തിരുവനന്തപുരം: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് സൂചന. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞു. കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേനാ വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി.
തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയതായും മാർച്ച് 15-ന് ശേഷം ഏതു നിമിഷവും പ്രഖ്യാപനം ഉണ്ടാകാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ പകുതിയോടെ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. കേരളത്തിൽ വിഷു, ഈസ്റ്റർ തുടങ്ങിയ ആഘോഷങ്ങൾ പരിഗണിച്ചായിരിക്കും വോട്ടെടുപ്പ് തീയതികൾ നിശ്ചയിക്കുക.
ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിൽ മുൻപത്തെ തെരഞ്ഞെടുപ്പുകൾ പോലെ കേരളത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. പ്രധാനപ്പെട്ട മൂന്ന് മുന്നണികൾ മാറ്റുരക്കുന്ന മത്സരത്തിൽ 71 സീറ്റുകളിലധികം നേടുന്ന മുന്നണിയാകും അധികാരണത്തിൽ എത്തുക. കഴിഞ്ഞ രണ്ടു തവണയായി ഇടതുമുന്നണി ആണ് കേരളം ഭരിക്കുന്നത്.


