ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചട്ടങ്ങള്‍ ലംഘിച്ചതായി സിആര്‍പിഎഫ്. രാഹുൽ ഗാന്ധി മുന്‍കൂട്ടി അറിയിക്കാതെ വിദേശ യാത്ര നടത്തുന്നുവെന്നും സുരക്ഷാക്രമീകരണങ്ങളെ ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും സിആര്‍പിഎഫ് പറഞ്ഞു. ഇക്കാര്യം അറിയിച്ച് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്കും സിആര്‍പിഎഫ് കത്തയച്ചു.
പത്തിലേറെ സായുധ കമാൻഡോകൾ രാഹുലിനൊപ്പം ഉണ്ട്. രാഹുൽ സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ മുൻകൂർ നിരീക്ഷണം അടക്കം സിആർപിഎഫിന്റെ ചുമതലയാണ്. വിദേശ സന്ദർശനങ്ങളെക്കുറിച്ചു മുൻകൂർ അറിയിപ്പു നൽകുന്നില്ല. ഇറ്റലി, വിയറ്റ്‌നാം, ദുബായ്, ഖത്തര്‍, ലണ്ടന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സന്ദര്‍ശനം ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം. യെല്ലോ ബുക്ക് പ്രോട്ടോക്കോള്‍ പ്രകാരം വിദേശയാത്രയുള്‍പ്പെടെയുള്ള എല്ലാ യാത്രകളെയും കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി പലപ്പോഴും ഇക്കാര്യങ്ങള്‍ അറിയിക്കാറില്ലെന്ന് സിആര്‍പിഎഫ് പറയുന്നു.
രാഹുല്‍ ഗാന്ധിയുടെ മലേഷ്യന്‍ സന്ദര്‍ശന ചിത്രങ്ങള്‍ പുറത്തുവന്നതിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്തിരുന്നു. സുരക്ഷാ വീഴ്ച ഉണ്ടായി എന്നും നേതാക്കള്‍ ആരോപിച്ചിരുന്നു. പിന്നാലെയാണ് സിആര്‍പിഎഫിന്റെ വിശദീകരണം. മലേഷ്യൻ സന്ദർശനത്തിനിടെയുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിൽ കോൺഗ്രസ് നേതൃത്വം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സെഡ് പ്ലസ് സുരക്ഷയുള്ള രാഹുലിന്റെ ചിത്രങ്ങൾ എങ്ങനെ പിന്തുടർന്ന് എടുക്കുന്നു എന്നതായിരുന്നു ചോദ്യം.
അതേസമയം ബിജെപിക്കെതിരായ വോട്ടുകൊള്ള ആരോപണത്തിൽ പുതിയ വെളിപ്പെടുത്തൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരിക്കെ, സിആർപിഎഫിനെ കരുവാക്കി തടയിടാനുള്ള നീക്കമാണിതെന്നു കോൺഗ്രസ് പ്രതികരിച്ചു.