പുതു വർഷമായിട്ട് പറയാൻ പുതിയ വിശേഷം വേണമല്ലോ…. ജീവിതത്തിൽ ഒരിയ്ക്കൽ പോലും ശിവഗിരിയും, മണ്ണാറശാല നാഗരാജക്ഷേത്രവും സന്ദർശിക്കാൻ സാധിക്കാത്ത എനിക്ക് 2024 -ലെ ഡിസംബർ 28 അതിനൊരു അവസരം നൽകി. രാവിലെ 2.30 -നു ഉണർന്നു കുളിച്ചു 3.30-നു നേരത്തെ പറഞ്ഞിരുന്നത് പോലെ കൂട്ടുകാരി വന്നു വിളിച്ചു.
സപ്താഹത്തോടെ അമ്പലത്തിലെ താവളം നഷ്ടപ്പെട്ടതിനാൽ അഭയം തേടി വന്ന പെൺനായ മുറ്റത്തു നിന്നു ഞങ്ങൾക്ക് അമ്പലപ്പറമ്പിൽ കൂട്ട് വന്നു. ഇടയ്ക്കിടെ ഭരതനാട്യവും, കുച്ചിപ്പുടിയും കഥകളിയും ഒക്കെ മാറി മാറിക്കളിച്ചു തുള്ളിച്ചാടി കവല വരെ വന്നു ഞങ്ങളെ യാത്രയാക്കി വിട്ടു അവൾ വീട്ടിലേക്ക് നടന്നു. കുറുവ കള്ളന്മാർ ഉള്ള നാട്ടിൽ സമയവും കാലവും ഒക്കെ നോക്കി വന്നു കയറിയ നായ ഈ പ്രദേശം മുഴുവൻ അടക്കി വാഴുന്നു എന്ന് പറയാം. ചിലർ അവൾക്കെതിരെ മുറുമുറുക്കുന്നു. മൃഗസ്നേഹികളിൽ ചിലർ പാത്തും പതുങ്ങിയും അല്പം ആഹാരം നൽകുന്നു. ഒരു മിണ്ടാപ്രാണി എങ്കിലും അതിനും വിശപ്പ് വലുതല്ലേ. അവളുടെ കാവൽ ഈ കാലത്ത് വിലപ്പെട്ടത് തന്നെ. എങ്കിലും പേ ബാധിക്കാതിരിക്കാൻ അവൾക്കു ഒരു കുത്തിവെയ്പ് നല്ലത് എന്ന് തോന്നാറുണ്ട്.
അങ്ങനെ യാത്ര തുടങ്ങി. ഗുരുദേവ കീർത്തനങ്ങൾ കേട്ട് അമ്പലപ്പുഴ എത്തി ശ്രീകൃഷ്ണനെ വണങ്ങി.. കിഴക്ക് ആകാശത്തിൽ അതി വിദഗ്ധമായി ഒരു ചിത്രകാരൻ ചായം മുക്കി വരച്ചത് പോലെ മേഘവർണ്ണങ്ങളുമായി പുലരി കണ്ണ് തുറക്കുന്നു.. പിന്നെ മണ്ണാറശാല നാഗരാജ ക്ഷേത്രം, ആണ് സന്ദർശിച്ചത്. ചുറ്റും തണലും നിഴലും മരങ്ങളും നിറഞ്ഞു പടർന്ന വിശാലമായ അന്തരീക്ഷം. അങ്ങിങ്ങായി ഒട്ടേറെ പ്രതിഷ്ഠകൾ. വീട് അവിടെങ്ങാനും ആയിരുന്നു എങ്കിൽ പാമ്പിനെ പേടിയുണ്ടെങ്കിലും സൂര്യനെയും മീനവെയിലിനെയും പേടിക്കേണ്ടായിരുന്നു എന്ന് തോന്നി.. തൊഴുതു കഴിഞ്ഞു പാർസൽ കൊണ്ട് പോയ ഇഡ്ഡലി കഴിച്ചു തിരികെ ബസ് കയറിയപ്പോൾ ഇരിപ്പിടം തേടി നടന്ന ചേച്ചിയോട് ആരോ ചോദിച്ചു
“ഇത്രേം നേരം ഒരു കുഴപ്പോം ഇല്ലാരുന്നല്ലോ. ഇഡ്ഡലി തിന്നപ്പോ കിളി പോയോ?”
