ദില്ലി: 76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. 1950 ജനുവരി 26-ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമ്മയായിട്ടാണ് എല്ലാ വർഷവും ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. 1947 ഓഗസ്റ്റ് 15 -ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു, പക്ഷേ അന്ന് സ്വന്തമായി നിയമങ്ങളോ ഭരണഘടനയോ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നില്ല. ആദ്യത്തെ കുറച്ച് വർഷങ്ങളിൽ, രാജ്യം ബ്രിട്ടീഷ് നിയമങ്ങളായിരുന്നു പിന്തുടർന്നിരുന്നത്. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ 1949 നവംബർ 26-ന് ഇന്ത്യൻ ഭരണഘടന ഭരണഘടനാ അസംബ്ലി അംഗീകരിച്ചു.ഡോ. ബിആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ അസംബ്ലിയാണ് രാജ്യത്തിനായി ഭരണഘടന തയ്യാറാക്കിയത്.എന്നാൽ ഇത് ഉടനടി പ്രാബല്യത്തിൽ വന്നില്ല ,പിന്നീട് 1950 ജനുവരി 26 നാണ് ഇന്ത്യ ഔദ്യോഗിക റിപ്പബ്ലിക്കായി മാറിയതും ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നതും. അന്നുമുതൽ ജനുവരി 26 റിപ്പബ്ലിക് ദിനമായി നമ്മൾ ഭാരതീയർ ആഘോഷിക്കുന്നു.
ഇന്ത്യയുടെ പ്രൗഢഗംഭീരമായ പൈതൃകത്തേയും വൈവിധ്യങ്ങളുടെ സമ്പന്നതയും പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണ് റിപ്പബ്ലിക് പരേഡ്. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥി ആകും. കര-വ്യോമ-നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരക്കും. രാജ്യത്തിൻറെ തലസ്ഥാനമായ ഡൽഹിയിലാണ് ആഘോഷപൂർണ്ണമായ റിപ്പബ്ലിക്ക് ദിന ചടങ്ങുകൾ നടക്കുന്നത്. എല്ലാ വർഷവും, റിപ്പബ്ലിക് ദിന പരേഡിനായി ആയിരക്കണക്കിന് ആളുകളാണ് ഡൽഹിയിലെ രാജ്പഥിൽ ഒത്തുകൂടുന്നത്. ഇത് ഇന്ത്യൻ സംസ്കാരത്തിൻ്റെയും, സൈനിക ശക്തിയുടെയും, ഐക്യത്തിൻ്റെയും ഒത്തുചേരൽ കൂടിയാണ്. പരേഡിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കർത്തവ്യപഥിൽ സൈനികശക്തിയുടെ കരുത്തറിയിക്കാൻ സജ്ജമായി കഴിഞ്ഞു. ഇക്കുറി പരേഡിന് ഇന്തോന്യേഷൻ കരസേനയും അണിനിരക്കുമെന്നതാണ് ശ്രദ്ധേയം.
ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം ആർപ്പിക്കുന്നതോടെ ചടങ്ങുകൾ തുടങ്ങും. രാവിലെ 10.30 ന് രാഷ്ട്രപതി കർത്തവ്യപഥിൽ എത്തുന്നതോടെ പരേഡിന് തുടക്കമാകും. ഇക്കുറി 352 പേരടങ്ങുന്ന ഇന്തോനേഷ്യൻ കരസേനയിലെ സൈനികരും പരേഡിൽ പങ്കെടുക്കും. ഇന്ത്യൻ കരസേന തദ്ദേശീമായി നിർമ്മിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിനായി സജ്ജമാണ്. വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങൾ ആകാശത്ത് ഇന്ന് വർണ്ണകാഴ്ച്ച ഒരുക്കും. നാവികസേനയുടെയും വിവിധ അർധസൈനിക വിഭാഗങ്ങളുടെ പരേഡ് സംഘവും 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരക്കും. ഒപ്പം 5000 കലാകാരന്മാരും കർത്തവ്യപഥിൽ കലാവിരുന്നിന്റെ ഭാഗമാകും. റിപ്പബ്ലിക് ദിനാഘോഷപരിപാടികൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം കനത്തസുരക്ഷയിലാണ്. വിവിധ നഗരങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
എല്ലാ വായനക്കാർക്കും റിപ്പബ്ലിക്ക് ദിനാശംസകൾ