Wednesday, October 15, 2025
Mantis Partners Sydney
Home » അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് വീണ്ടും മരണം, വയനാട് സ്വദേശി മരിച്ചു.
അമീബിക് മസ്തിഷ്‌ക ജ്വരം

അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് വീണ്ടും മരണം, വയനാട് സ്വദേശി മരിച്ചു.

by Editor

വയനാട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയില്‍ ആയിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് (45) മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ കുറേ നാളുകളായി രതീഷ് ചികിത്സയിലായിരുന്നു. രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് ശ്രവ പരിശോധനയിലാണ് അമീബിക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. തീവ്രപരിചരണത്തിലായിരുന്ന ഇയാളെ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം നിരീക്ഷിച്ച് വരികയായിരുന്നു.

ഒരു മാസത്തിനിടെ അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംഭവിക്കുന്ന നാലാമത്തെ മരണമാണിത്. താമരശ്ശേരി കോരങ്ങാട് സ്വദേശിയായ ഒമ്പത് വയസുകാരി, ഓഗസ്റ്റ് 31-ന് മരിച്ച ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം സ്വദേശിയായ യുവതി എന്നിവര്‍ക്ക് പിന്നാലെയാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവിന്റെ മരണം. പതിനൊന്ന് പേര്‍ കൂടി അസുഖബാധിതരായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതേ തുടര്‍ന്ന് ആശങ്ക ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജമാണെങ്കിലും മരണ സംഖ്യകള്‍ വര്‍ധിക്കുകയാണ്. മുന്നറിയിപ്പുകളും ജാഗ്രതാനിര്‍ദേശങ്ങളെല്ലാം തുടരുന്നതിനിടയിലാണ് അടുത്ത മരണം സ്ഥിരീകരിച്ചിരിക്കുന്നത്.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം. നേറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്‌തിഷ്‌കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.

 

Send your news and Advertisements

You may also like

error: Content is protected !!