“നേരാ ഞാൻ സീമയുടെ ഇടത്ത് വശത്തെ സീറ്റിൽ ഒറ്റയ്ക്കാ ഇരുന്നേ..” എന്ന് പറഞ്ഞു ചേച്ചി ഇരിപ്പിടം വീണ്ടെടുത്തു.
വിധവായോഗം വന്ന ഞങ്ങളുടെ രണ്ടു പേരുടെയും ഇരിപ്പിടങ്ങളിൽ ജീവിതത്തിൽ എന്നപോലെ തന്നെ യാത്രയിലും ആരുമില്ലാതെ വന്നതും യാദൃശ്ചികമായിരിക്കാം. അതോ വിധവകൾ ആയ രണ്ടു പേർ തനിച്ച് ഇരുന്നാൽ മതി കൂടെ നേരത്തെ പോയവരുടെ ആത്മാവ് അദൃശ്യമായിരിക്കട്ടെ എന്ന് ഗുരു നിയോഗമോ ആവോ.. (കാലത്തിലെ സേതുവിനെ കൂടെ കൂട്ടാമായിരുന്നു എന്ന് ഇടയ്ക്ക് തോന്നി. യാത്രയിൽ വായിച്ചു തീർക്കാമായിരുന്നു ആ എം. ടി പുസ്തകം)
പിന്നെ ജങ്കാറിൽ കയറി ഒരു ചെറിയ പുഴ കടന്ന് ഉദ്ദിഷ്ടകാര്യ സിദ്ധിക്കു മണി കെട്ടി പ്രാർത്ഥിക്കുന്ന കാട്ടിൽ മേക്കാതിൽ ഭഗവതി ക്ഷേത്രത്തിൽ എത്തി. മണി വാങ്ങി പൂജിച്ചു കെട്ടാൻ സമയം ഏറെ വേണം. ശിവഗിരിയിൽ എത്താൻ വൈകും എന്നതിനാൽ ആരൊക്കെയോ എന്നോ കെട്ടിയിട്ട മണികൾ നോക്കി തൊഴുതു. മനസ്സിനെ പ്രാർത്ഥനയുടെ ചരടിൽ കോർത്ത് മണിയായി സമർപ്പിച്ചു മറുതീരം പറ്റി ബസിൽ കയറി. ഇടയ്ക്ക് വഴിപ്പണി, ട്രാഫിക് ഒക്കെ ബ്ലോക്ക് തന്നുവെങ്കിലും ശിവഗിരിയിൽ എത്തി..
