Mantis Partners Sydney
Tuesday, March 17, 2026
Mantis Partners Sydney
Home » പാക്കിസ്ഥാനിൽ ജെൻ സി പ്രക്ഷോഭം; പാക് അധീന കാശ്മീരിൽ വീണ്ടും സംഘർഷം
പാക്കിസ്ഥാനിൽ ജെൻ സി പ്രക്ഷോഭം; പാക് അധീന കാശ്മീരിൽ വീണ്ടും സംഘർഷം

പാക്കിസ്ഥാനിൽ ജെൻ സി പ്രക്ഷോഭം; പാക് അധീന കാശ്മീരിൽ വീണ്ടും സംഘർഷം

by Editor
Send your news and Advertisements

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ജെൻ സി പ്രക്ഷോഭം. നേപ്പാളിലെയും ബംഗ്ലാദേശിലെയും പ്രക്ഷോഭങ്ങൾ മാതൃകയാക്കി യുവജനങ്ങൾ (ജെൻ സി) പാക് സർക്കാരിനെതിരെ കലാപവുമായി തെരുവിലിറങ്ങി. മുസാഫറാബാദിലെ സർവ്വകലാശാലകളിൽ ഫീസ് വർദ്ധനവിനും, പുതിയ ഡിജിറ്റൽ മൂല്യനിർണ്ണയ സമ്പ്രദായത്തിലെ പിശകുകൾക്കും എതിരെ ആരംഭിച്ച സമാധാനപരമായ വിദ്യാർത്ഥി പ്രകടനങ്ങളാണ് പിന്നീട് വലിയ പ്രക്ഷോഭമായി മാറിയത്. കഴിഞ്ഞ ദിവസം പൊലീസിന് മുന്നിൽ വച്ച് അജ്ഞാതൻ പ്രതിഷേധക്കാർക്ക് നേരെ നടത്തിയ വെടിവയ്‌പിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റു.

ഇതോടെ പാക് അധീന കാശ്മീരിൽ വീണ്ടും സംഘർഷം ഉടലെടുത്തു. പതിറ്റാണ്ടുകളായി പാക് ഭരണകൂടം നടത്തുന്ന സാമ്പത്തിക ചൂഷണത്തിലും രാഷ്ട്രീയ അടിച്ചമർത്തലിലും മോശം ഭരണത്തിലും പാക് അധീന കാശ്‌മീരിലെ യുവാക്കൾ കടുത്ത നിരാശ പ്രകടിപ്പിക്കുന്നു. വ്യാപാരികൾ, ആക്ടിവിസ്റ്റുകൾ, അവകാശ ഗ്രൂപ്പുകൾ എന്നിവയുടെ കൂട്ടായ്‌മയായ ജോയിൻ്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (ജെ.എ.എ.സി) പിന്തുണ പ്രക്ഷോഭകർക്കുണ്ട്. അവകാശ ലംഘനങ്ങൾക്കെതിരെ സെപ്റ്റംബർ 29 ന് പാക് അധീന കാശ്‌മീരിലെ ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു. സൈന്യത്തിൻ്റെ വെടിവയ്‌പിൽ 12 സാധാരണക്കാർ കൊല്ലപ്പെട്ടതോടെ പാക്കിസ്ഥാനെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനം ഉയർന്നു. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് പിന്നീട് സർക്കാരിന് ഉറപ്പ് നൽകേണ്ടി വന്നതോടെയാണ് ഒരാഴ്‌ച നീണ്ട പ്രക്ഷോഭം തണുത്തത്. വാഗ്‌ദാനങ്ങൾ നിറവേറ്റിയില്ലെങ്കിൽ വീണ്ടും തെരുവിലിറങ്ങുമെന്നാണ് ജനങ്ങളുടെ മുന്നറിയിപ്പ്.

പ്രതിഷേധങ്ങൾ ലാഹോർ ഉൾപ്പെടെ പാക്കിസ്ഥാനിലെ മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്. സംഭവത്തിൽ പാക് സർക്കാർ അതീവ ജാഗ്രതയിലാണ്. പ്രക്ഷോഭം വഷളായാൽ ഗുരുതര പ്രത്യാഘാതമുണ്ടാകും. ബലൂചിസ്ഥാൻ പോലുള്ള വിമത മേഖലകളിൽ സമാന പ്രക്ഷോഭങ്ങളുണ്ടായേക്കാമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്. പ്രക്ഷോഭത്തെ അടിച്ചമർത്താൻ മുസഫറാബാദ് യൂണിവേഴ്‌സിറ്റിയിൽ സ്റ്റുഡൻ്റ് യൂണിയനുകളെയും രാഷ്ട്രീയ പ്രവർത്തനങ്ങളെയും സർക്കാർ വിലക്കി. നൂറുകണക്കിന് പൊലീസുകാരെ തെരുവുകളിൽ വിന്യസിച്ചു. മേഖലയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണമുണ്ട്. ചിലയിടങ്ങളിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

യൂണിവേഴ്‌സിറ്റി, സെമസ്റ്റർ ഫീസുകൾ കുറയ്ക്കണം, ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയ ഫീസും കുറയ്ക്കണം, ഇ-മാർക്കിംഗ് മൂല്യനിർണയ സംവിധാനം എടുത്തുകളയണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം, രാഷ്ട്രീയ അടിച്ചമർത്തൽ, അന്യായ അറസ്റ്റുകൾ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ അവസാനിപ്പിക്കണം തുടങ്ങിയവയാണ് യുവ പ്രക്ഷോഭകരുടെ ആവശ്യങ്ങൾ.

You may also like

error: Content is protected !!