അകാലത്തിൽ പൊലിഞ്ഞ ഒരു താരം… വെള്ളിത്തിരയിൽ മാത്രമല്ല ജീവിതത്തിലും സിനിമയെ വെല്ലുന്ന പ്രണയ കാലമുണ്ടായിരുന്നു, നടി ശ്രീദേവിക്ക്. മരണവും സിനിമാകഥയിലെന്നപോലെ ദുരുഹം… ഹിന്ദി, ഉർദു, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്. ഹിന്ദി സിനിമകളിലെ ‘ആദ്യ വനിതാ സൂപ്പർ താരം’ ആയി അറിയപ്പെടുന്ന ഇവർ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തയായ അഭിനേത്രികളിൽ ഒരാളായിരുന്നു.
“സ്കൂൾ – കോളേജ് ജീവിതങ്ങൾ എനിക്ക് നഷ്ടമായി; പക്ഷേ, ഞാൻ ചലച്ചിത്രമേഖലയിൽ പ്രവേശിക്കുകയും ഒരു ഇടതടവില്ലാതെ അഭിനയരംഗത് പ്രവർത്തിക്കുകയും ചെയ്തു: ബാലതാരത്തിൽ നിന്ന് ഞാൻ നേരെ നായികാ പദവിയിലേക്ക് ഉയർന്നു പോയി. ചിന്തിക്കാൻ സമയമില്ലായിരുന്നു… അതിന് ഞാൻ നന്ദിയുള്ളവളാണ്!” – ശ്രീദേവി, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, 2013
ശ്രീദേവി 1963 ആഗസ്റ്റ് 13-ന് തമിഴ് നാട്ടിലെ ശിവകാശി അടുത്തുള്ള ‘മീനമ്പാട്ടി‘ ഗ്രാമത്തിലാണ് ജനിച്ചത്. (അതെ ആ ‘ശിവകാശി’ തന്നെ: ‘ഓഫ്സെറ്റ് അച്ചടി’യുടെയും ‘തീപ്പെട്ടി’യുടെയും ‘പടക്ക’ത്തിന്റെയും നാട്.) ശ്രീ അമ്മയങ്കാർ അയ്യപ്പൻ എന്നായിരുന്നു ശ്രീദേവിയുടെ ആദ്യത്തെ പേര്. ശ്രീദേവിയുടെ മാതൃഭാഷ തമിഴാണ്. പിതാവ് അയ്യപ്പൻ ഒരു വക്കീലായിരുന്നു. (പിൽക്കാലത്തു ‘ലോക്സഭാ’യിലേക്ക് മത്സരിച്ചിട്ടുണ്ട്.) മാതാവ് രാജേശ്വരി തെലുഗു സംസാരിക്കുന്നവരാണ്. അവർക്ക് ശ്രീലത എന്ന ഒരു സഹോദരിയുണ്ട്; രണ്ടു അർദ്ധ സഹോദരന്മാരും.
തന്റെ നാലാം വയസ്സിൽ ‘കന്ദൻ കരുണൈ‘ (1967) എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി, തുടർന്ന് ‘മുരുക’നായി ‘തുണൈവൻ‘ എന്ന തമിഴ് ചിത്രത്തിൽ… ‘കണ്ടൻ കരുണൈ’, ‘ആദിപരാശക്തി’, ‘നമ്മുടെ നാട്‘ തുടങ്ങിയ സിനിമകളിൽ ബാലതാരമായി ക്യാമറയെ അഭിമുഖീകരിച്ചു.
കുട്ടിക്കാലത്ത്, എം ജി രാമചന്ദ്രൻ, ജയലളിത, ശിവാജി ഗണേശൻ തുടങ്ങിയ അക്കാലത്തെ പ്രമുഖർക്കൊപ്പം അവർ സ്‌ക്രീൻ പങ്കിട്ടു. ‘നല്ല പേരായി വാങ്ങ വേണ്ടും പിള്ളേകളേ’ എന്ന് എംജിആർ പാടുമ്പോൾ കൗതുകത്തോടെ കേൾക്കുന്ന ഒരു കുട്ടി ‘രാജ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതാണ് ശ്രീദേവിയുടെ ആദ്യകാല ഓർമ്മ എന്നവർ പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്.
1969-ൽ ‘കുമാരസംഭവം‘ എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി മലയാളത്തിൽ എത്തുന്നത്- ‘മുരുക‘നായി തന്നെ. തുടർന്ന്, ‘പൂമ്പാറ്റ’, ‘സ്വപ്നങ്ങൾ’, ‘ആന വളർത്തിയ വാനമ്പാടിയുടെ മകൻ’ എന്നീ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. 1970 -ൽ ‘പൂമ്പാറ്റ‘ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസർക്കാർ പുരസ്കാരം ലഭിച്ചിരുന്നു.
