Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » സ്മരണാഞ്ജലി…. വാണി ജയറാം
സ്മരണാഞ്ജലി.... വാണി ജയറാം

സ്മരണാഞ്ജലി…. വാണി ജയറാം

30 November 1945 - 4 February 2023

by Editor

ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയായിരുന്ന വാണി ജയറാം ഓർമ്മയായിട്ട് ഇന്ന് രണ്ടാണ്ട്. മലയാളം, തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടി. സംഗീതത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2023 ഫെബ്രുവരി  നാലാം തീയതി അന്തരിച്ചു  2017-ൽ പ്രദർശനത്തിനെത്തിയ പുലിമുരുകൻ എന്ന ചലച്ചിത്രത്തിലെ ‘മാനത്തെ മാരിക്കുറുമ്പേ…’ എന്ന ഗാനം ആണ് വാണി ജയറാം അവസാനമായി ആലപിച്ചത്.

ദുരൈസ്വാമിയുടേയും പത്മാവതിയുടേയും മകളായി 1945 നവംബർ 30-ന് തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ചു. കലൈവാണി എന്നതാണ് ശരിയായ പേര്. അച്ഛൻ അക്കൗണ്ടന്റായിരുന്നു. ഒമ്പത് മക്കളിൽ അഞ്ചാമത്തെ പെൺകുട്ടിയായിരുന്നു വാണി. സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് വാണി ജയറാം സംഗീതം പഠിച്ചത്. നാലാംക്ലാസുവരെ വെല്ലൂരിലാണ് പഠിച്ചത്. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. ചെന്നൈയിൽ വന്നശേഷം കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു. ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിച്ചത് ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനാണ്. മദ്രാസിലെ ക്വീൻ മേരി കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബി.എ. ബിരുദം നേടി പഠനം പൂർത്തിയാക്കി. അവിടെ വച്ച് പാട്ടിനും ഡിബേറ്റ്സിനും നാടകത്തിനും ചിത്രരചനയ്ക്കുമെല്ലാം വാണി മത്സരിക്കുമായിരുന്നു. ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ ഡിബേറ്റിന് വാണിയുടെ ടീമിനായിരുന്നു ഫസ്റ്റ് പ്രൈസ്. ടീമിലെ ഏക പെൺകുട്ടി വാണി ആയിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം ബാങ്ക് ഉദ്യോഗസ്ഥയായി ജോലി നോക്കി.

പഠിക്കുന്ന കാലത്തേ വാണി ചെന്നൈയിൽ കച്ചേരികൾ ചെയ്യുമായിരുന്നു. ഡിഗ്രി കഴിഞ്ഞശേഷം എസ്.ബി.ടി യിൽ ജോലി കിട്ടി. സെക്കന്തരാബാദിലായിരുന്നു പോസ്റ്റിങ്. അപ്പോൾ കുടുംബസമേതം അങ്ങോട്ട് അവർ ഷിഫ്റ്റ് ചെയ്തു. അവിടെവെച്ചായിരുന്നു വാണിയുടെ വിവാഹം. ഇൻഡോ ബെൽജിയം ചേംബർ ഓഫ് കൊമേഴ്സിൽ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു ഭർത്താവ് ജയറാം. വിവാഹം കഴിഞ്ഞ് അവർ ബോംബെയിലേക്ക് പോയി. ജയറാം ഉസ്താദ് അബ്ദുൾറഹ്‌മാൻ ഖാൻ സാഹിബിനെ വാണിയുടെ ഗുരുവാക്കി. ഉസ്താദിന്റെ മുന്നിൽവെച്ച് വാണി ഒരു ദീക്ഷിതർ കീർത്തനം പാടിയപ്പോൾ ‘നിങ്ങൾക്ക് ഡിഫറന്റായ ഒരു ശബ്ദമുണ്ട്, സംഗീതത്തിൽ കൂടുതൽ ശ്രദ്ധിക്കണം‘ എന്നുപറഞ്ഞു. വാണി എസ്.ബി.ടി.യിലെ ജോലി രാജിവെച്ച് ഉസ്താദ് അബ്ദുൾറഹ്‌മാൻ ഖാൻ സാഹിബിന്റെയടുത്ത് ഒരു കൊല്ലത്തോളം ഹിന്ദുസ്ഥാനി പഠിച്ചു. ഉസ്താദാണ് വസന്ത് ദേശായിക്ക് വാണിയെ പരിചയപ്പെടുത്തുന്നത്. വസന്ത് ദേശായി വാണിയുടെ പാട്ടുകേട്ടിട്ട് ഡയറക്ടർ ഋഷികേശ് മുഖർജിയോട് പറയുകയായിരുന്നു. ജയ ഭാദുരിയുടെ (ജയാബച്ചൻ) ഫസ്റ്റ് ഫിലിമായിരുന്നു ഗുഡ്ഡി. 1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി‘ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാർഡുകൾ നേടി. ഗുഡ്ഡിയിലെ ‘ബോലേ രേ പപ്പി ഹരാ…‘ എന്ന പാട്ടിന് ഹിന്ദി ഫിലിമിലെ ഏറ്റവും മികച്ച രാഗാ ബേസ്ഡ് സോങ്ങിനുള്ള ‘താൻസൻ സമ്മാൻ’അവർക്ക് കിട്ടി.

