ബസിനുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിനും വീഡിയോ പ്രചാരണത്തിനും പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ്റെ നിർദേശം. അന്വേഷണ റിപ്പോർട്ട് ഒരാഴ്‌ചക്കകം സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കണ്ടന്റ് ക്രിയേറ്ററായ യുവതി വീഡിയോ പരസ്യമാക്കിയതിന് പിന്നാലെ യുവാവ് ആശങ്കാകുലനായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നും പരാതികളിൽ പറയുന്നതായി കമ്മിഷൻ ചൂണ്ടിക്കാട്ടി. അഡ്വ. വി ദേവദാസ്, അബ്‌ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളിലാണ് നടപടി.
ജോലിയാവശ്യാർത്ഥം കഴിഞ്ഞ വെള്ളിയാഴ്ച ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് മുസ്ലിംലീഗ് പ്രവർത്തകയും മുൻ പഞ്ചായത്ത് അംഗവുമായ യുവതി വീഡിയോ പകർത്തിയത്. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ പിന്നാലെ ഞായറാഴ്‌ചയാണ് യുവാവിനെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. ദീപക്കിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പോലീസ് യുവതിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി. ഇന്നലെ വൈകിട്ടോടെ മെഡിക്കല്‍ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയില്‍ ബസില്‍വെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തില്‍ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക്ക് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. അതേത്തുടർന്നാണ് ദീപക്കിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ യുവതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. യുവതിക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നായിരുന്നു ഉയര്‍ന്ന ആവശ്യം. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തി. യുവതിയുടെ പ്രവൃത്തിയെ വിമർശിച്ചുകൊണ്ടാണ് പലരും പ്രതികരിച്ചത്. ദീപകിനെ ആത്മഹത്യയിലേക്ക് തള്ളിയിട്ട യുവതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
ലൈക്കുകൾക്കും വ്യൂസിനും വേണ്ടി ഒരാളുടെ ജീവിതം തകർക്കുന്ന സോഷ്യൽ മീഡിയ സംസ്കാരം അങ്ങേയറ്റം അപകടകരമാണെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. തെളിവില്ലാത്ത വിചാരണ സത്യാവസ്ഥ ബോധ്യപ്പെടുന്നതിന് മുൻപേ ഒരാളെ പരസ്യമായി വിചാരണ ചെയ്യുന്നതും അപമാനിക്കുന്നതും ക്രിമിനൽ കുറ്റമായി കാണണമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരാൾ നമുക്കിഷ്ടമല്ലാത്ത രീതിയിൽ പെരുമാറുമ്പോൾ, ശരീരത്തിൽ സ്പർശിക്കുമ്പോൾ നമ്മുടെ ഭാവത്തിൽ പെരുമാറ്റത്തിൽ അത് പ്രകടമാകും. പക്ഷേ ഈ വീഡിയോയിൽ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാർഥത്തിൽ ഉദ്ദേശിച്ചത്? വീഡിയോ വന്ന ഉടനെ അയാൾക്കെതിരെ നടന്ന വ്യാപകമായ ആക്രമണം താങ്ങാനാവാതെയാണല്ലോ അയാൾ ജീവനൊടുക്കിയത്. അപ്പോൾ ആ പെണ്ണിനും അവരുടെ വീഡിയോ കണ്ട ഉടനെ താഴെ വന്ന് അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സോഷ്യൽ മീഡിയയിൽ വീഡിയോ ഇട്ട് ഒരാളെ വേട്ടയാടാൻ ആർക്കും അവകാശമില്ല. ഇത്തരം പ്രവണതകൾ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തെ കൂടുതൽ മോശമായ അവസ്ഥയിലേക്ക് നയിക്കുമെന്നും, നിയമം കൈയ്യിലെടുക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.