1976-ലാണ് ഒരു നായിക വേഷം ചെയ്തത്: കമൽഹാസൻ നായകനായി അഭിനയിച്ച ‘മൂൺട്രു മുടിച്ചു‘ (സംവിധാനം: കെ.ബാലചന്ദർ- ഇതിൽ ഇന്നത്തെ പ്രമുഖ നടൻ രജനികാന്തും അഭിനയിച്ചിരുന്നു.) പക്ഷേ, ആ വർഷം ഒക്ടോബറിൽ ആ സിനിമ ഇറങ്ങും മുമ്പ് ശ്രീദേവി നായികയായ മലയാള സിനിമ, ‘തുലാവർഷം‘ (1976- മാർച്ചിൽ) റിലീസായി. ‘തുലാവർഷം‘ എന്ന ചിത്രത്തിൽ പ്രേം നസീറിനോട് ഒപ്പം ശ്രീദേവി അഭിനയിച്ചു. അങ്ങനെ ‘തുലാവർഷം‘ എന്ന മലയാളചിത്രത്തിലാണ് ശ്രീദേവി ആദ്യമായി നായിക ആയത്.
‘കുറ്റവും ശിക്ഷയും’ എന്ന രണ്ടാം നായിക സിനിമ, ആ വർഷം ജൂലൈ 9-നു റിലീസ് ആയി. (നിർമ്മാണം: കെ. എസ്. ആർ. മൂർത്തി: സംവിധാനം: എം. മസ്താൻ) നായകനായി ഇതിൽ കമൽഹാസനും ഉണ്ടായിരുന്നു. തുടർന്ന് ഐ. വി. ശശി സംവിധാനം ചെയ്ത ‘ആലിംഗനം’, ‘ആ നിമിഷം’, ‘ആശിർവാദം’, ‘അകലെ ആകാശം’ (ഇത്രയും ‘അ‘പടങ്ങൾ) ആ കഴിഞ്ഞ്, ‘ഊഞ്ഞാൽ‘ എന്ന പടവും കൂടി ചേർത്തുള്ള സിനിമകളിൽ ശ്രീദേവി നായികയായി. 1977-ൽ റിലീസായ ‘അംഗീകാരം‘ എന്ന ചിത്രത്തിൽ ശ്രീദേവി ഇരട്ട വേഷം ചെയ്തു.
1996-ൽ പുറത്തിറങ്ങിയ ‘ദേവരാഗം‘ എന്ന ബഹുഭാഷാ ചിത്രത്തിലൂടെ അവർ മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തി എന്ന് പറയാം. ഭരതൻ സംവിധാനം ചെയത് ഈ ചിത്രമായിരുന്നു ശ്രീദേവിയുടെ അവസാന മലയാള ചിത്രം.
‘കുമാരസംഭവം’ (1969) തുടങ്ങി ‘ദേവരാഗം‘ (1996) വരെയുള്ള 27 വർഷത്തെ അഭിനയജീവിതത്തിൽ ശ്രീദേവി ഏകദേശം 30-ഓളം മലയാള സിനിമകളിൽ (ഡബ്ബിങ് ചിത്രങ്ങൾ ഉൾപ്പെടെ) വേഷമിട്ടിട്ടുണ്ട്. രണ്ട് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയർ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്.
1979-83 കാലഘട്ടത്തിൽ തമിഴിലെ ഒരു മുൻനിര നായികയായിരുന്നു ശ്രീദേവി. ഈ സമയത്ത് തന്നെ ശ്രീദേവി തെലുങ്കിലും അഭിനയിച്ചു. തെലുങ്കിലും ഇക്കാലത്ത് ധാരാളം വിജയ ചിത്രങ്ങൾ ശ്രീദേവിയുടേതായി പിറന്നു. ശ്രീദേവി തന്റെ അഭിനയ ജീവിതത്തിൽ തമിഴ് നടനായ കമലഹാസനുമൊത്ത് 25 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1978-ൽ തന്റെ ആദ്യ ഹിന്ദി ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, ഈ ചിത്രം ഒരു പരാജയമായിരുന്നു. പക്ഷേ രണ്ടാമതായി അഭിനയിച്ച ചിത്രം ‘ഹിമ്മത്ത് വാല’ ഒരു വൻ വിജയമായിരുന്നു. ഇതിലെ നായകനായിരുന്ന ജിതേന്ദ്രയുമായി പിന്നീടും ശ്രീദേവി പിന്നീടും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.
1986-ലെ ‘നാഗീൻ‘ എന്ന ചിത്രം ശ്രീദേവിയുടെ അഭിനയ ജീവിതത്തിലെ വൻവിജയങ്ങളിൽ ഒന്നാണ്. തുടർന്ന് 1980-കളിലെ ഒരു മുൻ നിര ബോളിവുഡ് നായികയായി ശ്രീദേവി മാറുകയായിരുന്നു. തന്റെ വിജയ ചരിത്രം 90-കളിൽ ആദ്യവും ശ്രീദേവി തുടർന്നു.1990 കളിൽ ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി മാറി.
1997-ൽ പൂർണസമയ അഭിനയ ജീവിതത്തിൽ നിന്ന് അവർ വിരമിച്ചു; 15 വർഷത്തിന് ശേഷം 2012 ൽ ഇംഗ്ലീഷ് ‘വിംഗ്ലിഷ്’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്.
