Tuesday, May 26, 2026
Home » നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു; അൻവറിന് ഗ്യാസ് സിലിണ്ടർ, ജി. സുധാകരന് തെങ്ങിൻ തോട്ടം.
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു; അൻവറിന് ഗ്യാസ് സിലിണ്ടർ, ജി. സുധാകരന് തെങ്ങിൻ തോട്ടം.

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.

by Editor

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ അന്തിമ മത്സരചിത്രം തെളിഞ്ഞു. 140 നിയോജക മണ്ഡലങ്ങളിലായി 890 സ്‌ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ആകെ 1254 സ്ഥഥാനാർഥികളാണ് നാമനിർദേശപത്രിക സമർപ്പിച്ചിരുന്നത്. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് സ്ഥാനാർഥികളുടെ പട്ടികയായത്.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും മത്സരചിത്രം തെളിഞ്ഞതോടെ രാഷ്ട്രീയ പാർട്ടികൾ ഇനി പ്രചാരണ പരിപാടികൾ കൂടുതൽ സജീവമാക്കും. തിരുവനന്തപുരം, പേരാവൂർ മണ്ഡലങ്ങളിലാണ് ഏറ്റവുമധികം സ്ഥാനാർഥികൾ മത്സരിക്കുന്നത്. രണ്ടിടത്തും 11 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മൂന്നുമുന്നണികൾ മാത്രം മത്സരിക്കുന്ന മാനന്തവാടിയാണ് ഏറ്റവും കുറവ് സ്ഥാനാർഥികളുള്ള മണ്ഡലം.

ഇന്നലെ സൂഷ്‌മ പരിശോധന കഴിഞ്ഞപ്പോൾ ആകെ 985 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്ന് പത്രിക പിൻവലിക്കാനുള്ള അവസാന സമയം കഴിഞ്ഞപ്പോഴേക്കും സ്ഥാനാർഥികളുടെ എണ്ണം 890 ആയി കുറഞ്ഞു. പ്രമുഖ മുന്നണികളുടെ സ്ഥാനാർഥികളുടെയെല്ലാം പത്രികകൾ സ്വീകരിക്കപ്പെട്ടതോടെ ഡമ്മി സ്ഥാനാർഥികൾ പത്രികകൾ പിൻവലിച്ചിരുന്നു. ഇതിനൊപ്പം ചില സ്വതന്ത്രരും മഞ്ചേശ്വരത്തെ എസ്‌ഡിപിഐ സ്ഥാനാർഥിയും പത്രിക പിൻവലിച്ചു.

സ്വതന്ത്ര സ്ഥാനാർഥികളുടെ ചിഹ്നത്തിലും തീരുമാനമായി. എലത്തൂരിൽ മത്സരിക്കുന്ന എ.കെ ശശീന്ദ്രന് ഇത്തവണ ക്ലോക്ക് ചിഹ്നം ലഭിച്ചില്ല. എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർഥിയെ നിർത്തിയതോടെയാണ് ശശീന്ദ്രന് ക്ലോക്ക് നഷ്‌ടമായത്. കഴിഞ്ഞ മൂന്ന് തവണയും ശശീന്ദ്രൻ ജയിച്ചത് ക്ലോക്ക് ചിഹ്നത്തിലായിരുന്നു. ഇത്തവണ കൊമ്പുവിളിക്കുന്ന മനുഷ്യനാണ് ശശീന്ദ്രന്റെ ചിഹ്നം.

എൽഡിഎഫ് സ്വതന്ത്രൻ സുധീർ കരമനയ്ക്ക് ക്യാമറയാണ് അനുവദിച്ചത്. പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്രൻ എൻഎംആർ റസാഖിന് കുടം ചിഹ്നം നൽകി. ബേപ്പൂരിൽ മത്സരിക്കുന്ന യുഡിഎഫ് സ്വതന്ത്രൻ പി.വി അൻവറിന് ഗ്യാസ് സിലിണ്ടറാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചത്. അതേസമയം അൻവറിനെതിരെ പത്രിക നൽകിയ അപരൻമാർ പത്രിക പിൻവലിച്ചിട്ടില്ല. നാല് അപരൻമാരാണ് അൻവറിനെതിരെ പത്രിക സമർപ്പിച്ചിരിക്കുന്നത്.

അമ്പലപ്പുഴയിൽ മത്സരിക്കുന്ന യുഡിഎഫ് സ്വതന്ത്രനായ ജി. സുധാകരൻ്റെ ചിഹ്നം തെങ്ങിൻ തോട്ടമാണ്. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായ തെങ്ങ് ഉൾപ്പെട്ട ‘തെങ്ങിൻതോട്ടം’ തിരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ജി. സുധാകരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. കൽപ വൃക്ഷങ്ങൾ നിറഞ്ഞ ഒരു തോട്ടം പോലെ അമ്പലപ്പുഴയിലെ ഓരോ വീടിനും തണലേകുന്ന വികസനവും ഐക്യവുമാണ് ഈ ചിഹ്നം മുന്നോട്ടുവെക്കുന്നതെന്നും ജി. സുധാകരൻ കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം ആർഎംപി സ്ഥാനാർഥി കെ.കെ രമ മുമ്പ് മത്സരിച്ചിരുന്ന ഫുട്ബോൾ ചിഹ്നം അനുവദിച്ചില്ല. പകരം ടെലിവിഷനാണ് അനുവദിച്ചത്. ഇതിൽ ആർഎംപി പ്രതിഷേധമറിയിച്ചു. രമയുടെ പേരിൽ ഫുട്ബോൾ ചിഹ്നത്തിൽ വോട്ട് അഭ്യർഥിക്കുന്ന പോസ്റ്ററുകളും ഫ്ളക്‌സ് ബോർഡുകളും സ്ഥാപിച്ചിരുന്നു. ഇനി അത് മാറ്റി പുതിയത് വയ്ക്കേണ്ടി വരും.

2026 Kerala Assembly Election Candidates >>

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടർമാരാണ് ഉള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു ഖേൽക്കർ ആണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. www.ceo.kerala.gov.in എന്ന വെബ്‌സൈറ്റിൽ വോട്ടർ പട്ടിക ലഭ്യമാകും. ഇതിന് പുറമെ സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക് ഓഫീസുകളിലും, വില്ലജ് ഓഫീസുകളിലും, ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും അന്തിമ പട്ടിക ലഭ്യമാകും. രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റാമെന്നും സൂക്ഷ്മ പരിശോധന നടത്താമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

കെ. കരുണാകരന്റെ മക്കൾ രണ്ട് വ്യത്യസ്ത രാഷ്ട്രീയ ചേരികളിൽ നിന്ന് ഒരേസമയം നിയമസഭയിൽ എത്തുമോ ?

Send your news and Advertisements

You may also like

error: Content is protected !!