ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്കി ഇന്ത്യ. ഓപ്പറേഷന് സിന്ദൂര്‍ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീര്‍ അടക്കമുള്ള പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. ഇതുവരെ നിയന്ത്രണ രേഖയ്ക്ക് അപ്പുറം കടന്ന് ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് വിരുദ്ധമായി പാക്കിസ്ഥാൻ്റെ രാജ്യ പരിധിക്കുള്ളിലുള്ള ഭീകര കേന്ദ്രങ്ങളിൽ അടക്കമാണ് ഇന്ത്യൻ സേന ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.
മുസഫറാബാദിലെ രണ്ടു കേന്ദ്രങ്ങൾ കൂടാതെ ബഹാവല്‍പുര്‍, കോട്ട്ലി, ഛാക് അമ്രു, ഗുല്‍പുര്‍, ബിംബർ, മുരിദ്കെ, സിയാല്‍കോട്ട് എന്നിവിടങ്ങളിൽ ആണ് ഇന്ത്യൻ സേന ആക്രമണം നടത്തിയത്. ഒമ്പത് ആക്രണങ്ങളും വിജയകരമെന്നാണ് സൈനിക കേന്ദ്രങ്ങൾ അറിയിക്കുന്നത്. ലഷ്കറെ തയിബയുടെ ആസ്ഥാനമാണ് മുരിദ്കെ. പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹാവല്‍പുര്‍.
സൈന്യത്തിൻ്റെ ആക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദി തൽസമയം നിരീക്ഷിച്ചു. ആക്രമണത്തിന് യുകെ-ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ ഉപയോഗിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേവിയും ആർമിയും എയർ ഫോഴ്സും സംയുക്തമായാണ് ആക്രമണം നടത്തിയതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളൊന്നും തങ്ങൾ ലക്ഷ്യംവച്ചില്ലെന്നും വിഷയത്തിൽ കൂടുതൽ ആക്രമണപദ്ധതി നിലവിലില്ലെന്നും കേന്ദ്ര സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യയുടെ നീക്കം ‘യുഎൻ ചാർട്ടറിന്റെ നഗ്നമായ ലംഘനമെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചു. ക്രൂയിസ് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തി. രക്തസാക്ഷികളുടെ രക്തത്തിന് കണക്ക് പറയിപ്പിക്കുമെന്ന് പാക്കിസ്ഥാൻ മന്ത്രി തരാർ പറഞ്ഞു. സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് പാക്കിസ്ഥാൻ ഉപ പ്രധാനമന്ത്രി പറഞ്ഞു.



