ചെട്ടികുളങ്ങര ദേശം ഭരണി ആഘോഷത്തിൻ്റെ തിരക്കിൽ, കുതിരമൂട്ടിൽ കഞ്ഞിയുടെ, കെട്ടുകാഴ്ച നിർമ്മാണങ്ങളുടെ,ഭരണി ആഘോഷത്തിൻ്റെ സദ്യവട്ടങ്ങൾ ഒരുക്കുന്നതിൻ്റെ ഒക്കെ തിരക്കിലാണ് ഓരോ ചെട്ടികുളങ്ങര നിവാസിയും. അതേ ഒരുനാട്, നാട്ടുകാര് എല്ലാവരും കുംഭഭരണി ആഘോഷവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിലാണ്, എല്ലാവർക്കും, എവിടേയും പറയാനും കേൾക്കാനും ഒരൊറ്റവാക്ക് കുംഭ ഭരണി.
ചെട്ടികുളങ്ങരക്കാർക്ക് ഓണത്തേക്കാൾ പ്രാധാനമാണ് കുംഭഭരണി, പുറംനാടുകളിൽ ജോലി ചെയ്യുന്നവർ ഓണത്തിന് നാട്ടിലെത്തിയില്ലെങ്കിലും അവർ അമ്മയുടെ ഈ ആഘോഷത്തിൽ പങ്കെടുക്കാനെത്തും. ഭരണിനാളിൽ ഉത്സവം കാണാൻ പോകാനായി മാത്രമല്ല, കെട്ടുകാഴ്ച ഒരുക്കാൻ / നിർമ്മാണത്തിൽ സഹായിക്കാൻ കുതിരമൂട്ടിൽകഞ്ഞി വിളമ്പാൻ, കുത്തിയോട്ട വീട്ടുകളിലെ വിവിധങ്ങളായ ചടങ്ങുകളുടെ ഭാഗമാകാൻ അങ്ങനെ വിവിധങ്ങളായ നിരവധി കാര്യങ്ങൾ കുംഭഭരണിയുമായി ബന്ധപ്പെട്ട് ഓരോ ചെട്ടികുളങ്ങരക്കാരനുമായും ചേർന്നു നില്ക്കുന്നു.
ഇത് ഒരു തരം “ഉത്സാഹക്കമ്മറ്റി’ യല്ല. ഭയഭക്തിബഹുമാനത്തോടെയുള്ള ഒരു സമർപ്പണമായി കണ്ട് പ്രവർത്തിക്കുന്നവർ. 13 കരകളിലും കെട്ടുകാഴ്ച നിർമ്മാണവും പുരോഗമിക്കുന്നു. ഞങ്ങളുടെ, കരയിലും കൂടാതെ തൊട്ടടുത്ത നാലുകരകളിലേയും കെട്ടുകാഴ്ചകളുടെ നിർമ്മാണ സ്ഥലത്തുപോയി. അവിടെ നിന്നും പകർത്തിയ ചിത്രവും ഇവിടെ പങ്കു വെക്കുന്നു (കവർ ചിത്രം).
ഫെബ്രുവരി 23-നാണ് ചരിത്ര പ്രസിദ്ധമായ ചെട്ടികുളങ്ങര ഭരണി. എത്ര പറഞ്ഞാലും തീരില്ല. നേരെ ചെട്ടികുളങ്ങരയ്ക്കു പോരുക നേരിൽകണ്ട് ബോദ്ധ്യപ്പെടുക. എങ്കിലും കുറച്ചെങ്കിലും മനസ്സിലാകാൻ വേണ്ടിയുള്ള ഒരു എളിയ ശ്രമം മാത്രം.
വീടുകളിലെ അൻപൊലി സമർപ്പണം, അൻപൊലി എഴുന്നള്ളത്ത്, കുംഭഭരണി സമയത്തുനടക്കുന്ന കുതിരമൂട്ടിൽകഞ്ഞി, വീടുകളിൽ നടക്കുന്ന കുത്തിയോട്ട വഴിപാട്, ഭരണി നാളിൽ രാവിലെ കുത്തിയോട്ട സമർപ്പണത്തിനായുള്ള കുത്തിയോട്ട വരവ്, വൈകിട്ട് ക്ഷേത്രത്തിലെത്തുന്ന 13 കരക്കാരുടെ നയനമനോഹരമായ കെട്ടുകാഴ്ച.