വാണി എന്നാണ് അവരെ വീട്ടിൽ എല്ലാവരും വിളിച്ചിരുന്നത്. ഗുഡ്ഡിയിൽ പാടാൻ പോകുന്ന സമയത്ത് കലൈവാണി എന്ന പേര് ഒരു പ്രശ്‌നമാകും എന്ന് ആരൊക്കെയോ പറഞ്ഞു. അതുകൊണ്ട് ഭർത്താവ് ജയറാമിന്റെ പേരുകൂടി ചേർത്ത് വാണി ജയറാം എന്നാക്കി.

ചിത്രഗുപ്ത്, നൗഷാദ് തുടങ്ങിയ പ്രഗല്ഭരുടെ ഗാനങ്ങൾ പാടിയ അവർ ആശാ ഭോസ്‌ലെക്കൊപ്പം ‘പക്കീസ‘ എന്ന ചിത്രത്തിൽ ഡ്യുയറ്റ് പാടി. മദൻ മോഹൻ, ഒ.പി. നയ്യാർ, ആർ.ഡി ബർമൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, ജയ്‌ദേവ് തുടങ്ങിയവരുടെ സംഗീതത്തിനും ശബ്ദം നല്കി. മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം പാടിയ അവർ 1974-ൽ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും സജീവമായത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ പാടിയ അവർ എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്മാൻ എന്നിവരുടെയൊക്കെ ഈണത്തിന് ശബ്ദം നല്കി.

1973-ൽ ‘സ്വപ്നം‘ എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഈ ചിത്രത്തിലെ ‘സൗരയൂഥത്തിൽ വിടർന്നൊരു..’ എന്ന ഗാനം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നാണ്. ആഷാഢമാസം ആത്മാവിൻ മോക്ഷം… ഏതോ ജന്മ കല്പനയിൽ… സീമന്തരേഖയിൽ… നാദാപുരം പള്ളിയിലെ… തിരുവോണ പുലരിതൻ… പകൽ സ്വപ്നത്തിൻ പവനുരുക്കും… തുടങ്ങി ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ മലയാളികൾ നെഞ്ചേറ്റി.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം 2014-ൽ ‘ഓലേഞ്ഞാലിക്കുരുവി ഇളം കാറ്റിലാടി വരു നീ‘ എന്ന ഗാനമാലപിച്ച് മലയാളത്തിലേക്ക് മടങ്ങിയെത്തി. 19 ഭാഷകളിലായി ഏകദേശം പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചു. 1975, 1980, 1991 എന്നീ വർഷങ്ങളിൽ ദേശീയ പുരസ്കാരം നേടി.

  • 1975 -ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം – “ഏഴു സ്വരങ്ങൾ” (അപൂർവ്വരാഗങ്ങൾ)
  • 1980 -ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം – ശങ്കരാഭരണം
  • 1991 -ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം – സ്വാതികിരണം

മൂന്ന് ദേശീയ പുരസ്കാരം നേടിയ വാണിക്ക് ഒരു കേരള സംസ്ഥാന അവാർഡും ലഭിച്ചില്ലെന്നത് ഖേദകരമാണ്.
ആ സംഗീതജ്ഞയുടെ ഓർമ്മക്കുമുമ്പിൽ പ്രണാമം

പ്രസാദ് എണ്ണയ്ക്കാട്

Send your news and Advertisements

You may also like

error: Content is protected !!