Friday, October 31, 2025
Mantis Partners Sydney
Home » 110 കി മീ. വരെ വേഗതയിൽ ‘മോന്ത’ ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടു.
110 കി മീ. വരെ വേഗതയിൽ 'മോന്ത' ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടു.

110 കി മീ. വരെ വേഗതയിൽ ‘മോന്ത’ ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടു.

by Editor

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘മോന്ത’ ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടു. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കാക്കിനടയ്ക്കും ഇടയിലാണ് ‘മോന്ത’ കര തൊട്ടത്. മച്ചിലിപ്പട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനഡ മേഖലയിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റുവീശി. കക്കിനാട തുറമുഖത്ത് അതീവ ജാഗ്രതാ സന്ദേശം പുറപ്പെടുവിച്ചു. കാറ്റ് കരയ്ക്കെത്തുന്നതിന് മുന്നോടിയായി തീരദേശ ജില്ലകളിൽ മഴ ശക്തമായിട്ടുണ്ട്. 16 ജില്ലകളിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതീവ ജാഗ്രതയിലാണ് ആന്ധ്ര, ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ. സമീപ സംസ്ഥാനമായ ഒഡീഷയിലും ചുഴലിക്കാറ്റിൻ്റെ ആഘാതം അനുഭവപ്പെട്ടു.

മണിക്കൂറിൽ 90 മുതൽ 110 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആന്ധ്രയുടെ തീരപ്രദേശം, റായലസീമ, തെലങ്കാന, ഒഡിഷ, തെക്കൻ ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. മധ്യ, വടക്കൻ ആന്ധ്രാപ്രദേശിൽ മണിക്കൂറിൽ 92 മുതൽ 117 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ദുരിതബാധിതർക്ക് ആവശ്യമായ സഹായം നൽകാൻ മുഖ്യമന്ത്രി എൻ. ചന്ദ്ര ബാബു നായിഡു എംഎൽഎമാർക്കും എംപിമാർക്കും നിർദേശം നൽകിയിട്ടുണ്ട്. വിശാഖപട്ടണത്തും വിജയവാഡയിലും എയർ ഇന്ത്യയും ഇൻഡിഗോയും വിമാന സർവീസുകൾ നിർത്തി. വിശാഖപട്ടണം വഴിയുള്ള ട്രെയിൻ സർവീസുകൾ റെയിൽവേയും റദ്ദാക്കി. വാർ റൂം തുറക്കാൻ റെയിൽവേ നിർദേശം നൽകി. ഓരോ മണിക്കൂറിലും സ്ഥിതിഗതികൾ വിലയിരുത്തുകയാണ് ആന്ധ്ര സർക്കാർ.

ബുധനാഴ്ച‌ വൈകുന്നേരം മുതൽ വ്യാഴാഴ്‌ച പുലർച്ചെ വരെ തെക്കൻ ഒഡിഷയിലും തെക്കൻ ഛത്തീസ്ഗഡിലും കിഴക്കൻ തെലങ്കാനയിലും ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 60-70 കിലോ മീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി ആന്ധ്രാ തീരത്തു നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കി. ഏഴ് ജില്ലകളിൽ ആന്ധ്രാ സർക്കാർ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്നാട്ടിൽ ചെന്നൈയിൽ ഉൾപ്പെടെ മഴ ശക്തമായിട്ടുണ്ട്.

കേരളത്തിലും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. മോൻതാ ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്നത് അനുസരിച്ച് കേരളത്തിൽ മഴയുടെ ശക്തിയിൽ കുറവുണ്ടാകും

Send your news and Advertisements

You may also like

error: Content is protected !!