തീർന്നില്ല, വെളുപ്പിന്, കിഴക്കുവശത്തുള്ള കാഴ്ചക്കണ്ടത്തിൽ അണിനിരന്ന അംബരചുംബികളായ കെട്ടുകാഴ്ച കാണാൻ ജീവതയിൽ എഴുന്നള്ളുന്നത് പോരാ ഒരു മാസം കഴിഞ്ഞ് മീനമാസത്തിലെ അശ്വതിനാൾ ക്ഷേത്രാങ്കണവും കാഴ്ചക്കണ്ടവും നിറയുന്ന നൂറു കണക്കിന് കെട്ടുകാഴ്ചകളും ദേവിയുടെ എഴുന്നള്ളത്തും തുടർന്ന് ദേവിയുടെ കൊടുങ്ങല്ലൂർ യാത്രയും….
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ഇത്രയും കാര്യങ്ങൾ കണ്ടിട്ടുള്ള ഒരാൾ പറയും, ഇത്രയും സവിശേഷതകൾ നിറഞ്ഞ ഒരു ക്ഷേത്രം മറ്റെവിടെയുമില്ല. ഇത്രയും പുണ്യം ചെയ്ത ഒരുനാടും മറ്റെങ്ങും കാണാൻ കഴിയില്ല! കേരളത്തിൻ്റെ ഏതു പ്രദേശത്തുള്ള കുടുംബമായാലും ജോലി സംബന്ധമായോ മറ്റേതെങ്കിലും രീതിയിലോ ചെട്ടികുളങ്ങരയിലെ 13 കരകളിൽ എവിടെയെങ്കിലും ഒന്നോ രണ്ടോ വർഷക്കാലം വാടകയ്ക്കു താമസിച്ചാൽ അവർ പറയും, ‘ഇവർ എന്തൊരുഭാഗ്യം ചെയ്തവർ’ ഇതുപോലെ അനുഗൃഹീതമായ ഒരു നാട്ടിൽ താമസിക്കുന്ന ഇവരുടെ ഒരു ഭാഗ്യമേ….
ചെട്ടികുളങ്ങര അമ്മയുടെ മണ്ണിൽ “അഞ്ച്സെൻറ് “ഭൂമി വാങ്ങി നമുക്കും ഇവിടെ കൂടാം. അതിശയോക്തിയല്ല, ചെട്ടികുളങ്ങര പഞ്ചായത്തിൽ ദൂരനാട്ടിൽ നിന്നും വന്ന് സ്ഥലം വാങ്ങി വീടുവയ്ക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. സാധാരണ നാട്ടിൻപുറത്തുള്ളവർ, ജില്ലാ ആസ്ഥാനത്തും, തലസ്ഥാനത്തും മറ്റ് ടൗൺഷിപ്പുകളിലും വീട് വയ്ക്കുന്നത് സ്വാഭാവികം, പക്ഷേ ചെട്ടികുളങ്ങര ഒരു പഞ്ചായത്തും. മറ്റ് അടിസ്ഥാ സാകര്യമല്ല ഇവിടേയ്ക്ക് വരാൻ പ്രേരിപ്പിക്കുന്നതും എങ്ങനെ വരാതിരിക്കും.
അതാണ് ചെട്ടികുളങ്ങര എന്നപുണ്യഭൂമി, ചെട്ടികുളങ്ങര അമ്മവാഴും നാട്.
ഈ നാട്ടിൽ അമ്മയോട് ചേർന്ന കരയിൽ / രണ്ടും കരയായ ഈരേഴ വടക്ക് താമസിക്കാൻ കഴിയുന്നത് ഞങ്ങളുടേയും ഭാഗ്യം. നാളെയാണ് ചരിത്ര പ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണി.
ഭരണി വിശേഷം തുടരും…
വിജയൻ ന്യൂസ് പ്രിന്റ് നഗർ


