ടെൽ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത് ഇസ്രായേൽ സന്ദർശനത്തിൽ വമ്പൻ പ്രഖ്യാപനങ്ങൾ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഒന്നിച്ചുള്ള വാർത്താ സമ്മേളനത്തിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് ഇരു നേതാക്കളും നടത്തിയത്. ഇസ്രയേലിൽ യുപിഐ ഉപയോഗിക്കുന്നതടക്കം 27 സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്നൊവേഷൻ, സാംസ്ക്‌കാരിക വിനിമയം, നിർമാണം, നിർമ്മിത ബുദ്ധി തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം ശക്തമാക്കും.
ഇസ്രയേലിൽ യുപിഐ (യുണൈറ്റഡ് പേയ്മെൻ്റ് ഇൻ്റർഫേസ്) ഉപയോഗിക്കുന്നതിനായി ഒരു കരാറുണ്ടാക്കിയതിൽ താൻ സന്തോഷവാനാണ്. പ്രതിരോധ മേഖലയിൽ തങ്ങൾക്ക് ദശാബ്ദങ്ങളായി വിശ്വസനീയമായ സഹകരണമുണ്ട്. കഴിഞ്ഞ വർഷം ഒപ്പുവെച്ച ധാരണ ഇതിന് പുതിയ മാനങ്ങൾ നൽകും. സംയുക്ത വികസനം, സംയുക്ത ഉൽപാദനം, സാങ്കേതിക വിദ്യ കൈമാറ്റം എന്നിവയിലേക്ക് നീങ്ങുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ ഉടൻ തന്നെ പരസ്‌പരം പ്രയോജനകരമായ ഒരു സ്വതന്ത്ര വ്യാപാര കരാർ സാധ്യമാക്കുമെന്നും സാങ്കേതിക വിദ്യ, ഇന്നൊവേഷൻ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിന് ‘ക്രിട്ടിക്കൽ ആൻഡ് എമർജിങ് ടെക്നോളജി പാർട്‌ണർഷിപ്പ്‘ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡിജിറ്റൽ ഹെൽത്ത് രംഗത്തെ അനുഭവങ്ങൾ പങ്കുവെക്കുന്നതിലൂടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് നരേന്ദ്ര മോദി സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആധുനിക കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘വില്ലേജസ് ഓഫ് എക്സലൻസ്’ പദ്ധതി വ്യാപിപ്പിക്കും. ഇരുരാജ്യങ്ങളിലെയും മന്ത്രിമാർ പങ്കെടുക്കുന്ന ഗവൺമെന്റ്-ടു-ഗവൺമെന്റ് മീറ്റിംഗ് ഇന്ത്യയിൽ വെച്ച് നടത്താനും തീരുമാനിച്ചു.
ലോകത്ത് ഭീകരതയ്ക്ക് യാതൊരു സ്ഥാനവുമില്ല എന്ന് ഇന്ത്യയും ഇസ്രയേലും വ്യക്തമാക്കി കഴിഞ്ഞു. ഏതെങ്കിലും രൂപത്തിലോ രീതിയിലോ ഉള്ള ഭീകരവാദം അംഗീകരിക്കാനാവില്ല. ഭീകര വാദത്തെയും അതിനെ പിന്തുണയ്ക്കുന്നവരെയും എതിർക്കുന്നതിൽ തങ്ങൾ തോളോടുതോൾ ചേർന്ന് നിന്നു. ഇനിയും അങ്ങനെ ചെയ്യും. പശ്ചിമേഷ്യയിലെ സമാധാനവും സ്ഥിരതയും ഇന്ത്യയുടെ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുമെന്നും മോദി വ്യക്തമാക്കി. ഇന്ത്യ എപ്പോഴും യുദ്ധത്തേക്കാൾ സമാധാനത്തിന് മുൻഗണന നൽകുന്നുവെന്നും ഗാസ സമാധാന പദ്ധതിയെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇസ്രയേൽ മുന്നോട്ടു വച്ച സുരക്ഷ സഖ്യത്തിൽ ചേരുന്നതിനെക്കുറിച്ച് പ്രഖ്യാപനമുണ്ടായില്ല.
ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ് ഇടനാഴി, ഇന്ത്യ ഇസ്രയേൽ യുഎഇ യുഎസ് കൂട്ടായ്മ എന്നിവയുമായി മുന്നോട്ടു പോകും. ജൂത വംശഹത്യയുടെ സ്മാരകമായ യാദ് വെഷമിൽ രണ്ടു നേതാക്കളും ഒന്നിച്ചു സന്ദർശനം നടത്തി.
മോദിയുടെ സന്ദർശനം ഹ്രസ്വമായിരുന്നെങ്കിലും അതിശയകരവും ആഴത്തിലുള്ള വൈകാരികത നിറഞ്ഞതുമായിരുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭിപ്രായപ്പെട്ടു. ഇസ്രായേലി പാർലമെന്റിൽ ബുധനാഴ്‌ച മോദി നടത്തിയ പ്രസംഗം അദ്ദേഹം പ്രത്യേകം ഓർമിപ്പിച്ചു. ‘ഇന്നലെ പാർലമെൻ്റിലെ നിങ്ങളുടെ വൈകാരിക പ്രസംഗത്തിന് ശേഷം ഇസ്രയേലിൽ കണ്ണുനീർ പൊടിക്കാത്ത ഒരാളും ഉണ്ടായിരുന്നില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്’- നെതന്യാഹു പറഞ്ഞു.
ഇസ്രായേൽ പാർലമെന്‍റായ നെസെറ്റിന്റെ (Knesset) സ്പീക്കർ മെഡൽ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു. ഇതാദ്യമായാണ് പാർലമെൻറ് ഒരു വിദേശ നേതാവിന് ഈ മെഡൽ നല്കുന്നത്. ഈ പുരസ്കാരം 140 കോടി ഇന്ത്യക്കാർക്കും ഇന്ത്യ-ഇസ്രായേൽ സൗഹൃദത്തിനുമായി സമർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒൻപത് വർഷങ്ങൾക്ക് ശേഷമുള്ള തന്റെ സന്ദർശനം അഭിമാനകരമായ നിമിഷമാണെന്നും മോദി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഭരണസംവിധാനം അതീവ കാര്യക്ഷമമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള മാനസികവും ഹൃദയപരവുമായ ബന്ധം വരും വർഷങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുമെന്നും ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.
ഇസ്രയേലിലെ ദ്വിദിന സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. ഇസ്രയേലിലെ ബെൻ-ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പ്രധാനമന്ത്രി മോദി യാത്ര തിരിച്ചത്. ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറാ നെതന്യാഹുവും ചേർന്ന് അദ്ദേഹത്തിന് യാത്രയയപ്പ് നൽകി.


