വാഷിങ്ടൻ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തൻ ചാർലി കിർക്ക് (31) വെടിയേറ്റ് മരിച്ചു. അമേരിക്കന്‍ വലതുപക്ഷ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ ഭാവി മുഖം എന്ന് വിശേഷിപ്പിക്കപ്പെട്ട, ഭാവി അമേരിക്കന്‍ പ്രസിഡന്റ് എന്നുപോലും വിലയിരുത്തപ്പെട്ട വ്യക്തിയാണ് ചാർലി. ഡോണൾഡ് ട്രംപാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവാർത്ത പുറത്തുവിട്ടത്. ‘മഹാനായ ചാര്‍ളി കിര്‍ക്ക് കൊല്ലപ്പെട്ടിരിക്കുന്നു. അമേരിക്കയിലെ യുവാക്കളുടെ ഹൃദയത്തെ ചാര്‍ളിയെക്കാള്‍ മറ്റാര്‍ക്കും നന്നായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല, എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തു, പ്രത്യേകിച്ച് ഞാൻ. ഇപ്പോൾ അദ്ദേഹം നമ്മോടൊപ്പമില്ല. എന്റെ അനുശോചനം അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിക്കുന്നു. ചാർലി, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
യൂട്ടവാലി സർവകലാശാലയിൽ ബുധനാഴ്‌ച നടന്ന ചടങ്ങിനിടെയായിരുന്നു ചാർലി കിർക്കിനു വെടിയേറ്റത്. കൂട്ട വെടിവയ്പ്പിനെ കുറിച്ചുള്ള ഒരു വിദ്യാർഥിയുടെ ചോദ്യത്തിനു ചാർലി മറുപടി നൽകുന്നതിനിടെയാണ് വെടിവയ്‌പ് നടന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. യുവജനസംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സ്ഥാപകനെന്ന നിലയിലും അമേരിക്കന്‍ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും അദ്ദഹം നിറഞ്ഞു നിന്നിരുന്നു.
ഷിക്കാഗോയില്‍ ഒരു ആര്‍ക്കിടെക്ടിന്റെ മകനായാണ് ചാര്‍ളി കിര്‍ക്ക് ജനിക്കുന്നത്. ഷിക്കാഗോയിലെ കമ്മ്യൂണിറ്റി കോളേജില്‍ വിദ്യാര്‍ഥിയായിരുന്ന ചാര്‍ളി പിന്നീട് പഠനം ഉപേക്ഷിച്ചാണ് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 2012-ല്‍ 18 വയസ്സുള്ളപ്പോഴാണ് ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയ്ക്ക് ചാര്‍ളിയും വില്ല്യം മോണ്‍ഡ്ഗോമെരിയും ചേര്‍ന്ന് രൂപം നല്‍കിയത്. കുടുംബമൂല്യങ്ങള്‍, സ്വതന്ത്ര വിപണി, ക്രിസ്ത്യന്‍ നാഷണലിസം തുടങ്ങിയ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് ഈ സംഘടന ആരംഭിച്ചത്. നിലവില്‍ അമേരിക്കയിലെ 850 കോളേജുകളില്‍ സംഘടനയ്ക്ക് ഘടകങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപിനെ തിരഞ്ഞെടുത്തതിൽ ചാര്‍ളി കിര്‍ക്കിനും ടേണിങ് പോയിന്റ് യുഎസ്എയ്ക്കും നിര്‍ണായകമായ പങ്കുണ്ടായിരുന്നു. ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായി ചാര്‍ളി കിര്‍ക്ക് മാറി.
ട്രംപിന്റെ മകനേക്കാള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയാകാന്‍ യോഗ്യന്‍ ചാര്‍ളി കിര്‍ക്കാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചില ആരാധകരുടെ അഭിപ്രായം. ഏറെ വൈകാതെ തന്നെ റിപ്പബ്ലിക് പാര്‍ട്ടിയുടെ നേതൃത്വമായും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായെല്ലാം കിര്‍ക്ക് ഉയര്‍ന്നുവരുമെന്നായിരുന്നു പലരും വിലയിരുത്തിയിരുന്നത്. അതിനിടയിലാണ് അമേരിക്കയെയും ലോകത്തെയും ഞെട്ടിച്ച കൊലപാതകമുണ്ടാവുന്നത്. കിര്‍ക്കിനോടുള്ള ആദരസൂചകമായി പതാകകള്‍ പാതി താഴ്ത്തിക്കെട്ടാന്‍ ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പടെയുള്ളവര്‍ കൊലപാതകത്തിൽ ഞെട്ടല്‍ രേഖപ്പെടുത്തി.