സിംഗപ്പൂര്‍: പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചതോടെ ഏഷ്യയിലുടനീളമുള്ള പ്രധാന വിമാനത്താവളങ്ങളില്‍ ആരോഗ്യ പരിശോധന ശക്തമാക്കി. തായ്ലന്‍ഡ്, സിംഗപ്പൂര്‍, ഹോങ്കോങ്, മലേഷ്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. സിംഗപ്പൂരില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി തെര്‍മല്‍ സ്‌ക്രീനിങ് ഏര്‍പ്പെടുത്തി. ബാങ്കോക്ക് ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കി. രോഗലക്ഷണമുള്ളവര്‍ക്കായി ക്വാറന്റൈന്‍ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകളുടെ പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയൻ ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഓസ്‌ട്രേലിയൻ ജനതയ്ക്ക് നിപ വൈറസ് മൂലം നിലവിൽ ഭീഷണിയില്ലെന്ന് ഓസ്‌ട്രേലിയൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (CDC) വ്യക്തമാക്കിയിട്ടുണ്ട്. വൈറസ് ബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഓസ്‌ട്രേലിയൻ പൗരന്മാർ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
ഇന്ത്യൻ സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് നിപ്പ വൈറസ് ബാധിച്ചത്. രണ്ട് നഴ്‌സുമാര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. നിലവില്‍ ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 196 പേരെ ആരോഗ്യവകുപ്പ് കണ്ടെത്തി പരിശോധിച്ചെങ്കിലും എല്ലാവരുടെയും ഫലം നെഗറ്റീവ് ആണ്. അതിനാല്‍ രോഗം പടരുന്നത് തടയാന്‍ കഴിഞ്ഞതായി ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വവ്വാലുകളില്‍ നിന്നോ അവ കടിച്ച പഴങ്ങളില്‍ നിന്നോ ആണ് ഈ വൈറസ് പ്രധാനമായും മനുഷ്യരിലേക്ക് പടരുന്നത്. പനി, കടുത്ത തലവേദന, ശ്വാസതടസം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഗുരുതരമായാല്‍ ഇത് തലച്ചോറിനെ ബാധിക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം. നിലവില്‍ ഇതിന് അംഗീകൃത വാക്‌സിനുകളോ മരുന്നുകളോ ലഭ്യമല്ല.
കേരളത്തില്‍ മുന്‍പ് പലതവണ നിപ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്തവണ പശ്ചിമ ബംഗാളിലാണ് കേസുകള്‍ കണ്ടെത്തിയിരിക്കുന്നത്. സാഹചര്യങ്ങള്‍ നിയന്ത്രണാതീതമാണെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.