2017-ൽ ഇറങ്ങിയ ‘മാം’ എന്ന സിനിമയാണ് ‘അവസാന ചിത്രം’ എന്ന് രേഖപ്പെടുത്തി കാണുന്നു. 2018-ൽ റിലീസ് ചെയ്ത ‘സീറോ’ എന്ന ഹിന്ദി ചിത്രത്തിൽ ‘ശ്രീദേവി എന്ന നടി‘യായി തന്നെ ഒരു ഗസ്റ്റ് അപ്പീറൻസ് നടത്തിയിട്ടുണ്ട്.
2018 ഏപ്രിൽ 13-ന്, അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയായി, 2018 ഫെബ്രുവരി 24-ന് അന്തരിച്ച നടി ശ്രീദേവി തിരഞ്ഞെടുക്കപ്പെട്ടു. രവി ഉദ്യാവര്‍ സംവിധാനം ചെയ്ത ‘മോം’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ശ്രീദേവിക്ക് അവാര്‍ഡ്. മരണാനന്തരം ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന ആദ്യ കലാകാരിയാണ് ശ്രീദേവി. മാത്രമല്ല, ആദ്യമായാണ് ശ്രീദേവിക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നതും.
അഭിനയരംഗത്ത് സജീവമായിരുന്നു മൂന്ന് പതിറ്റാണ്ടിൽ (1967- 1997) ഏകദേശം 300 ചിത്രങ്ങൾ അഭിനയിച്ച റെക്കോർഡ് ശ്രീദേവിയ്ക്കാണുള്ളത്. ബോളിവുഡിൽ എട്ടു സിനിമകളിൽ ഇരട്ടവേഷമിടുകയും ചെയ്തിരുന്നു. ബോളിവുഡിലെ മികച്ച 25 ഡബിൾ റോളുകളിൽ ഒന്നായാണു ‘ചാൽബാസി‘ലെ ശ്രീദേവിയുടെ അഭിനയത്തെ വിലയിരുത്തുന്നത്.
അഭിനേത്രി എന്ന നിലയിൽ ശ്രീദേവിയുടെ ചില തമിഴ് ചിത്രങ്ങളും ചില ഹിന്ദി ചിത്രങ്ങളും എടുത്തുപറയാൻ മാത്രം മികച്ചവയാണ്; അസാമാന്യ അഭിനയ പാടവം കാഴ്ചവച്ച ‘മൂന്നാംപിറ‘യും അതിന്റെ ഹിന്ദി ‘റീ-മേക്ക്’ ആയ’സദ്മ’യും മാത്രം ഓർമിപ്പിക്കുന്നു. ‘മൂന്നാംപിറ‘യിൽ ഭാഗ്യലക്ഷ്‍മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീദേവിക്ക് ആ വര്‍ഷം മികച്ച നടിക്കുള്ള തമിഴ്‍നാട് സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു. (1983-ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം സംവിധാനം ചെയ്‍തത് ബാലുമഹേന്ദ്ര.)
2013 -ൽ ‘പദ്മശ്രീ‘ നൽകി ഭാരതം ഇവരെ ആദരിച്ചിരുന്നു.
1996 ജൂൺ 2-ന് ശ്രീദേവി പ്രമുഖ ഹിന്ദി ചലച്ചിത്ര നിർമ്മാതാവും മുൻപ് വിവാഹിതനുമായിരുന്ന ബോണി കപൂറിനെ വിവാഹം ചെയ്തു. ഇവർക്ക് ജാൻവി, ഖുശി എന്നീ രണ്ട് പെൺകുട്ടികൾ.
ശ്രീദേവി 2018 ഫെബ്രുവരി 24-ന് ദുബായിലെ ജുമൈറ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലിൽ വെച്ചാണ് അന്തരിച്ചത്. ബാത്ത് ടബ്ബിൽ അബോധാവസ്ഥയിലായിരുന്ന അവർ അബദ്ധത്തിൽ വെള്ളത്തിൽ മുങ്ങിമരിച്ചു (Accidental Drowning) എന്നാണ് ഫോറൻസിക് റിപ്പോർട്ട്. എങ്കിലും ‘ശരിയായ മരണകാരണം’ ഇനിയും പുറത്തുവന്നിട്ടില്ല. 2018 ഫെബ്രുവരി 28-ന് മുംബൈയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം
എഴുത്തുകാരിയും പത്രപ്രവർത്തകയുമായ ലളിത അയ്യർ, 2018-ൽ, ശ്രീദേവിയുടെ ഒരു ജീവചരിത്രം എഴുതി. ശ്രീദേവിയുടെ വ്യത്യസ്തമായ മറ്റൊരു ജീവചരിത്രം, രചയിതാവും തിരക്കഥാകൃത്തുമായ സത്യാർത്ഥ് നായകൻ, 2019-ൽ എഴുതി. ‘ശ്രീദേവി – ദി എറ്റേണൽ സ്ക്രീൻ ഗോഡ്ഡ്സ്’ എന്ന ഈ പുസ്തകം ‘പെൻഗ്വിൻ-റാൻഡം ഹൗസ്’ പ്രസിദ്ധീകരിച്ചു.
ആർ. ഗോപാലകൃഷ്ണൻ


