Mantis Partners Sydney
Mantis Partners Sydney
Home » തിരശീലയിലെ മാതൃത്വം: ആറന്മുള പൊന്നമ്മ
തിരശീലയിലെ മാതൃത്വം: ആറന്മുള പൊന്നമ്മ

തിരശീലയിലെ മാതൃത്വം: ആറന്മുള പൊന്നമ്മ

by Editor
Send your news and Advertisements

മലയാള സിനിമയുടെ ‘അമ്മ’, ആറന്മുള പൊന്നമ്മ, അന്തരിച്ചിട്ടു പതിനഞ്ച് വർഷം. മലയാള സിനിമയുടെ മൂന്ന് തലമുറകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച നടിയാണ് ആറന്‍മുള പൊന്നമ്മ. ദേശീയപുരസ്കാരം നേടിയിട്ടുള്ള ഒരു മലയാളം അഭിനേത്രിയായിരുന്നു ആറന്മുള പൊന്നമ്മ; ‘ജെ.സി. ഡാനിയേൽ പുരസ്കാരം’ നേടുന്ന ആദ്യ വനിത.

മലയാള സിനിമയുടെ അമ്മ എന്ന് പറഞ്ഞാൽ അത് ആറന്മുള പൊന്നമ്മ ഉൾപ്പെടെ പലരുടെ പേര് ഓർമ്മയിൽ വരും; എന്നാൽ ‘മുത്തശ്ശി’ റോളിൽ ആറന്മുള പൊന്നമ്മ തന്നെയാണ്! (അടൂർ ഭവാനിയെ മറക്കുന്നില്ല.) ബാലചന്ദ്ര മേനോന്റെ ‘അച്ചുവേട്ടൻ്റെ വീട്’ എന്ന സിനിമയിൽ ആറന്മുള പൊന്നമ്മ അവതരിപ്പിച്ച അന്ധയായ മുത്തശ്ശി; വേണുനാഗവള്ളി സംവിധാനം ചെയ്ത ‘കളിപ്പാട്ടം’ എന്ന സിനിമയിൽ ആറന്മുള പൊന്നമ്മ അവതരിപ്പിച്ച, വയലിനിസ്റ്റ് വേണുഗോപാലിനെ ദോശ തീറ്റുന്ന മുത്തശ്ശി..  ഇതുരണ്ടും ഒരിക്കലും മറിക്കില്ല!

മാലേത്ത് കേശവപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും അഞ്ച് മക്കളിൽ ഒരാളായിട്ട് പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലായിരുന്നു പൊന്നമ്മയുടെ ജനനം (1914 ഏപ്രിൽ 8-ന്). കർണാടക സംഗീതം ചെറുപ്പത്തിലേ പഠിച്ച് തുടങ്ങിയ പൊന്നമ്മ തന്റെ പന്ത്രണ്ടാം വയസ്സിൽ അരങ്ങേറ്റവും നടത്തി. പിന്നീട് സ്വാതിതിരുന്നാൾ മ്യൂസിക് അക്കാദമിയിൽ സംഗീതത്തിലെ തുടർപഠനത്തിനായി ചേർന്നു. പഠനത്തിനുശേഷം പൊന്നമ്മ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ സംഗീതാധ്യാപികയായി.

ഗായകൻ യേശുദാസിന്റെ അച്ഛനായ അഗസ്റ്റിൻ ജോസഫിന്റെ നായികയായി ‘ഭാഗ്യലക്ഷ്മി’ എന്ന നാടകത്തിൽ അഭിനയിച്ചു കൊണ്ടാണ് പൊന്നമ്മ നടനരംഗത്തേയ്ക്ക് കടന്ന് വന്നത്. അന്ന് പൊന്നമ്മയ്ക്ക് 29- വയസ്സായിരുന്നു പ്രായം. തുടർന്ന് പൊന്നമ്മ നാടകങ്ങളിൽ സജീവമായി.

1950-ൽ പുറത്തിറങ്ങിയ ‘ശശിധരൻ’ എന്ന ചലച്ചിത്രത്തിൽ, മിസ് കുമാരിയുടെ അമ്മയായി അഭിനയിച്ചു കൊണ്ട് പൊന്നമ്മ സിനിമകളിലേയ്ക്ക് ‘അമ്മയായി’ കടന്നുവന്നു. (മിസ് കുമാരി, പൊന്നമ്മയെക്കാൾ 18 വയസ്സിന് ഇളപ്പമുണ്ട്.) അതേവർഷം തിക്കുറിശ്ശി സുകുമാരൻ നായർ നായകനായ ‘അമ്മ’ എന്ന ചിത്രത്തിലും പൊന്നമ്മ അമ്മവേഷം തന്നെ അണിഞ്ഞു. (തിക്കുറിശ്ശിക്ക്, പൊന്നമ്മയേക്കാൾ രണ്ടര വയസ്സിന്റെ ഇളപ്പമുണ്ട്.) തുടർന്ന് പൊന്നമ്മയെ തേടിവന്നതെല്ലാം അമ്മവേഷങ്ങളായിരുന്നു.

അറുപത് വർഷങ്ങളോളം അഭിനയരംഗത്ത് ഉണ്ടായിരുന്ന ആറന്മുള പൊന്നമ്മ മലയാളം സിനിമയിലെ ആദ്യ തലമുറയിലെ നായകന്മാരായ തിക്കുറിശ്ശി സുകുമാരൻ നായർ, രണ്ടാമത്തെ തലമുറയിലെ നായകനായ പ്രേം നസീർ, സത്യൻ, തുടങ്ങിയവർ, മൂന്നാം തലമുറയിലെ നായകന്മാരായ മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടേയല്ലാം അമ്മ / അമ്മൂമ്മ വേഷങ്ങൾ കൈകാര്യം ചെയ്തു.

അടൂർ ഗോപാലകൃഷ്ണൻ സം‌വിധാനം ചെയ്ത ‘കഥാപുരുഷൻ’ (1995) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ആറന്മുള പൊന്നമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം1996-ൽ ലഭിക്കുകയുണ്ടായി. മലയാള ചലച്ചിത്ര മേഖലയിലെ ആയുഷ്കാലനേട്ടങ്ങൾക്കുള്ള (സമഗ്ര സംഭാവനകൾക്കായുള്ള) കേരള സർക്കാരിന്റെ ‘ജെ.സി. ഡാനിയേൽ പുരസ്കാര’വും 2005-ൽ ആറന്മുള പൊന്നമ്മയെ തേടിയെത്തി. മലയാള സിനിമയ്ക്കുള്ള കേരളത്തിന്റെ പരമോന്നത പുരസ്കാരം നേടുന്ന ആദ്യ വനിതയാണ്, ആറന്മുള പൊന്നമ്മ.

മുറച്ചെറുക്കനായ മാലേത്ത് കൊച്ചു കൃഷ്ണ പിള്ളയാണ് ഭർത്താവ്; രാജമ്മ, രാജശേഖരൻ എന്നിവർ മക്കൾ. ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളും ഗായികയും ആയ രാധികയെയാണ് പ്രശസ്ത സിനിമാനടൻ സുരേഷ് ഗോപി (എം പി) വിവാഹം ചെയ്തിരിക്കുന്നത്.

2011 ഫെബ്രുവരി 21-ന് തന്റെ 96-ാം വയസ്സിൽ തിരുവനന്തപുരത്ത് വച്ച് അന്തരിച്ചു. 2026 ഫെബ്രുവരി 21 അവരുടെ 15-ാം ചരമവാർഷികമായിരുന്നു.

ആർ. ഗോപാലകൃഷ്ണൻ

You may also like

error: Content is protected !!