫത്താ അൽ ബർഹാനും അർദ്ധ സൈനിക വിഭാഗമായ ആർ എസ് എഫ് (റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്) മേധാവി മുഹമ്മദ് ഹംദാൻ ഡഗാലോയും തമ്മിലുള്ള ശത്രുതയാണ് കൂട്ടക്കുരുതിക്ക് വഴിവച്ചത്. രണ്ട് വർഷത്തോളം നീണ്ട ഉപരോധത്തിന് ശേഷം ഒക്ടോബർ 26-നാണ് അൽ ഫാഷർ നഗരത്തിൻ്റെ നിയന്ത്രണം ആർഎസ്എഫ് പിടിച്ചെടുത്തത്. സഹായമെത്തുന്ന എല്ലാ വഴികളും അടച്ചാണ് ഇവിടെ കൂട്ടക്കൊല നടക്കുന്നത്. 2023 ൽ തുടങ്ങിയ ആഭ്യന്തര യുദ്ധത്തിൽ 40,000 ആളുകൾ കൊല്ലപ്പെടുകയും 1.2 കോടി ആളുകൾ പലായനം ചെയ്യുകയും ചെയ്‌തുവെന്നാണ് യുഎൻ കണക്ക്.

ക്രൂരതകളിൽ കുപ്രസിദ്ധിയാർജിച്ച ആർഎസ്എഫ് ന്യൂനപക്ഷ വിഭാഗങ്ങളേയും അറബ്-ഇതര ഗോത്ര വർഗക്കാരേയും വ്യാപകമായി ഇരകളാക്കുന്നു. സുഡാനിലെ കൂട്ടക്കൊലയിൽ അന്താരാഷ്ട്ര സമൂഹം ഇപ്പോഴും ക്രൂരമായ മൗനം തുടരുകയാണ്. ഡർഫൻ, സമീപ പ്രദേശമായ കോർദോഫാൻ എന്നീ പ്രദേശങ്ങൾ ആർഎസ്എഫ് ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. തലസ്ഥാനമായ ഖാർത്തൂം, മധ്യ- കിഴക്കൻ പ്രദേശങ്ങൾ എന്നിവ സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണ്.

സുഡാനിൽ മെറ്റേണിറ്റി ആശുപത്രിയിൽ ചികിത്സയിലിരുന്ന 460 രോ​ഗികളെ കൂട്ടക്കൊല ചെയ്തു

Send your news and Advertisements

You may also like

error: Content is protected !!