ടെഹ്റാൻ: ഇറാനിൽ ഭരണകൂടവും സൈനിക നേതൃത്വമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സും (IRGC) തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെത്തുടർന്ന്, രാജ്യത്തിന്റെ ഭരണനിയന്ത്രണം ഐആർജിസി ഫലത്തിൽ ഏറ്റെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. നിലവിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രസിഡന്റ് മസൂദ് പെസഷ്കിയാനെ നോക്കുകുത്തിയാക്കി നിർണായക തീരുമാനങ്ങൾ ഐആർജിസി നേരിട്ട് എടുക്കുന്നതായാണ് സൂചന.
പ്രസിഡന്റ് പെസഷ്കിയാനും ഐആർജിസി ചീഫ് അഹമ്മദ് വാഹിദിയും തമ്മിലുള്ള തർക്കം മൂലം ഭരണകൂടം വലിയ പ്രതിസന്ധിയിലാണ്. പുതിയ ഇന്റലിജൻസ് മന്ത്രിയെ നിയമിക്കാനുള്ള പ്രസിഡന്റിന്റെ ശ്രമം ഐആർജിസി തടഞ്ഞതായി ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു. പ്രസിഡൻഷ്യൽ നിയമനങ്ങളും തീരുമാനങ്ങളും ഐആർജിസി തടയുകയും അധികാര നിയന്ത്രണം കൊണ്ടുവരികയും ചെയ്‌തതായാണ് റിപ്പോർട്ട്. ഇതോടെ ഭരണകൂടം കാര്യനിർവ്വഹണത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്‌ച ഒരു പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാനുള്ള പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ ശ്രമങ്ങൾ ഐആർജിസി ചീഫ് കമാൻഡർ അഹമ്മദ് വാഹിദിയുടെ സമ്മർദ്ദത്തെ തുടർന്ന് പരാജയപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഹുസൈൻ ദെഹ്ഗാൻ ഉൾപ്പെടെ നിർദേശിക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികളെയും ഐആർജിസി നിരസിച്ചു. യുദ്ധ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർണായകവും സെൻസിറ്റീവുമായ എല്ലാ നേതൃ സ്ഥാനങ്ങളിലേക്കുമുള്ള നിയമനങ്ങൾ ഐആർജിസി നേരിട്ട് നടത്തുകയും കൈകാര്യം ചെയ്യുകയും വേണമെന്ന് വാഹിദി നിർബന്ധം പിടിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇറാനിയൻ രാഷ്ട്രീയ സംവിധാനത്തിൽ, രഹസ്യാന്വേഷണ മന്ത്രിമാരെ പരമോന്നത നേതാവിന്റെ അംഗീകാരം നേടിയതിന് ശേഷം മാത്രമാണ് പ്രസിഡൻറുമാർ നാമനിർദേശം ചെയ്‌തിരുന്നത്. എന്നാൽ സമീപ ആഴ്ച്ചകളിൽ പരമോന്നത നേതാവ് മൊജ്‌താബ ഖൊമേനിയുടെ സ്ഥിതിയും സ്ഥാനവും വ്യക്തമല്ലാത്തതിനാൽ ഐആർജിസിയാണ് ഇപ്പോൾ പ്രസിഡൻ്റിനെ നിയന്ത്രിക്കുന്നത്. സമീപദിവസങ്ങളിൽ മൊജ്‌താബയുമായി അടിയന്തര കൂടിക്കാഴ്‌ച നടത്താൻ പെസെഷ്കിയൻ പലതവണ ശ്രമിച്ചിരുന്നു, എന്നാൽ പ്രതികരണം ലഭിച്ചിരുന്നില്ല. ഐആർജിയിസിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾക്കൊള്ളുന്ന ഒരു സൈനിക കൗൺസിൽ ഇപ്പോൾ പ്രധാന തീരുമാനങ്ങളിൽ പൂർണ നിയന്ത്രണം ചെലുത്തുകയും മൊജ്‌താബയ്ക്ക് ചുറ്റും സുരക്ഷാ വലയം ഏർപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. രാജ്യത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള സർക്കാർ റിപ്പോർട്ടുകൾ അദ്ദേഹത്തിന് ലഭിക്കുന്നത് തടയുന്നതായും റിപ്പോർട്ടിൽ പറയുന്നു.
