ഡാർവിൻ: ഡാർവിൻ തുറമുഖത്തിന്റെ (Port of Darwin) നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ഓസ്‌ട്രേലിയൻ സർക്കാരിന്റെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ചൈന. ലാൻഡ്‌ബ്രിഡ്ജ് ഗ്രൂപ്പ് എന്ന ചൈനീസ് കമ്പനിയുടെ 99 വർഷത്തെ പാട്ടം റദ്ദാക്കാനുള്ള ഓസ്‌ട്രേലിയൻ സർക്കാരിന്റെ നീക്കങ്ങൾ അധാർമ്മികമാണെന്ന് ചൈനീസ് അംബാസഡർ സിയാവോ ക്വിയാൻ വ്യക്തമാക്കി. തുറമുഖം ബലമായി തിരിച്ചുപിടിച്ചാൽ ചൈനീസ് കമ്പനികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്ന് ഓസ്‌ട്രേലിയയിലെ ചൈനീസ് അംബാസഡർ സിയാവോ ക്വിയാൻ (Xiao Qian) വ്യക്തമാക്കി. ഇത് ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം ചൈനീസ് അംബാസഡറിനു മറുപടിയായി “ദേശീയ താൽപ്പര്യം” കണക്കിലെടുത്ത് ഈ തീരുമാനവും ആയി മുൻപോട്ടു പോകേണ്ടതുണ്ടെന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസി വ്യക്തമാക്കി. നോർത്തേൺ ടെറിട്ടറി മുഖ്യമന്ത്രി ലി പാച്ചോയും പ്രതിപക്ഷവും ഈ കാര്യത്തിൽ എത്രയും വേഗം നടപടി വേണമെന്ന് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2025-ലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തുറമുഖത്തിന്റെ ഉടമസ്ഥാവകാശം തിരിച്ചുപിടിക്കുമെന്ന് ഓസ്‌ട്രേലിയയിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്തിരുന്നു.
2015-ലാണ് നോർത്തേൺ ടെറിട്ടറി ഗവൺമെന്റ് ഡാർവിൻ തുറമുഖം ചൈനീസ് കമ്പനിയായ ലാൻഡ്ബ്രിഡ്ജ് ഗ്രൂപ്പിന് (Landbridge Group) 506 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിന് 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയത്. ഓസ്‌ട്രേലിയയുടെ സൈനിക കേന്ദ്രങ്ങൾക്കും അമേരിക്കൻ നാവികസേനയുടെ നീക്കങ്ങൾക്കും ഈ തുറമുഖം തന്ത്രപ്രധാനമാണ്. ഒരു ചൈനീസ് കമ്പനിക്ക് ഇവിടെ നിയന്ത്രണം നൽകുന്നത് ദേശീയ സുരക്ഷയെ ബാധിക്കുമെന്ന് ഓസ്‌ട്രേലിയൻ സുരക്ഷാ ഏജൻസികളും അമേരിക്കയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
തുറമുഖം തിരിച്ചുപിടിക്കാനുള്ള നീക്കങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ചൈനീസ് കമ്പനി ലാൻഡ്ബ്രിഡ്ജും വ്യക്തമാക്കിയിട്ടുണ്ട്. ഈ തുറമുഖത്തെ ചൈനയുടെ ആഗോള സാമ്പത്തിക പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് ലാൻഡ്ബ്രിഡ്ജ് ഗ്രൂപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കരാർ റദ്ദാക്കിയാൽ ചൈനീസ് കമ്പനിക്ക് വൻതുക നഷ്ടപരിഹാരം നൽകേണ്ടി വരും. ലാൻഡ്ബ്രിഡ്ജ് ഗ്രൂപ്പ് ഏകദേശം 1.3 ബില്യൺ ഡോളറാണ് കൈമാറ്റത്തിനായി ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ.



