കഠ്‌മണ്ഡു: നേപ്പാൾ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി (73) നേപ്പാളിൻ്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. നേപ്പാളിലെ ആദ്യത്തെ വനിതാ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു സുശീലാ കർക്കി. ഇപ്പോൾ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി എന്ന ബഹുമതിയും കൂടി കർക്കിക്ക് സ്വന്തമായി. സത്യപ്രതിജ്‌ഞയ്ക്ക് പിന്നാലെ നേപ്പാൾ പാർലമെന്റ് പിരിച്ചുവിട്ടു. സുശീലയെ പ്രധാനമന്ത്രിയാക്കണമെന്ന് നേപ്പാളിലെ ജെൻ–സീ പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു.
1952 ജൂൺ 7ന് ബിരാത്‌നഗറിൽ ജനനം. വാരണാസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദം നേടിയ കാർക്കി1978-ൽ നേപ്പാളിലെ ത്രിഭുവൻ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. 2016 ജൂൺ മുതൽ 2017 ജൂലൈ വരെ സുശീല കർക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിരുന്നു. അഴിമതി വിഷയത്തിൽ സന്ധിയില്ലാത്ത നിലപാടാണ് അവർ സ്വീകരിച്ചിട്ടുള്ളത്. നീതിന്യായ വ്യവസ്ഥയുടെ ജനാധിപത്യപരമായ പങ്ക് ശക്തിപ്പെടുത്തി നിരവധി പ്രധാന കേസുകളിൽ വിധി പറഞ്ഞു. ബനാറസിൽ പഠിക്കുന്ന കാലത്ത് കണ്ടുമുട്ടിയ നേപ്പാളി കോൺഗ്രസിലെ പ്രമുഖ യുവനേതാവായിരുന്ന ദുർഗാ പ്രസാദ് പ്രസാദ് സുബേദിയെയാണ് വിവാഹം കഴിച്ചത്.
ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ നേപ്പാളിൽ കാവൽ സർക്കാരിനെ ആരു നയിക്കുമെന്ന ചർച്ചയിൽ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിക്ക് മുൻതൂക്കം ലഭിച്ചിരുന്നു. നേപ്പാളിൽ വൈദ്യുത വിപ്ലവം നടത്തിയ കുൽമാൻ ഘിസിങിനെ ജെൻ-സി പ്രക്ഷോഭകരിൽ ഒരു വിഭാഗം നിർദേശിച്ചെങ്കിലും കൂടുതൽ പിന്തുണ സുശീലയ്ക്കായിരുന്നു. പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയ കാഠ്‌മണ്ഡു മേയർ ബലേൻഷായുടെ പിന്തുണയും സുശീല കർക്കിക്കാണ് ലഭിച്ചത്.
യുവജന പ്രതിഷേധത്തിൽ പ്രസിഡൻ്റ് രാംചന്ദ്ര പൗഡേലും പ്രധാനമന്ത്രിയും രാജിവച്ചിരുന്നു. ആ സമയം സുശീല കർക്കിയെ താൽകാലിക നേതാവായി പ്രക്ഷോഭകാരികൾ അംഗീകരിക്കുകയായിരുന്നു. രാജ്യത്തൊട്ടാകെ നടന്ന വെർച്വൽ മീറ്റിങിൽ 50,000ത്തിലധികം ആളുകളുടെ പിന്തുണയാണ് സുശീല കർക്കിക്ക് ലഭിച്ചത്. 73-കാരി സുശീലയേക്കാൾ 54കാരൻ ഘീസിങ് വരട്ടെയെന്നാണ് ജെൻ-സി പ്രക്ഷോഭകരിലെ ഒരു വിഭാഗം വാദിച്ചു. മുൻ ജഡ്‌ജിമാർ രാജ്യതലപ്പത്തേക്ക് വരുന്നത് രാഷ്ട്രീയ വളർച്ചയ്ക്ക് നല്ലതല്ല എന്നും വാദം ഉയർന്നിരുന്നു