തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഇന്ന് ആരംഭിക്കും. ഇനി പത്തുനാൾ ആറ്റുകാൽ ക്ഷേത്രവും പരിസരവും ദേവീമന്ത്രങ്ങളാൽ മുഖരിതമാകും. വൈകിട്ട് 5.30-ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവം തുടങ്ങും. പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിലെ പ്രധാന ചടങ്ങായ പൊങ്കാല മാർച്ച് 3-നാണ് നടക്കുന്നത്.
രാത്രി 8:30-ന് അംബ സ്റ്റേജിൽ നടൻ മോഹൻലാൽ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. ട്രസ്റ്റിന്റെ ആറ്റുകാൽ അംബാ പുരസ്കാരം മോഹൻലാലിന് സമർപ്പിക്കും. രാത്രി 10-ന് നന്ദഗോവിന്ദം ഭജൻസ് ഉണ്ടാകും.
മൂന്നാം ഉത്സവദിവസമായ 25ന് രാവിലെ 8.45ന് കുട്ടികളുടെ കുത്തിയോട്ട വ്രതം തുടങ്ങും. പൊങ്കാല ദിവസമായ മാർച്ച് 3-ന് രാവിലെ 9.45-ന് അടുപ്പ്‌വെട്ട് ചടങ്ങ് നടക്കും. ഉച്ചയ്ക്ക് 2:15-ന് പൊങ്കാല നിവേദ്യം. രാത്രി 10:45-ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളിപ്പ്. മാർച്ച് 4-ന് രാത്രി നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.


