ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി.പി രാധാകൃഷ്‌ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മുതിർന്ന നേതാക്കൾക്കുമൊപ്പം മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.
തമിഴ്‌നാട്ടിൽ നിന്ന് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് രാധാകൃഷ്ണൻ. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 452 വോട്ട് നേടിയാണ് എൻഡിഎ സ്ഥാനാർഥിയായ അദേഹം ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ സഖ്യത്തിൻ്റെ സ്ഥാനാർഥി ബി. സുദർശൻ റെഡിയ്ക്ക് 300 വോട്ടാണ് ലഭിച്ചത്. 781 എംപിമാരിൽ 767 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. റെക്കോർഡ് സംഖ്യയായ 98.2 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. ഇതിൽ 15 വോട്ടുകൾ അസാധുവായി.
എൻഡിഎയിലെ 427 എംപിമാരെ കൂടാതെ വൈഎസ്ആർസിപിയിലെ 11 എംപിമാരും രാധാകൃഷ്‌ണനെ പിന്തുണച്ചു. മാത്രമല്ല പ്രതിപക്ഷത്ത് നിന്ന് ചോർന്ന 14 വോട്ടും രാധാകൃഷ്ണന് അധികമായി ലഭിച്ചു. ജഗ്‌ദീപ് ധൻകർ രാജിവച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അനിവാര്യമായത്. തിരുപ്പുർ സ്വദേശിയായ സി.പി രാധാകൃഷ്‌ണൻ ആർ.എസ്.എസ് പ്രവർത്തകനായി തുടങ്ങി ജനസംഘിൽ എത്തി. 1980-ൽ ബിജെപി രൂപീകരിച്ച ശേഷം തമിഴ്‌നാട്ടിൽ പല സംഘടനാ പദവികളും വഹിച്ചു. 1998-ൽ കോയമ്പത്തൂരിൽ നിന്ന് ലോക്‌സഭയിലെത്തി. ജാർഖണ്ഡ്, തെലങ്കാന ഗവർണർ, പുതുച്ചേരി ലെഫ്. ഗവർണർ പദവികളും വഹിച്ചിട്ടുണ്ട്. 2024 ജൂലൈയിൽ മഹാരാഷ്ട്ര ഗവർണറായി. 2020 മുതൽ 2022 വരെ ബിജെപിയുടെ കേരള പ്രഭാരിയുടെ ചുമതലയും വഹിച്ചിരുന്നു.