ചാവക്കാട്: പാലയൂർ സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കി. പള്ളി അങ്കണത്തിൽ രാത്രി ഒൻപതോടെ തുടങ്ങാനിരുന്ന കാരൾ ഗാനം പാടാൻ പൊലീസ് അനുവദിച്ചില്ല. കാരൾ പാടിയാൽ പള്ളി മുറ്റത്തെ വേദിയിലൊരുക്കിയ നക്ഷത്രങ്ങൾ ഉൾപ്പെടെ തൂക്കിയെറിയുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയതായാണ് പരാതി. ചാവക്കാട് പൊലീസാണ് ഭീഷണിയുമായി എത്തിയത്. സിറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു ഭീഷണി.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഫോണിൽ വിളിച്ച് കമ്മിറ്റിക്കാർ വിവരം ധരിപ്പിച്ചു. എസ്ഐക്കു ഫോൺ നൽകാൻ സുരേഷ് ഗോപി പറഞ്ഞെങ്കിലും എസ്ഐ സംസാരിക്കാൻ തയാറായില്ലത്രെ. സുരേഷ് ഗോപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും പരിപാടികൾ നടത്താൻ അനുമതി നൽകില്ലെന്ന തീരുമാനത്തിൽ പൊലീസ് ഉറച്ചുനിന്നു. ഇതാദ്യമായാണ് ആഘോഷ പരിപാടികൾ മുടങ്ങുന്നതെന്നും സംഭവത്തിൽ പരാതി നൽകുമെന്നും കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.