ന്യൂ ഡൽഹി: പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത് നടത്തിയ തിരിച്ചടിക്ക് പിന്നാലെ അതീവ ജാഗ്രതയിൽ രാജ്യം. അതിർത്തിയോട് ചേർന്നുള്ള അഞ്ച് വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധർമശാല എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. നിയന്ത്രണരേഖയിൽ ശക്തമായ ഏറ്റുമുട്ടൽ നടക്കുകയാണ്. ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിലെ പാക് ഷെല്ലിങ്ങിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. സാധാരണ പൗരന്മാരാണ് കൊല്ലപ്പെട്ടത്. പാക് ഷെല്ലാക്രമണത്തിൽ വീടുകൾ തകരുകയും തീ പിടിക്കുകയും ചെയ്തു. ഉറിയടക്കമുള്ള അതിർത്തി പ്രദേശങ്ങളിൽ ആളുകളെ ബങ്കറുകളിലേക്ക് മാറ്റി.
അതിർത്തിയിൽ പാക്കിസ്ഥാന്റെ ഷെല്ലിങ് തുടരുകയാണ്. തിരിച്ചടിക്കുമെന്നാണ് പാക്കിസ്ഥാന്റെ പ്രതികരണം. ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് പാകിസ്ഥാൻ സൈന്യം വിശദീകരിച്ചു. വാർത്താസമ്മേളനത്തിലാണ് പാക് സൈന്യത്തിൻ്റെ വിശദീകരണം. അർദ്ധരാത്രിക്ക് ശേഷമാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും എട്ടു പേർ കൊല്ലപ്പെട്ടുവെന്നും പാക് ലെഫ്. ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
പഹൽഗാമിലെ ആക്രമണത്തിന് മറുപടിയായി ഇന്ത്യ തിരിച്ചടിച്ചത് സംയുക്ത സൈനിക ഓപ്പറേഷനിലൂടെയാണ്. കര-വ്യോമ-നാവിക സേനകൾ സംയുക്തമായാണ് ഓപ്പറേഷൻ സിന്ദൂർ സംഘടിപ്പിച്ചത്. ഒന്‍പത് തീവ്രവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇന്ത്യൻ സൈന്യത്തിന്റെ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ‘കൃത്യമായ രീതിയില്‍ ഉചിതമായി പ്രതികരിക്കുന്നു’ എന്നാണ് ആക്രമണത്തെ സൈന്യം വിശേഷിപ്പിച്ചത്. പഹൽഗാമിന് തിരിച്ചടി നൽകും മുന്നെ നിരവധി തന്ത്രപ്രധാന യോഗങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സമീപ ദിവസങ്ങളിലായി നടന്നത്. ഓപ്പറേഷൻ സിന്ദൂറിന് മണിക്കൂറുകൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും തിങ്കളാഴ്ച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങുമായും കൂടിക്കാഴ്ച നടത്തി. കൂടാതെ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്ങ്, കരസേന, നാവികസേന, വ്യോമസേന മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു
ബുധനാഴ്ച പുലര്‍ച്ചെ 1.44 നായിരുന്നു പാക്കിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യയുടെ തിരിച്ചടി. പുലര്‍ച്ചെ 1.24ന് വ്യക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയശേഷമായിരുന്നു പാക്കിസ്ഥാനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുുള്ള ഇന്ത്യ ആക്രമണം അഴിച്ചുവിട്ടത്. ‘ആക്രമണത്തിന് സജ്ജം, ജയിക്കാനായി പരിശീലിപ്പിക്കപ്പെട്ടവർ‘ എന്ന കുറിപ്പോടെ ഇന്ത്യയുടെ ടാങ്കുകളും തോക്കുകളും മിസൈൽ വാഹിനികളും തീതുപ്പുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ഇന്ത്യൻ കരസേന പുലർച്ചെ 1.28-ന് എക്സിൽ പോസ്റ്റിട്ടിരുന്നു. കരസേന എ.ഡി.ജി.പിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ നിന്നായിരുന്നു ഈ പോസ്റ്റ്. ഇതിനുശേഷം കൃത്യം പതിനാല് മിനിറ്റ് കഴിഞ്ഞായിരുന്നു പാക്കിസ്ഥാനിലെ ഒൻപത് ഭീകരകേന്ദ്രങ്ങൾ തകർത്തുകൊണ്ടുള്ള ഇന്ത്യയുടെ ആക്രമണം.
പ്രധാനമന്ത്രി പ്രതിരോധ മന്ത്രിയും സൈനിക മേധാവിമാരുമായും സംസാരിച്ചു. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കി. ഇന്ത്യ-പാക്കിസ്ഥാൻ സാഹചര്യം കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ. സമാധാനപരമായി ഇതവസാനിക്കണമെന്ന് പ്രതീക്ഷിക്കുന്നതായും മാർക്കോ റൂബിയോ പറഞ്ഞു. ഇരു രാജ്യങ്ങളുമായും ബന്ധപ്പെടുന്നുണ്ടെന്ന് അമേരിക്ക അറിയിച്ചു.
ഓപ്പറേഷന് സിന്ദൂര്‍: പാക്കിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ



