പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി. എറണാകുളം സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നൽകിയത്. ആർഎസ്എസ് ബിജെപി നേതാക്കൾക്ക് നേരത്തെയും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളിൽ മുൻപന്തിയിൽ നിൽക്കാനുള്ള അർഹത കൃഷ്ണകുമാറിനില്ല, കൃഷ്ണകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും യുവതിയുടെ പരാതിയിൽ ആവശ്യപ്പെടുന്നു.
അതേസമയം പാലക്കാട് സ്വദേശി നല്‍കിയ പീഡന പരാതി തള്ളി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍. പരാതിക്ക് പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്നും ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും സി കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2015-ലും 2020-ലും പൊട്ടാതെ പോയ പടക്കമായിരുന്നു ഈ പരാതി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിവില്ലെന്ന് കണ്ടെത്തിയ കേസാണിതെന്ന് സി കൃഷ്ണകുമാർ പറഞ്ഞു.
2014-ൽ പൊലീസിൽ യുവതി പീഡന പരാതി നൽകിയിരുന്നു. പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെന്നും സി കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു. സ്വത്ത് തർക്ക കേസിന് ബലം കിട്ടാനാണ് ലൈംഗിക പീഡന പരാതി ഉന്നയിച്ചതെന്ന് സി കൃഷ്ണകുമാര്‍ പറയുന്നു. രണ്ട് കേസുകളാണ് തനിക്കെതിരെ പരാതിക്കാരി ഉയര്‍ത്തിയത്. സ്വത്ത് തർക്കത്തിലും ലൈംഗിക പീഡന പരാതിയിലും നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2023 -ൽ സ്വത്ത് തർക്ക കേസിൽ അനുകൂല ഉത്തരവ് വന്നു. പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെന്നും സി കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏത് തരം അന്വേഷണത്തിനും തയ്യാറാണെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ വിശദീകരണം ചോദിച്ചാൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവിന് സന്ദീപ് വാര്യരെ കുറിച്ച് അറിയില്ലെന്ന് തോന്നുന്നുവെന്നും സി കൃഷ്ണകുമാര്‍ പരിഹസിച്ചു.
ഈ നനഞ്ഞ പടക്കവുമായാണോ കോൺഗ്രസ് വരുന്നതെന്ന് സി കൃഷ്ണകുമാർ ചോദിച്ചു. ഇത് എന്തിന്റെ പേരിൽ കൊടുത്ത കള്ള പരാതിയാണെന്ന് പാർട്ടിയ്ക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് പാർട്ടി അന്വേഷിക്കാതിരുന്നതും നടപടി എടുക്കാതിരുന്നതെന്നും സി കൃഷ്ണകുമാർ വ്യക്തമാക്കി. 2015-ൽ താൻ മത്സരിക്കുമ്പോഴും 2020-ൽ ഭാര്യ മത്സരിക്കുമ്പോഴും ഇതേ പരാതി വന്നു. 2010-ൽ പാലക്കാട് നിന്ന് പോയതാണ് യുവതി. ഇതിൽപിന്നെ യുവതിയുമായി യാതൊരു ബന്ധവും ഉണ്ടായിട്ടില്ല. ഒരു കുടുംബ തർക്കത്തെ ഇത്ര നീചമായി കൊണ്ടുവന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സമരത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് വേണ്ടെന്നും തന്റെ മടിയിൽ കനമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പരാതിയും വാർത്തയും നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി കൃഷ്ണകുമാർ വ്യക്തമാക്കി.