ഇടുക്കി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴയിൽ വച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി ഉള്‍പ്പെടെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇന്ന് രഞ്ജിത്ത് തൊടുപുഴയിലെത്തിയപ്പോള്‍ ഇടുക്കി എസ്പിയുടെ നിര്‍ദേശപ്രകാരം തൊടുപുഴ പൊലീസിന്റെ പ്രത്യേക സംഘം രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ വിശദമായ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി. കൊച്ചിയിൽ നിന്നുള്ള ഷാഡോ പൊലീസ് സംഘവും അന്വേഷണത്തിൽ പങ്കെടുക്കുന്നുണ്ട്. രഞ്ജിത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭ്യമായതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്. അറസ്റ്റിനായി വളരെ രഹസ്യമായ നീക്കമാണ് പൊലീസ് നടത്തിയത്. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ രഞ്ജിത്ത് പരാതിയിൽ കഴമ്പുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയില്ല.
ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സംവിധായകനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാവിലെ മുതൽ രഞ്ജിത്ത് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒരുതരത്തിലുള്ള പഴുതുകളും നൽകാതെയായിരുന്നു അറസ്റ്റ് നടന്നത്. ചിത്രീകരണം നടക്കുന്ന ഫോർട്ട്കൊച്ചിയിലെ സിനിമ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കാരവാനിൽ കയറിയപ്പോഴാണ് നടിയെ ലൈംഗികമായി ഉപദ്രവിച്ചതെന്നും മാനസിക ആഘാതം കാരണം കൗൺസിലിംഗിന് വിധേയയാകേണ്ടി വന്നെന്നും നടി പരാതിയിൽ പറയുന്നു.