മൊജ്‌താബയുടെ ആരോഗ്യസ്ഥിതി നിലവിലെ അധികാര സമവാക്യങ്ങൾക്ക് കാരണമാകുന്നുണ്ടോ എന്നതിനെക്കുറിച്ചും ഊഹാപോഹങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. അതേസമയം, മൊജ്‌താബയുടെ ചില അടുത്ത സഹായികൾ പരമോന്നത നേതാവിൻ്റെ ഓഫീസിലെ പ്രധാന വ്യക്തിയായ അലി അസ്‌ഗർ ഹിജാസിയെ പുറത്താക്കാൻ ശ്രമിക്കുന്നതായി പറയപ്പെടുന്നു. മൊജ്‌താബയുടെ പിന്തുടർച്ചക്കുള്ള ഹിജാസിയുടെ വ്യക്തമായ എതിർപ്പാണ് ഈ സംഘർഷങ്ങൾക്ക് കാരണം.
പിന്തുടർച്ചക്ക് ആവശ്യമായ യോഗ്യതകൾ മൊജ്‌താബയ്ക്കില്ലെന്നും അലി ഖൊമേനി മുന്നോട്ടുവെച്ച തത്വങ്ങൾക്ക് പാരമ്പര്യ പിന്തുടർച്ച അനുയോജ്യമല്ലെന്നും വിദഗ്‌ധ സഭാംഗങ്ങളെ ഹിജാസി താക്കീത് ചെയ്തിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൊജ്താബയെ ഉയർത്തുന്നത് രാജ്യത്തിൻ്റെ മുഴുവൻ നിയന്ത്രണവും ഐർജിസിയ്ക്ക് കൈമാറാൻ ഇടയാക്കുമെന്നും സാധാരണ സിവിൽ സ്ഥാപനങ്ങളെ എന്നെന്നേക്കുമായി മാറ്റി നിർത്തുമെന്നും ഹിജാസി മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്. യുദ്ധത്തിന്റെ ആദ്യ ആഴ്‌ചയിൽ ഒരു വ്യോമാക്രമണത്തിൽ ഹിജാസിയെ ലക്ഷ്യമിട്ടതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അദ്ദേഹം ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്ന് പിന്നീടുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നയതന്ത്ര ചർച്ചകൾക്ക് താല്പര്യപ്പെട്ടിരുന്ന സിവിലിയൻ സർക്കാരിനെ മാറ്റിനിർത്തിക്കൊണ്ട് IRGC നേരിട്ട് ഭരണം നിയന്ത്രിക്കുന്നത് മേഖലയിലെ സംഘർഷം വർദ്ധിപ്പിക്കാൻ കാരണമാകും. ഇസ്രായേലുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിൽ ഐആർജിസി കൂടുതൽ ആക്രമണോത്സുകമായ നിലപാട് സ്വീകരിച്ചേക്കാം. സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയെ ഈ മാറ്റങ്ങൾ ബാധിക്കും. ഐആർജിസിക്ക് കീഴിലുള്ള ഇറാൻ കൂടുതൽ കടുത്ത നിലപാട് സ്വീകരിക്കുന്നത് അയൽരാജ്യങ്ങളെ പുതിയ പ്രതിരോധ നടപടികളിലേക്ക് നയിച്ചേക്കാം.
യുദ്ധം തുടരുന്നത് ഇറാനിലെ എണ്ണ ഉൽപാദനത്തെയും വിതരണത്തെയും ബാധിച്ചിട്ടുണ്ട്. സിവിലിയൻ ഗവൺമെന്റ് സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ശ്രമിക്കുമ്പോഴും, ഐആർജിസി തങ്ങളുടെ സൈനിക ബജറ്റ് വർദ്ധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സൈന്യം ഭരണം പിടിച്ചെടുത്തത് ഇറാനിലെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായേക്കാം. സാമ്പത്തിക മാന്ദ്യവും കർശനമായ സൈനിക നിയന്ത്രണങ്ങളും ജനജീവിതം കൂടുതൽ ദുസ്സഹമാക്കിയിട്ടുണ്ട്.

