കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബർമാൽ ജില്ലയിൽ ഇന്നലെ അർദ്ധരാത്രിയിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തി. ഇതിൽ സ്ത്രീകളും കുട്ടികളുമടക്കം 46 പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരണസംഖ്യ ഉയരുമെന്നാണ് കരുതുന്നത്. 7 ഗ്രാമങ്ങളെ ഈ ആക്രമണം ബാധിച്ചിട്ടുണ്ട്. ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് താലിബാൻ പ്രതിരോധ മന്ത്രാലയം സൂചന നൽകി. ഭൂമിയും പരമാധികാരവും സംരക്ഷിക്കുന്നത് തങ്ങളുടെ നിയമപരമായ അവകാശമാണെന്ന് അഫ്‌ഗാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
പാക്കിസ്ഥാൻ താലിബാൻ (തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ – ടിടിപി) കഴിഞ്ഞ മാസങ്ങളിൽ പാക്കിസ്ഥാൻ സേനയ്‌ക്കെതിരായ ആക്രമണം വർദ്ധിപ്പിച്ചിട്ടുണ്ട് അഫ്ഗാൻ താലിബാൻ അവർക്ക് അഭയം നൽകുന്നതായി പാക്കിസ്ഥാൻ ആരോപിക്കുന്നു. ഇതിന്റെ ഫലമാകാം ഈ ആക്രമണങ്ങൾ എന്നാണ് സൂചന.
കഴിഞ്ഞ ദിവസം അഫ്ഗാൻ അതിർത്തിക്കടുത്തുള്ള പാക് സൈനിക പോസ്റ്റിനുനേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 16 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാൻ താലിബാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. തീവ്രവാദികൾക്കെതിരെ അഫ്ഗാൻ ഭരണകൂടം വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്നാണ് പാക്കിസ്ഥാന്റെ വാദം. വർധിച്ചുവരുന്ന തീവ്രവാദ പ്രവർത്തനങ്ങൾ കാരണം പാക്കിസ്ഥാനും അഫ്ഗാനും തമ്മിലെ ബന്ധം വഷളായിരുന്നു.