“രാത്രീൽ ഉറങ്ങീല്ല മുണ്ടും തുണീം ഒക്കെ ഓടിയ വഴി ചുറ്റിക്കൊണ്ട് ഒരു പാച്ചിലല്ലായിരുന്നോ.. അതാ ഉറക്കം വരുന്നേ.” ഇടയ്ക്കെപ്പോഴോ ഉറങ്ങിപ്പോയതിന്റെ ക്ഷീണം പ്രകടമാക്കുന്ന വാചകങ്ങൾ പിന്നിൽ നിന്നു കേട്ടിരുന്നു എങ്കിലും ശിവഗിരി എത്തിയപ്പോൾ എല്ലാവരും ഉന്മേഷഭരിതരായിരുന്നു ഉയരത്തിലേക്ക് അനേകം ചവിട്ടു പടികൾ ഒന്നിച്ചു കണ്ടു എന്റെ കാൽമുട്ട് മുറുമുറുത്തു.. “ഇത് മുഴുവൻ കേറി തീർക്കാൻ ഉള്ള ആരോഗ്യം ഒന്നും എനിക്ക് ഇല്ലെന്നു ഓർത്തോളണം കേട്ടോ”
“ഗുരു ശക്തി തരും” എന്ന മറുപടി നൽകി ഓരോ പടവും പിന്നിട്ടു. ഗുരുവിനെ കണ്ടു വണങ്ങി. തണൽ മരിച്ചുവട്ടിൽ ഇരുന്നു ദൈവദശകം ചൊല്ലി. അന്നേ വരെ അറിയാത്ത ശാന്തി സമാധാനം ഒക്കെ അവിടെ നിന്നു കിട്ടി.. പിന്നെ ക്യു നിന്നു ഊണ് കഴിച്ചു. മടക്കയാത്രയിൽ ഓച്ചിറ അമ്പലത്തിൽ കയറി. അവിടെ നിന്ന പടുകൂറ്റൻ ഓച്ചിറക്കാളയെ തൊട്ടപ്പോൾ അതെങ്ങാനും ഒന്ന് ഇടഞ്ഞാൽ എന്താകും അവസ്ഥ എന്നൊരു ചിന്ത ഉണ്ടായി എങ്കിലും അത് വളരെ ശാന്തനായി നെറ്റിപ്പട്ടവും കെട്ടി ഞങ്ങളെ നോക്കി “പേടിക്കണ്ട പെണ്ണുങ്ങളെ ദക്ഷിണ വെച്ചിട്ട് പോ” എന്ന് പറയും പോലെ തോന്നി.
മടക്കയാത്രയിൽ ഒരാൾ ഒന്ന് വാൾ വെച്ചത് ഒഴിച്ചാൽ പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല. “സീമചേച്ചിയെ വീട്ടിൽ കൊണ്ട് ചെന്നാക്കണേ” എന്ന് കൂടെ പോന്ന ഒരാൾ പറഞ്ഞപ്പോൾ കവലയിൽ ഇട്ടിരുന്ന ഓട്ടോയിൽ മറ്റൊരാൾ എന്നെ മുറ്റത്തെത്തിച്ചപ്പോൾ ഹൃദയത്താൽ ഞാൻ വീണ്ടും ഗുരുവിന്റെ പാദങ്ങളിൽ നമിച്ചു. എന്റെ സുരക്ഷിതത്വം അത്രമേൽ ഉറപ്പാക്കി തന്നതും ഗുരുനിയോഗം തന്നെ ആയിരിക്കില്ലേ.? ഈ വർഷം വിട വാങ്ങുമ്പോൾ ജീവിതത്തിലും എഴുത്തിലും ഒക്കെ ഉയർച്ച കൈവരിക്കുന്നതിന് വേണ്ടി നെട്ടോട്ടം നടത്താൻ മടിച്ചു ഏറ്റവും താഴെ നിൽക്കുന്ന എനിക്ക് പിന്നിടേണ്ട ഓരോ പടവിലും ഇനിയും ഗുരു കൈ പിടിച്ചു നടത്താൻ കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. ആ അനുഗ്രഹത്തേക്കാൾ വിലയേറിയ മറ്റെന്താണ് ഇനി ഈ ജീവിതത്തിൽ നേടാൻ ബാക്കിയുള്ളത്?
“വരും വരാതിരിക്കില്ല കാത്തിരിപ്പിനോളം വലിയൊരു പ്രാർഥനയില്ല.”
എന്ന് എം. ടി. പറഞ്ഞിട്ടുണ്ടല്ലോ. ഡിസംബർ നൽകിയ നികത്താനാകാത്ത ആ നഷ്ടത്തേയും മനസ്സാ സ്മരിക്കുന്നു. അദ്ദേഹം പറഞ്ഞത് പോലെ എല്ലാം നല്ലതേ വരൂ എന്ന് നിനച്ചു കാത്തിരിക്കാം… പ്രാർത്ഥനയാകാം..
ഏവർക്കും പുതുവത്സര ആശംസകൾ!
പി. സീമ