മലയാള ചലച്ചിത്രരംഗത്തെ സമുന്നത ബഹുമതിയായ ജെ.സി ഡാനിയേൽ പുരസ്കാരം നടി ശാരദയ്ക്ക്. അഞ്ചു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്‌കാരം 2026 ജനുവരി 25 ന് തിരുവനന്തപുരം നിശാഗന്ധിയിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കാണ് പുരസ്കാരം.
2017 ലെ ജെ സി ഡാനിയേൽ അവാർഡ് ജേതാവ് ശ്രീകുമാരൻ തമ്പി ചെയർപേഴ്‌സണും നടി ഉർവശി, സംവിധായകൻ ബാലു കിരിയത്ത് എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. കേരള സർക്കാരിൻ്റെ പരമോന്നത ചലച്ചിത്ര ബഹുമതി ലഭിക്കുന്ന 32-ാമത്തെ ചലച്ചിത്ര പ്രതിഭയാണ് 80 കാരിയായ ശാരദ. അഭിനേത്രിയെന്ന നിലയിൽ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ രണ്ട് തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാള സിനിമയ്ക്ക് നേടിത്തന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു. അറുപതുകൾ മുതലുള്ള രണ്ട് പതിറ്റാണ്ടുകളിലെ മലയാളി സ്ത്രീയെ തിരശീലയിൽ അനശ്വരയാക്കാൻ ശാരദയ്ക്ക് കഴിഞ്ഞു എന്ന് ജൂറി വിലയിരുത്തി.
ശാരദയ്ക്ക് 1968 ൽ തുലാഭാരം എന്ന സിനിമയിലൂടെയാണ് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത്. തുടർന്ന് 1972 ൽ അടൂർ ഗോപാലകൃഷ്‌ണൻ്റെ സ്വയംവരം എന്ന ചിത്രത്തിലൂടെയും 1977-ൽ തെലുങ്ക് ചിത്രമായ നിമജ്ജനത്തിലൂടെയും അവർ ദേശീയ അംഗീകാരം നേടി. ത്രിവേണി, മുറപ്പെണ്ണ്, മൂലധനം, ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിൽ മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദ, കേരള സർക്കാരിൻ്റെ പരമോന്നത ചലച്ചിത്ര ബഹുമതിക്ക് എന്ത് കൊണ്ടും അർഹയാണെന്ന് ജൂറി വിലയിരുത്തി.
1945 ജൂൺ 25-ന് ആന്ധ്രപ്രദേശിലെ തെനാലി ഗ്രാമത്തിൽ വെങ്കിടേശ്വര റാവുവിൻ്റെയും സത്യവാണി ദേവിയുടെയും മകളായി ജനിച്ച സരസ്വതീ ദേവി ഇരുമിത്രലു എന്ന ആദ്യ തെലുങ്കു ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ശാരദ എന്ന പേര് സ്വീകരിച്ചത്. മുട്ടത്തു വർക്കി രചിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ഇണപ്രാവുകൾ എന്ന ചിത്രത്തിലൂടെ 1965-ലാണ് മലയാള സിനിമയിൽ അരങ്ങേറിയത്. തുടർന്ന് എം.ടിയുടെ തിരക്കഥയിൽ വിൻസെൻ്റ് സംവിധാനം ചെയ്‌ത മുറപ്പെണ്ണ്, എം.ടിയുടെ തന്നെ തിരക്കഥയിൽ പി. ഭാസ്കരൻ സംവിധാനം ചെയ്‌ത ഇരുട്ടിൻ്റെ ആത്മാവ് എന്നി ചിത്രങ്ങളിലൂടെ ശാരദ മലയാളത്തിന്റെ പ്രിയങ്കരിയായി. ഉദ്യോഗസ്ഥ, യക്ഷി, അടിമകൾ, അസുരവിത്ത്, കൂട്ടുകുടുംബം, നദി, ഏണിപ്പടികൾ, എലിപ്പത്തായം, രാപ്പകൽ തുടങ്ങി 125 ഓളം മലയാള സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.


