ബ്രാംപ്ടൺ, കാനഡ: പ്രായപൂർത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ചതിന് കാനഡയിൽ മലയാളി വൈദികൻ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയും സീറോ മലബാർ സഭയിലെ വൈദികനുമായ ഫാദര്‍ ജെയിംസ് ചെരിക്കല്‍ എന്ന 60 കാരനാണ് അറസ്റ്റിലായത്. ബ്രാംപ്ടൺ സെന്റ് ജെറോംസ് കത്തോലിക്കാ പള്ളിയിലെ വൈദികനായ ഫാ. ജെയിംസ് ചെരിക്കലിനെയാണ് ലൈംഗികാതിക്രമം, ലൈംഗിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്‌തതെന്ന് പീൽ റീജനൽ പൊലീസ് അറിയിച്ചു. ഇതേത്തുടർന്ന് ഫാ. ജെയിംസ് ചെരിക്കലിനെ വൈദിക ശുശ്രൂഷയിൽ നിന്ന് താൽക്കാലികമായി പുറത്താക്കിയതായി ടൊറന്റോ അതിരൂപത അറിയിച്ചു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ടൊറന്റോ അതിരൂപതയിലെ നിരവധി പള്ളികളിൽ സേവനം ചെയ്യുകയായിരുന്നു ജെയിംസ് ചെരിക്കൽ. 16 വയസിൽ താഴെ പ്രായമുള്ള കുട്ടികളോടുള്ള ലൈംഗിക കുറ്റകൃത്യങ്ങൾക്കാണ് ജെയിംസ് ചെരിക്കൽ അറസ്റ്റിലായത്. ഡിസംബർ 18-നാണ് പീൽ റീജിയണൽ പൊലീസ് വൈദികനെതിരെ ലൈംഗികാതിക്രമം കുറ്റംചുമത്തി കേസ് എടുത്തത്. അറസ്റ്റ് സ്ഥിരീകരിച്ച അതിരൂപത, കേസില്‍ കുറ്റാരോപണം നേരിടുന്ന വ്യക്തി നിയമപരമായി കുറ്റക്കാരനെന്ന് തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയാണെന്നും നിയമപരമായ എല്ലാ നടപടികളും ലഭിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും വിശദമാക്കി. താമരശ്ശേരി അതി രൂപതയിലെ അംഗമാണ് ഫാദർ ജെയിംസ് ചെരിക്കൽ.