കണ്ടിട്ട് സഹിക്കാന്‍ കഴിയുന്നില്ല, എത്ര നിസാരമായാണ് ഒരു പാവം യുവാവിന്റെ ഒരു ജീവന് നഷ്ടമായത്. സോഷ്യല്‍മീഡിയ ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ഒരാളുടെ ജീവിതം തകര്‍ക്കാന്‍ ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ആയുധം. ശരിതെറ്റുകള്‍ അറിയാതെ ലോകം ഒരാള്‍ക്കെതിരേ തിരിയും. ആ അമ്മയ്ക്ക് നീതി വേണം… ആ നീതി നടപ്പിലാക്കണം. ആ സ്ത്രീക്കെതിരേ നിയമനടപടികള്‍ ഉണ്ടാവണം… തെറ്റും ശരിയും നീതിയും അനീതിയും തീരുമാനിക്കാന്‍ നിയമസംവിധാനങ്ങളുണ്ട്. അവിടെ പോകുന്നതിന് പകരം സമൂഹത്തിന് വിട്ടുകൊടുക്കുന്നത് കാട്ടുനീതിയാണ്.’’ എന്ന് ടി. സിദ്ദിഖ് എംഎല്‍എ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ദീപകിന്റെ മരണം വല്ലാതെ വേദനിപ്പിക്കുന്നു എന്നാണ് സംവിധയകൻ രഞ്ജിത് ഫെയ്സ്ബുക്കിൽ കുറിച്ചത്. ‘കുറച്ചു കാലം മുമ്പ്, കള്ളനാണെന്നു കരുതി ഒരു ബസ് യാത്രക്കാരനെ സഹയാത്രികർ അടിച്ചു കൊന്ന വാർത്തയുടെ അത്ര തന്നെ വേദനിപ്പിക്കുന്ന വാർത്ത’. എന്നായിരുന്നു രഞ്ജിത് ശങ്കറിന്റെ പ്രതികരണം.
ഒരാൾക്കു നേരെ അതിക്രമം നടന്നാൽ അതിനു തീർപ്പുണ്ടാക്കേണ്ട ഇടമല്ല സമൂഹമാധ്യമങ്ങളെന്നായിരുന്നു ഡോ. സൗമ്യ സരിൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇത്തരത്തിൽ ഒരു വിഡിയോ പ്രചരിപ്പിച്ചാൽ എങ്ങനെ ആണ് സോഷ്യൽ മീഡിയയിൽ ആളുകൾ പ്രതികരിക്കുന്നത് എന്ന് നമ്മൾ കാണുന്നതാണ്. വധശിക്ഷ വരെ വിധിച്ചു കളയുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതിൽ കാണിക്കുന്ന വ്യക്‌തിക്ക് എന്തൊക്കെ കേൾക്കുകയും അനുഭവിക്കുകയും ചെയേണ്ടി വരും എന്നത് നമുക്ക് ഊഹിക്കാൻ സാധിക്കില്ല. ഈ വിഡിയോ നശിപ്പിച്ചത് ഒരു യുവാവിന്റെയും അവൻ്റെ മാതാപിതാക്കളുടെയും ജീവിതം മാത്രമല്ല. ഈ നാട്ടിൽ യഥാർഥത്തിൽ പല രീതികളിൽ ശാരീരിക പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്ക് കിട്ടേണ്ട നീതി കൂടിയാണെന്നും സൗമ്യ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ കയ്യിൽ കിട്ടുന്നതെന്തും പോസ്റ്റ് ചെയ്യുമ്പോൾ ഒന്ന് ആലോചിക്കുക. അപ്പുറത്ത് നിൽക്കുന്നവനും ഒരു ജീവിതമുണ്ടെന്നു പറഞ്ഞാണ് സൗമ്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.
സമൂഹമാധ്യമത്തിൽ പ്രതിഷേധം വ്യാപിച്ചതോടെ ദീപക്കിനെതിരെ പരാതി ഉന്നയിച്ച യുവതി സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. യുവതിക്കെതിരായ കേസ് നടത്തിപ്പിൽ എല്ലാ പിന്തുണയും നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ ദീപക്കിന്റെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം അറിയിച്ചു. സമൂഹമാധ്യമത്തിൽ ‘റീച്ചിന്’ വേണ്ടി ഇത്തരത്തിൽ പുരുഷന്മാരെ വേട്ടയാടുന്ന പ്രവണത ഇനി ഒരു പെൺകുട്ടിയും ആവർത്തിക്കരുത് എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന് ഓൾ കേരള മെൻസ് അസോസിയേഷൻ ഒരു ലക്ഷം രൂപ ധനസഹായമായി നൽകുമെന്ന് രാഹുൽ ഈശ്വർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തിലുള്ള ‘ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍’ വിഷയത്തില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. പുരുഷന്മാര്‍ക്കെതിരെയുള്ള വ്യാജ ആരോപണങ്ങള്‍ക്കെതിരെ നിയമപരമായ പോരാട്ടം തുടരുമെന്നാണ് ഇവരുടെ നിലപാട്.



