വാഷിങ്ടൻ: യുഎസ് പ്രസിഡന്റിന്റെ ഉറ്റ അനുയായിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാർലി കിർക്കിന്റെ കൊലപാതകി പിടിയിൽ. 22-കാരനായ ടെയ്‌ലർ റോബിൻസനാണ് പിടിയിലായത്. കൊലപാതകം നടന്ന യൂട്ടാ സർവകലാശാല ക്യാംപസിൽ നിന്ന് 400 കിലോമീറ്റർ അകലെ സിയോൺ നാഷനൽ പാർക്കിനു സമീപത്തു നിന്നാണ് റോബിൻസനെ അറസ്റ്റ് ചെയ്തത്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് തന്നെയാണ് പ്രതിയെ പിടികൂടിയ കാര്യം ആദ്യം അറിയിച്ചത്. പ്രതിയുടെ അച്ഛൻ തന്നെയാണ് പ്രതിയെ കുറിച്ച് അധികൃതർക്ക് വിവരം നൽകിയതെന്നും ട്രംപ് പറഞ്ഞു.
പിന്നാലെ യൂട്ടാ ഗവർണർ ജെയിംസ് കോക്‌സും എഫ്ബിഐ ഡയറക്‌ടർ കാഷ് പട്ടേലും പ്രാദേശിക പൊലിസ് മേധാവികളും നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതിയെ പിടികൂടിയതായി സ്ഥിരീകരിക്കുകയും കൂടുതൽ വിവരങ്ങൾ പങ്കിടുകയും ചെയ്‌തു. പ്രതി ഇപ്പോൾ യൂട്ടായിലെ ജയിലിൽ ആണെന്നും അന്വേഷണം ആരംഭിച്ചെന്നും ഗവർണർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രതിയ്ക്കായി വ്യാപക തിരച്ചിലാണ് എഫ്ബിഐ നടത്തിയത്. അക്രമിക്കു വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി സുരക്ഷാ ക്യാമറയിൽ നിന്നുള്ള ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും എഫ്ബിഐ പ്രഖ്യാപിച്ചിരുന്നു. കിർക്കിൻ്റെ മരണ വിവരം ഡൊണാൾഡ് ട്രംപ് തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ പുറം ലോകത്തെ അറിയിച്ചത്. തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്‌ടപ്പെട്ടതെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്. ബുധനാഴ്ചയായിരുന്നു യൂട്ടാ യൂണിവേഴ്‌സിറ്റിയിൽ പ്രസംഗിക്കുന്നതിനിടെ ട്രംപിൻ്റെ വിശ്വസ്തനും അനുയായിയുമായ ചാർളി കിർക്കിന് കഴുത്തിൽ വെടിയേറ്റത്.
കർക്കിനു മരണാനന്തര ബഹുമതിയായി ‘പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം’ പ്രഖ്യാപിച്ച ട്രംപ് സംസ്‌കാര ചടങ്ങിലും പങ്കെടുക്കും. വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും ഭാര്യ ഉഷയും സോൾട്ട് ലേക്ക് സിറ്റിയിലുള്ള കർക്കിൻ്റെ കുടുംബത്തെ സന്ദർശിച്ചു. കർക്കിന്റെ ഭൗതിക ശരീരം അദ്ദേഹം സ്‌ഥാപിച്ച ‘ടേണിങ് പോയിന്റ്’ എന്ന സംഘടനയുടെ ആസ്‌ഥാനത്തെത്തിച്ചു. തുടർന്ന് യുഎസ് സംസ്ഥാനമായ അരിസോനയിലെ ഫീനിക്‌സ് നഗരത്തിലുള്ള വീട്ടിലേക്ക് എയർഫോഴ്‌സ് ടു വിമാനത്തിൽ എത്തിച്ചു. ഉഷയും വാൻസും കർക്കിൻ്റെ ഭാര്യ എറികയെ അനുഗമിച്ചു.
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തൻ ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു.