ന്യൂഡൽഹി: പോളിങ് അവസാനിച്ച ബിഹാറിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നു. പോൾ ഫലങ്ങളെല്ലാം എൻഡിഎയ്ക്ക് അധികാരത്തുടർച്ചയാണ് പ്രവചിക്കുന്നത്. ബീഹാറിലെ ആകെയുള്ള 243 നിയമസഭാ മണ്ഡലങ്ങളിലേക്ക് നവംബർ 6 -നും ഇന്നലെയും (നവംബർ 11) രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. 121 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ 65 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ വൈകുന്നേരം 5 മണി വരെ 67.14 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ഈ തിരഞ്ഞെടുപ്പിൽ ബിജെപി, ജനതാദൾ യുണൈറ്റഡ് തുടങ്ങിയ പാർട്ടികൾ ഉൾപ്പെടുന്ന എൻ ഡി എ സഖ്യവും, രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ഉൾപ്പെടുന്ന മഹാഗത്ബന്ധൻ സഖ്യവും തമ്മിലായിരുന്നു കടുത്ത മത്സരം ഉണ്ടായിരുന്നത്. കൂടാതെ, തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ജൻ സൂരജ് എന്ന പേരിൽ ഒരു പാർട്ടി രൂപീകരിച്ച് മൂന്നാമതായി മത്സരരംഗത്തേക്ക് പ്രവേശിച്ചിരുന്നു.
ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ മുന്നണി അധികാരത്തിൽ തുടരുമെന്നാണ് വിവിധ ഏജൻസികളുടെ എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. 130-ലേറെ സീറ്റുകളാണ് എല്ലാ എക്സിറ്റ് പോളുകളും എൻഡിഎ സഖ്യത്തിന് പ്രവചിക്കുന്നത്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.
മാട്രിസ് സർവേ പ്രകാരം എൻഡിഎ 147-167 സീറ്റുകൾ നേടുമെന്നും ഇന്ത്യ സഖ്യം 70-90 വരെ സീറ്റുകളും മറ്റുള്ളവർ 2-6 സീറ്റുകളും നേടുമെന്നുമാണ് പ്രവചനം. പീപ്പിൾസ് ഇൻസൈറ്റ് എക്‌സിറ്റ് പോളിലും എൻഡിഎ 133-148 സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യത്തിന് 87 മുതൽ 102 വരെ സീറ്റ് മാത്രമേ ലഭിക്കൂ. ജൻ സുരാജിന് പരമാവധി രണ്ട് സീറ്റും മറ്റുള്ളവർക്ക് മൂന്ന് മുതൽ ആറ് സീറ്റുമാണ് പ്രവചിക്കുന്നത്.
പിമാർക്യു എക്സസിറ്റ് പോളിൽ 142-162 സീറ്റോടെയാണ് എൻഡിഎ ഭരണത്തുടർച്ച പ്രവചിക്കുന്നത്. ഇന്ത്യാ സഖ്യം 80-98 സീറ്റിൽ ഒതുങ്ങും. 1-4 വരെ സീറ്റാണ് ജൻ സുരാജ് പാർട്ടിക്ക്. മറ്റുള്ളവർക്ക് പരമാവധി മൂന്ന് സീറ്റ് ലഭിക്കാമെന്നുമാണ് പ്രവചനം. 130-138 സീറ്റുകളാണ് ചാണക്യ സ്ട്രാറ്റജീസിന്റെ പോളിൽ എൻഡിഎക്ക് പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 100-108 സീറ്റ് നേടും. ജൻ സുരാജിന് പൂജ്യം സീറ്റ് പ്രവചിക്കുന്ന ചാണക്യ മറ്റുള്ളവർക്ക് 35 സീറ്റും പ്രവചിക്കുന്നുണ്ട്.
എൻഡിഎക്ക് 46.2 ശതമാനം വോട്ടുകൾ ലഭിക്കുമെന്നും 133-159 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നുമാണ് പീപ്പിൾസ് പൾസിൻ്റെ പ്രവചനം. 37.9 ശതമാനം വോട്ടുകൾ നേടുന്ന മഹാസഖ്യത്തിന് 75-101 സീറ്റുകൾ വരെ ലഭിക്കുമെന്നും പ്രശാന്ത് കിഷോറിൻ്റെ ജൻ സുരാജ് പാർട്ടി 9.7 ശതമാനം വോട്ടുകളും അഞ്ച് സീറ്റുകളും നേടുമെന്നുമാണ് സർവേ ഫലം.
ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന് ഒരു സ്വാധീനവും ഉണ്ടാകില്ലെന്നും അദ്ദേഹത്തിന്റെ പാർട്ടി കുറച്ച് സീറ്റുകൾ മാത്രമേ നേടൂ എന്നും ഈ സർവേകൾ സൂചിപ്പിക്കുന്നു. 2020-ല്‍ എന്‍ഡിഎ സഖ്യം 125 സീറ്റു നേടിയാണ് അധികാരത്തിലെത്തിയത്. ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും ഇടതുകക്ഷികളുടെയും നേതൃത്വത്തില്‍ മഹാഗഡ്ബന്ധന്‍ സഖ്യത്തിന് 110 സീറ്റാണ് അന്ന് നേടാനായത്. നവംബർ 14 -നാണ് വോട്ടെണ്ണൽ.



