ബീജിങ് : ബ്രഹ്‌മപുത്ര നദിയിൽ ലോകത്തിലെ ഏറ്റവും വലിയ ഡാമിന്റെ നിർമാണം ആരംഭിച്ച് ചൈന. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ടിബറ്റിലെ ഇന്ത്യ–ചൈന അതിർത്തിയിൽ അരുണാചൽ പ്രദേശിനടുത്തുള്ള നിങ്ചിയിലാണ് 16,700 കോടി ഡോളറിന്റെ പദ്ധതി. 5 വൈദ്യുത പദ്ധതികൾ ഉൾക്കൊള്ളുന്ന അണക്കെട്ട്, ലോകത്ത് നിലവിലെ ഏറ്റവും വലിയ അണക്കെട്ടായ ചൈനയുടെ തന്നെ ‘ത്രീ ഗോർജസ് ഡാം’ പദ്ധതിയെയും പിന്നിലാക്കുന്നതാണെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ ബ്രഹ്‌മപുത്ര നദി ടിബറ്റിൽ യാർലുങ് സാങ്പോ എന്നാണ് അറിയപ്പെടുന്നത്.
അണക്കെട്ടിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ടിബറ്റിലും ചൈനയിലെ മറ്റ് സ്ഥലങ്ങളിലുമായി ഉപയോഗിക്കുമെന്ന് ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. അണക്കെട്ട് പൂർത്തിയാകുമ്പോൾ നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത നിലയമായ ചൈനയിലെ ത്രീ ഗോർജസ് ഡാമിനെക്കാൾ മൂന്നിരട്ടി വൈദ്യുതി ഉത്പാദനമാകും നടക്കുക. കഴിഞ്ഞ ഡിസംബറിലാണ് ചൈനീസ് സർക്കാർ അണക്കെട്ട് പദ്ധതി പ്രഖ്യാപിച്ചത്.
അണക്കെട്ടിൻ്റെ നിർമാണം പൂർത്തിയാകുന്നതോടെ അതിർത്തി പങ്കിടുന്ന ഇന്ത്യയും ബംഗ്ലാദേശുമാണ് ഏറ്റവും ആശങ്കയുണ്ടാകുക. ജലത്തിന്റെ ഒഴുക്ക്, പാരിസ്ഥിതിക സന്തുലിതാവസ്ഥ, ഭൗമരാഷ്ട്രീയപരമായ പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് ഇന്ത്യയും ബംഗ്ലാദേശും ഇതിനകം ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. ബ്രഹ്‌മപുത്ര നദിക്ക് കുറുകെ നിർമിക്കുന്ന അണക്കെട്ടിനെ ‘വാട്ടർ ബോംബ്’ എന്നാണ് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു പ്രതികരിച്ചത്. കൂടാതെ ഈ പ്രദേശം ഭൂകമ്പ സാധ്യതയുള്ളതാണെന്നും പാരിസ്ഥിതിക നാശ നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ അതിർത്തിയിലുള്ള രാജ്യങ്ങളുമായി ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും ഡാം ഇന്ത്യയ്ക്കും ബംഗ്ലാദേശിനും വെല്ലുവിളി ആകില്ലെന്നുമാണ് ചൈനയുടെ വാദം.
ഇന്ത്യയുമായി സംഘർഷമുണ്ടായാൽ അണക്കെട്ടിനെ ഒരു ആയുധമായി ചൈന ഉപയോഗിച്ചേക്കാമെന്ന ഭീഷണിയുമുണ്ട്. ജലമൊഴുക്കു തടഞ്ഞാൽ അത് കർഷകരെയടക്കം ബാധിക്കും. വെള്ളം പെട്ടെന്നു തുറന്നു വിട്ടാൽ അതു മിന്നൽപ്രളയത്തിനു കാരണമാകും. കൃഷിഭൂമികളെയും ജനവാസമേഖലകളെയും അടക്കം അതു ബാധിക്കും.